സെയ്ഫ് അലി ഖാൻ ഉൾപ്പെട്ട 2012-ലെ ആക്രമണ കേസിൽ സാക്ഷി മലൈക അറോറ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്ന് കോടതി വീണ്ടും വാറണ്ട് പുറപ്പെടുവിച്ചു.

മുംബൈ: 2012-ൽ നടൻ സെയ്ഫ് അലി ഖാനും മറ്റുള്ളവരും ഉൾപ്പെട്ട ആക്രമണ കേസിൽ സാക്ഷിയായി തുടർച്ചയായി ഹാജരാകാത്തതിന് നടി മലൈക അറോറയ്‌ക്കെതിരെ മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച രണ്ടാം തവണയും വാറണ്ട് പുറപ്പെടുവിച്ചു. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സെയ്ഫ് അലി ഖാന്‍ അടക്കം കേസിലെ പ്രതികള്‍ എല്ലാം വക്കീല്‍ മുഖേന അവധി തേടിയിരുന്നു. ഇത് കോടതി അനുവദിച്ചിരുന്നു. 

മലൈക നേരത്തെയും കോടതിയില്‍ തുടര്‍ച്ചയായി ഹാജറാകാത്തതിനെ തുടര്‍ന്ന് കോടതി മാര്‍ച്ച് 15ന് 5,000 രൂപയുടെ ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിടുവിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ നടി ഹാജറാകുകയോ വാറണ്ട് കൈപ്പറ്റുകയോ ചെയ്യത്തതിനാല്‍ വീണ്ടും വാറണ്ട് ഇറക്കാന്‍ മജിസ്‌ട്രേറ്റ് കെ.എസ്. സൻവാർ ഉത്തരവിട്ടു. 

മാര്‍ച്ച് 15ന് മലൈകയുടെ സഹോദരിയും നടിയുമായ അമൃത അറോറയ്ക്കും മറ്റൊരു സുഹൃത്തായ ഫാറൂഖ് വാഡിയയ്ക്കും കോടതി 5,000 രൂപ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പുറപ്പെടുവിച്ചതിനുശേഷം, വാഡിയയും തുടർന്ന് അമൃത അറോറയും കോടതിയിൽ ഹാജരായിരുന്നു. എന്നാല്‍ മലൈക കോടതിയില്‍ എത്തിയില്ല. 

വറണ്ട് സംബന്ധിച്ച് ഈ മാസം അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2012 ഫെബ്രുവരി 22 ന് സെയ്ഫ് അലി ഖാന്‍, കരീന കപൂർ, കരിഷ്മ കപൂർ, മലൈക അറോറ, അമൃത അറോറ എന്നിവരും ഏതാനും സുഹൃത്തുക്കളും സൗത്ത് മുംബൈയിലെ ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാന്‍ എത്തിയ സമയത്ത് ഉണ്ടായ സംഘര്‍ഷമാണ് കേസിന് ആധാരം. 

അന്ന് അതേ ഭക്ഷണശാലയില്‍ ഉണ്ടായിരുന്ന ബിസിനസുകാരനായ ഇഖ്ബാൽ ശർമ്മയെ സെയ്ഫ് മുഖത്ത് ഇടിച്ചു എന്നതാണ് കേസ്. 

പോലീസ് പറയുന്നതനുസരിച്ച് ഇന്ത്യൻ വംശജനായ ദക്ഷിണാഫ്രിക്കൻ ബിസിനസുകാരനായ ശർമ്മ, ഖാന്റെ സംഘത്തിൽ നിന്നുള്ള ഉച്ചത്തിലുള്ള സംസാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇത് വാക് തര്‍ക്കത്തിലേക്ക് നയിച്ചു. തുടര്‍ന്ന് സെയ്ഫ് അലി ഖാൻ ശര്‍മ്മയുടെ മൂക്കിൽ ഇടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു.

നടനും സുഹൃത്തുക്കളും ചേർന്ന് തന്റെ ഭാര്യാപിതാവായ രാമൻ പട്ടേലിനെ ആക്രമിച്ചുവെന്നും ശര്‍മ്മ ആരോപിച്ചു. എന്നാല്‍ സെയ്ഫിന്‍റെ സംഘത്തിലെ സ്ത്രീകൾക്കെതിരെ ശർമ്മ പ്രകോപനപരവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിച്ചുവെന്നും ഇതാണ് സ്ഥിതി വഷളാക്കിയത് എന്നുമാണ് എതിര്‍ഭാഗം പറയുന്നത്.

സംഭവത്തെത്തുടർന്ന്, ഖാനും സുഹൃത്തുക്കളായ ഷക്കീൽ ലഡക്കും ബിലാൽ അമ്രോഹിയും അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 325 (ആക്രമണം) പ്രകാരം ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

'എനിക്കെതിരെ എടുത്തത് വ്യാജകേസ്': ജാമ്യപേക്ഷ നല്‍കി സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി

എന്തുകൊണ്ട് ആശുപത്രിയിലേക്ക് ഓട്ടോയില്‍ പോയി, 5 ദിവസത്തില്‍ സുഖപ്പെട്ടോ? : വിവാദങ്ങളില്‍ തുറന്ന് പറഞ്ഞ് സെയ്ഫ്