പാകിസ്ഥാന്‍ പാര്‍ലമെന്‍റിലെ കസേരകളും ആളുകളെയും മറിച്ചിട്ട് കഴുത പാഞ്ഞുകയറുന്നതായുള്ള വീഡിയോ എഐ-നിര്‍മ്മിതം. വീഡിയോയുടെ വസ്‌തുത ഫാക്ട്‌ ചെക്കിലൂടെ പുറത്ത്. 

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയെന്ന അവകാശവാദത്തോടെ ഒരു വീഡിയോ എക്‌സും പേസ്ബുക്കും ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുറച്ച് ദിവസങ്ങളായി വൈറലാണ്. പാര്‍ലമെന്‍റ് ഹാള്‍ എന്നൊക്കെ തോന്നുന്ന ഒരിടത്തേക്ക് ഒരു കഴുത ഇരച്ചുകയറുന്നതും ആളുകളെയും കസേരകളെയും മറിച്ചിടുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. എന്താണ് ഈ ദൃശ്യങ്ങളുടെ വസ്‌തുത? വിശദമായി പരിശോധിക്കാം.

പ്രചാരണം

കഴുത പാകിസ്ഥാന്‍ പാര്‍ലമെന്‍റിനുള്ളില്‍ പ്രവേശിച്ചു എന്ന തരത്തിലുള്ള കുറിപ്പുകളോടെയാണ് വീഡിയോ വിവിധ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഒരു കഴുത ആളുകള്‍ക്ക് സമീപത്തേക്ക് ഓടിക്കയറിവരുന്നതാണ് ദൃശ്യങ്ങളില്‍. ഈ കഴുത അവിടെയുരുന്ന ഒരാളെ മറിച്ചിടുന്നുമുണ്ട്. കസേരകളും പേപ്പറുകളും പറന്നുപോകുന്നതും വീഡിയോയില്‍ കാണാം. അവിടെയുള്ളവര്‍ ഈ കാഴ്‌ച കണ്ട് അട്ടഹസിച്ച് ചിരിക്കുന്നുമുണ്ട്. പ്രചാരണത്തിന് തെളിവായി വൈറല്‍ വീഡിയോയും സ്‌ക്രീന്‍ഷോട്ടും ചുവടെ ചേര്‍ക്കുന്നു.

വസ്‌തുതാ പരിശോധന

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയ ഒരു സംഭവം അടുത്തിടെയുണ്ടായിരുന്നോ എന്നറിയാന്‍ ആദ്യം കീവേഡ് പരിശോധന നടത്തി. എന്നാല്‍ ആധികാരികമായ വാര്‍ത്തകളൊന്നും ഈ പരിശോധനയില്‍ കണ്ടെത്താനായില്ല. ഇതോടെ ഈ വീഡിയോയുടെ ആധികാരികത സംശയത്തിലായി. വീഡിയോയില്‍ നിരവധി അസ്വാഭാവികതകളുള്ളത് സംശയത്തിന് ബലംകൂട്ടി. കഴുതയുടെ ഓട്ടത്തില്‍ അസ്വാഭാവികതകള്‍ കാണാം. കഴുതയുടെ നിഴല്‍ നിലത്ത് പതിക്കുന്നുമില്ല. വീഡിയോയുടെ തുടര്‍ച്ചയും സംശയം ജനിപ്പിക്കുന്നതാണ്. ഇതെല്ലാം ഈ ദൃശ്യം എഐ നിര്‍മ്മിതമാണെന്ന സൂചന നല്‍കുന്നതാണ്.

ഈ വീഡിയോ എഐ സൃഷ്‌ടിയാണോയെന്ന് ഉറപ്പിക്കാന്‍ എഐ ഡിറ്റക്ഷന്‍ ടൂളുകളുടെ സഹായത്തോടെ പരിശോധിച്ചു. ഹൈവ് മോഡറേഷനും ഡീപ്‌ഫേക്ക്-ഒ-മീറ്ററും പോലുള്ള എഐ ഡിറ്റക്ഷന്‍ ടൂളുകള്‍ വ്യക്തമാക്കിയത് ഇതൊരു എഐ വീഡിയോയാണ് എന്നുതന്നെയാണ്. മാത്രമല്ല, എഐ-ജനറേറ്റഡ് വീഡിയോയാണിത് എന്ന് ഒരു ടിക്‌ടോക് അക്കൗണ്ടില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഇതെല്ലാം ഈ വീഡിയോയുടെ വസ്‌തുത വ്യക്തമാക്കുന്നു.

നിഗമനം

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത പ്രവേശിക്കുന്നതായുള്ള വീഡിയോ എഐ നിര്‍മ്മിതമാണെന്നാണ് ഇതുവരെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാവുന്നത്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്