ഫോണിലെ ചിത്രങ്ങളും വെള്ളവും തമ്മിലെന്ത് ബന്ധം? ജലക്ഷാമം പരിഹരിക്കാന്‍ പഴയ ഫോട്ടോകൾ ഡിലീറ്റ് ചെയ്യൂ എന്ന് പൗരന്‍മാരോട് യുകെ! കാരണമിത്

Published : Aug 17, 2025, 05:22 PM IST
Google Photos logo

Synopsis

നിങ്ങളുടെ പഴയ ഫോട്ടോകൾ ഡിലീറ്റ് ചെയ്‌താൽ ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം ലാഭിക്കാം, യുകെ സര്‍ക്കാര്‍ പൊതുജനങ്ങളോട് ഇങ്ങനെ പറയുന്നത് എന്തുകൊണ്ടായിരിക്കും…

ലണ്ടന്‍: വേനൽക്കാലത്ത് വെള്ളം ലാഭിക്കാൻ ആളുകൾ ടാപ്പുകൾ തുറക്കുന്നത് കുറയ്ക്കുകയും വാഹനങ്ങൾ കഴുകുന്നത് കുറയ്ക്കുന്നതുമൊക്കെ സാധാരണ കാര്യങ്ങളാണ്. എന്നാൽ വെള്ളം ലാഭിക്കാൻ വേണ്ടി നിങ്ങളുടെ ഒരു പഴയ ഡിജിറ്റൽ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യണോ? ഇത് വിചിത്രമായി തോന്നുന്നില്ലേ? എന്നാൽ ജലക്ഷാമം നേരിടാൻ ജനങ്ങൾക്ക് ഇത്തരത്തിൽ വ്യത്യസ്‍തമായ ഒരു നിർദ്ദേശം നൽകിയിരിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ. വെള്ളം ലാഭിക്കാൻ പഴയ ഡിജിറ്റൽ ഫോട്ടോകൾ ഇല്ലാതാക്കാനാണ് സർക്കാർ ഉപദേശം. ഇംഗ്ലണ്ടിലെ നിരവധി പ്രദേശങ്ങൾ നിലവിൽ കടുത്ത വരൾച്ചയിലാണ്. വർധിച്ചുവരുന്ന ജലപ്രതിസന്ധി പരിഹരിക്കാനുള്ള ഒരു ശ്രമത്തിന്‍റെ ഭാഗമായാണ് ജല സംരക്ഷണത്തിനായി പഴയ ഇമെയിലുകളും ഡിജിറ്റൽ ഫോട്ടോകളും ഇല്ലാതാക്കാൻ യുകെ സർക്കാർ പൗരന്മാരോട് അഭ്യർത്ഥിച്ചത്.

ഇംഗ്ലണ്ടിൽ വൻ വരൾച്ച

1976-ന് ശേഷമുള്ള ഏറ്റവും വലിയ വരൾച്ചയാണ് ഇംഗ്ലണ്ട് നേരിടുന്നത്. നിലവിലെ സാഹചര്യത്തിൽ ക്ഷാമം നേരിടാൻ എല്ലാവരും അവരവരുടെ പങ്ക് വഹിക്കാനും ജല പരിസ്ഥിതിക്ക് മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കാനും പരിസ്ഥിതി ഏജൻസിയുടെ ജല ഡയറക്‌ടര്‍ ഹെലൻ വേക്ഹാം ജനങ്ങളോട് അഭ്യർഥിച്ചു. വീട്ടിൽ വെള്ളം ലാഭിക്കുന്നതിനായി യുകെ സർക്കാർ ജനങ്ങൾക്ക് ഏഴ് ടിപ്‍സുകൾ നൽകിയിട്ടുണ്ട്. അവയിൽ മഴവെള്ളം ശേഖരിക്കുക, ചോർന്നൊലിക്കുന്ന ടോയ്‌ലറ്റുകൾ നന്നാക്കുക, ഷവറുകളുടെ അളവ് കുറയ്ക്കുക, പുൽത്തകിടിയിലെ വെള്ളം നനയ്ക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഉൾപ്പെടുന്നു. ഈ നിർദ്ദേശങ്ങൾക്കൊപ്പമാണ് പഴയ ഇമെയിലുകളും ചിത്രങ്ങളും ഇല്ലാതാക്കുക എന്ന വ്യത്യസ്‍തമായ നിർദ്ദേശവും നൽകിയിരിക്കുന്നത്. ഡാറ്റാ സെന്‍ററുകളുടെ സിസ്റ്റങ്ങൾ തണുപ്പിക്കാൻ വലിയ അളവിൽ വെള്ളം ആവശ്യമായതിനാലാണ് ഇത്തരമൊരു നിർദ്ദേശം എന്നാണ് സർക്കാർ പറയുന്നത്.

