
മുംബൈ: നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ പുതിയ റൊമാന്റിക് കോമഡി ദി റോയൽസ് കഴിഞ്ഞ ആഴ്ച എട്ട് എപ്പിസോഡുകളോടെയാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ആഢംബരത്തിന്‍റെ കാഴ്ചകള്‍ സമ്മാനിക്കുന്ന ദൃശ്യങ്ങളും സെറ്റുകളും കോസ്റ്റ്യും എല്ലാം ചേര്‍ന്ന ചിത്രം എന്നാല്‍ കഥയ്ക്ക് വേണ്ടത്ര പ്രധാന്യം നല്‍കിയില്ലെന്നാണ് കാഴ്ചക്കാരും നിരൂപകരും പറയുന്നത്. പ്രധാന അഭിനേതാക്കളുടെ കെമിസ്ട്രി ഇല്ലെന്നും ചിലർ പറഞ്ഞു.
ദി റോയൽസിന്റെ സംവിധായിക പ്രിയങ്ക ഘോഷ് ഇപ്പോൾ ഷോയ്ക്ക് ലഭിക്കുന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ്. നായകന്‍ ഇഷാന്‍റെയും നായിക ഭൂമിയുടെയും കെമിസ്ട്രി. ഇഷാന്റെ ഷർട്ട്‌ലെസ് രംഗങ്ങൾ, സീനത്ത് അമന്റെ അതിഥി വേഷം ഇങ്ങനെ വിമര്‍ശനങ്ങള്‍ക്ക് എല്ലാം സംവിധായിക മറുപടി പറയുകയാണ്.
വിമര്‍ശനങ്ങളോട് പ്രതികരിച്ച പ്രിയങ്ക ഘോഷ് ഇന്ത്യ ടുഡേയോട് പറഞ്ഞു “നെറ്റ്ഫ്ലിക്സ് നായികയായി ഭൂമിയെ കാസ്റ്റുചെയ്തത് തന്നെ ഒരു പുതിയ ജോഡി പരീക്ഷിക്കാം എന്ന ചിന്തയിലാണ്. അവർ രണ്ടുപേരും വളരെ ഗംഭീര അഭിനേതാക്കളാണ്, അവർ ഗ്ലാമറസ് വേഷങ്ങൾ അവതരിപ്പിക്കുന്നത് എങ്ങനെ എന്ന പരീക്ഷണമാണ് നടത്തിയത്. ഇത് ഇതുവരെയുള്ള അവരുടെ ചിത്രങ്ങള്‍ക്ക് വിരുദ്ധമായ ഒരു പരീക്ഷണമായിരുന്നു. ഇഷാന് ഒരു ഗ്ലാമറസ് മുഖ്യധാരാ നായക വേഷം ചെയ്യാൻ അവസരം ലഭിച്ചിട്ടില്ലെങ്കിലും, ഭൂമി എല്ലായ്പ്പോഴും ഇത്തരം വേഷങ്ങള്‍ ചെയ്തിട്ടില്ല"
"എന്നാല്‍ ചിലര്‍ അത് ഇഷ്ടമായില്ലെന്ന് മനസിലായി, അടുത്ത തവണ ഞാൻ ഇതിലും നന്നായി ശ്രമിക്കും. പക്ഷേ ഷോയും അവരുടെ കെമിസ്ട്രിയും ആസ്വദിച്ചവരുമുണ്ട്. എന്നാല്‍ പ്രതികരണങ്ങളില്‍ ഒരു ഭാഗത്തെ വീക്ഷണത്തിന് മാത്രം കൂടുതല്‍ പ്രധാന്യം കിട്ടുകയാണ്" എന്ന് പ്രിയങ്ക പറഞ്ഞു.
ഷോയിലെ ഇഷാന്‍റെ ഷർട്ട് ഇടാത്ത സീനുകളെക്കുറിച്ചും സംവിധായിക സംസാരിച്ചു. ആ രംഗങ്ങൾ യഥാർത്ഥ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നുവെന്നാണ് സംവിധായിക പറഞ്ഞത്. ആ രംഗങ്ങളില്‍ സ്വാഭാവികത തോന്നിയില്ല. അത് അധികമായും തോന്നിയില്ല. ഇഷാൻ ഉൾപ്പെടെയുള്ള ടീം അത് അമിതമാക്കാതിരിക്കാൻ ശ്രദ്ധിച്ചു. കഥാപാത്രത്തിനായി സ്റ്റൈലിഷ് വസ്ത്രങ്ങൾ തയ്യാറാക്കിയിരുന്നു, പക്ഷേ ഒടുവിൽ അവ വളരെ കുറച്ച് തവണ മാത്രമേ ഉപയോഗിച്ചുള്ളൂ എന്നതാണ് സത്യമെന്ന് സംവിധായിക പറയുന്നു.
സീനത്ത് അമന്റെ വേഷം എപ്പോഴും ഒരു പ്രത്യേക വേഷമാണെന്നും പ്രിയങ്ക അവകാശപ്പെട്ടു. “അത് ഒരിക്കലും ഒരു പൂർണ്ണ ട്രാക്ക് ആകാൻ ഉദ്ദേശിച്ചിരുന്നില്ല. ഇതിഹാസ സൂപ്പർസ്റ്റാറുകൾ അതിഥി വേഷങ്ങളിൽ എത്തുമ്പോഴെല്ലാം, അവരെ കൂടുതല്‍ കാണാന്‍ നാം ആഗ്രഹിക്കും. സീനത്ത് മാഡത്തിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. അത്രയും സീനുകൾ മാത്രമേ തിരക്കഥയിൽ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ."
മോർപൂർ എന്ന സാങ്കൽപ്പിക പട്ടണത്തിലാണ് ദ റോയല്‍സ് നടക്കുന്നത്, രാജകീയ ചുമതലകളിൽ താൽപ്പര്യമില്ലാത്ത ഫിസി (ഇഷാൻ ഖട്ടർ അവതരിപ്പിക്കുന്നത്) എന്നും അറിയപ്പെടുന്ന അവിരാജ് എന്ന യുവ രാജകുമാരന്റെ കഥയാണ് ഇത് പറയുന്നത്. എന്നാൽ പിതാവ് മരിച്ചതിനുശേഷം, കുടുംബം ഏതാണ്ട് തകരുമെന്ന അവസ്ഥയില്‍ മഹാരാജാവിന്‍റെ പദവി അയാള്‍ ഏറ്റെടുക്കുന്നു.
കൊട്ടാരത്തെ രക്ഷിക്കാൻ, രാജകുടുംബം ഒരു ആധുനിക സ്റ്റാർട്ടപ്പ് ആരംഭിക്കുന്നു. കൊട്ടാരത്തെ ഒരു ആഡംബര സംവിധാനമാക്കി മാറ്റാനുള്ളആശയമാണ് സിഇഒ സോഫിയയ്ക്ക് (ഭൂമി) ഉള്ളത്. ഫിസിയും സോഫിയയും ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങുന്നതോടെ കഥ മാറുന്നു. ഈ സീരിസില്‍ സാക്ഷി തൻവാർ, മിലിന്ദ് സോമൻ, നോറ ഫത്തേഹി, വിഹാൻ സമത്, ഡിനോ മോറിയ എന്നിവരും മറ്റ് പ്രധാന വേഷങ്ങളും അവതരിപ്പിക്കുന്നു.