ഡാറ്റാ സെന്‍ററുകളുടെ ജല ഉപഭോഗം

ആദ്യം ഇതൊരു തമാശയായി തോന്നാം. പക്ഷേ നമ്മുടെ ഡിജിറ്റൽ ജീവിതശൈലിയും ജല ഉപഭോഗവും തമ്മിൽ നേരിട്ടല്ലെങ്കിലും ചില ബന്ധങ്ങൾ ഉണ്ട്. നമ്മുടെ ഫോട്ടോകൾ, വീഡിയോകൾ, ഇമെയിലുകൾ, ഇതെല്ലാം ഏതെങ്കിലും ഡാറ്റാ സെന്‍ററുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ ഡാറ്റാ സെന്‍ററുകൾ വലിയ സെർവറുകളാൽ നിറഞ്ഞിരിക്കുന്നു. അവ നിരന്തരം ചൂടാകുന്നു. അവയെ തണുപ്പിക്കാൻ, വെള്ളമോ വൈദ്യുതിയോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കൂളിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനമനുസരിച്ച്, വെറും ഒരുമെഗാവാട്ട് ശേഷിയുള്ള ഒരു ചെറിയ ഡാറ്റാ സെന്റർ തണുപ്പിക്കുന്നതിനായി പ്രതിവർഷം ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഉപയോഗിക്കേണ്ടിവരും എന്നാണ്. സ്ഥലവും സാങ്കേതികവിദ്യയും അനുസരിച്ച് ഈ കണക്ക് വ്യത്യാസപ്പെടാം. ഏകദേശം 1,000 വീടുകൾക്ക് വൈദ്യുതി നൽകാൻ പര്യാപ്‌തമായ താരതമ്യേന ചെറിയ 1 മെഗാവാട്ട് ഡാറ്റാ സെന്‍ററിന് പരമ്പരാഗത തണുപ്പിക്കൽ സംവിധാനങ്ങൾക്കായി പ്രതിവർഷം 26 ദശലക്ഷം ലിറ്റർ വെള്ളം വേണ്ടിവരുമെന്നും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിംഗ് ആൻഡ് സയൻസ് വകുപ്പിന്റെ കണക്കുകൾ പറയുന്നു.

കുടിവെള്ളം ഒഴിവാക്കി തണുപ്പിക്കാൻ പുതിയ വഴികൾ

ഈ ആശങ്കകൾ പരിഹരിക്കുന്നതിനായി ചില ടെക് കമ്പനികൾ കൂടുതൽ സാങ്കേതികവിദ്യകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കുടിവെള്ളത്തിന്മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിന് ചില ഡാറ്റാ സെന്‍ററുകൾ ഇപ്പോൾ പുനരുപയോഗം ചെയ്യുന്ന വെള്ളം ഉപയോഗിക്കുന്നു. അതേസമയം, ചില കമ്പനികൾ എയർ-കൂളിംഗ് അല്ലെങ്കിൽ ബാഷ്‌പീകരണ കൂളിംഗ് സാങ്കേതികവിദ്യ സ്വീകരിക്കുന്നു. വൻകിട ടെക് കമ്പനികൾ ജല ഉപഭോഗം കുറയ്ക്കുന്നതിനായി നൂതനാശയങ്ങൾ കണ്ടെത്തുന്നു. യുഎസിലെ ജോർജിയയിലെ ഡഗ്ലസ് കൗണ്ടിയിൽ, പുനരുപയോഗിച്ച മലിനജലം ഉപയോഗിച്ച് ഗൂഗിൾ അവരുടെ ഡാറ്റാ സെന്‍റർ തണുപ്പിക്കുന്നത് പരീക്ഷിച്ചു. 2030 ആകുമ്പോഴേക്കും വാട്ടർ പോസിറ്റീവ് ആകുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. വെള്ളം ലാഭിക്കുന്നതിനായി മൈക്രോസോഫ്റ്റ് ഒരു അണ്ടർവാട്ടർ ഡാറ്റാ സെന്‍ററും പരീക്ഷിച്ചു. അവിടെ തണുത്ത കടൽ വെള്ളം സെർവറുകളെ തണുപ്പിക്കാൻ സഹായിക്കുന്നു. പരമ്പരാഗത കൂളിംഗുമായി താരതമ്യപ്പെടുത്തുമ്പോൾ ജല ഉപയോഗം കുറയ്ക്കുന്നതിന് മെംബ്രൻ വേർതിരിക്കൽ പ്രക്രിയ ഉപയോഗിക്കുന്ന സ്റ്റേറ്റ്പോയിന്‍റ് ലിക്വിഡ് കൂളിംഗ് ( SPLC ) സിസ്റ്റം മെറ്റാ നടപ്പിലാക്കിയിട്ടുണ്ട് . ടൊറന്‍റോയിൽ, ബാഷ്പീകരണ കൂളിംഗ് ടവറുകളെ ആശ്രയിക്കാതെ സെർവറുകളെ തണുപ്പിക്കാൻ ഒന്‍റാറിയോ തടാകത്തിന്‍റെ അടിത്തട്ടിൽ നിന്ന് തണുത്ത വെള്ളം വലിച്ചെടുക്കുന്ന ഒരു ഡീപ് ലേക്ക് വാട്ടർ കൂളിംഗ് (DLWC) സംവിധാനമാണ് ഇക്വിനിക്‌സ് ഉപയോഗിക്കുന്നത്. അതേസമയം എഐ, മെഷീൻ ലേണിംഗ് എന്നിവയ്ക്കുള്ള ആവശ്യകത വർദ്ധിക്കുന്നതിനനുസരിച്ച്, ഡാറ്റ പ്രോസസ്സിംഗിന്‍റെ ആവശ്യകതയും അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയിൽ വൈദ്യുതിയുടെയും വെള്ളത്തിന്‍റെയും ഉപഭോഗം കൂടുതൽ വർധിച്ചേക്കാം എന്നാണ് ഇതിനർത്ഥം.

ഫോട്ടോകൾ ഡെലീറ്റ് ചെയ്‌താല്‍ ജലക്ഷാമം കുറയുമോ?

ഇനി നിങ്ങളുടെ പഴയ ഫോട്ടോകൾ ഡെലീറ്റ് ചെയ്യുന്നത് വെള്ളം ലാഭിക്കുമോ എന്ന ലളിതമായ ചോദ്യത്തിലേക്ക് വരാം. ഒരു ശരാശരി ഉപയോക്താവ് കുറച്ച് പഴയ ഫോട്ടോകളോ ഇമെയിലുകളോ ഡെലീറ്റ് ചെയ്‌താൽ അത് ജല ലാഭത്തിൽ ഉടനടി ഒരു സ്വാധീനവും ചെലുത്തില്ല. എന്നാൽ വലിയ തോതിൽ, കോടിക്കണക്കിന് ജിഗാബൈറ്റ് ഡാറ്റ കുറയുകയാണെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിൽ ഡാറ്റാ സെന്‍റർ ശേഷി വർധിപ്പിക്കേണ്ടതിന്‍റെയും പുതിയ കൂളിംഗ് സജ്ജീകരണങ്ങളുടെയും ആവശ്യകത കുറയും.

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

Read more Articles on
click me!

Recommended Stories

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയെന്ന് വൈറല്‍ വീഡിയോ; സംഭവത്തിന്‍റെ സത്യം പുറത്ത്- Fact Check
ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check