
ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവില്‍ ഗണ്യമായ കുറവുണ്ടാവുന്നതാണ് വിളര്‍ച്ച അഥവാ അനീമിയ എന്ന രോഗാവസ്ഥയ്ക്കിടയാക്കുന്നത്.
അനീമിയ ഏത് പ്രായക്കാര്‍ക്കും വരാം. അനീമിയ തന്നെ പല തരത്തിലുണ്ട്. അതില്‍ ഭക്ഷണത്തിലെ അയണിന്റെ കുറവ് മൂലമുണ്ടാകുന്നതാണ് അയണ്‍ ഡെഫിഷ്യന്‍സി അനീമിയ. ഇതാണ് മിക്കയാളുകളിലും കാണപ്പെടുന്നത്. തലകറക്കം, തലവേദന, അമിതമായ ക്ഷീണം, ഉന്മേഷക്കുറവ്, നടക്കുമ്പോള്‍ കിതപ്പ്, തളര്‍ച്ച, നെഞ്ചിടിപ്പ്, ശരീരം വിളറി വെളുത്തുവരിക, കൈകളും കാലുകളും തണുത്തിരിക്കുക തുടങ്ങിയവയാണ് അനീമിയ ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍.
വിളര്‍ച്ചയെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയേൺ ധാരാളം അടങ്ങിയ ചീര കഴിക്കുന്നത് വിളര്‍ച്ചയെ തടയാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
രണ്ട്...
ബീറ്റ്റൂട്ട് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. ഇരുമ്പ്, ഫോളിക്ക് ആസിഡ്, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവ ബീറ്റ്‌റൂട്ടില്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.
മൂന്ന്...
മുരങ്ങയിലയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
നാല്...
മാതളം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹീമോഗ്ലോബിന്‍റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളം. കാത്സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു.
അഞ്ച്...
ഈന്തപ്പഴം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയതിനാല്‍ ഇവ വിളർച്ചയെ തടയാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ജിഐ കുറഞ്ഞ ഈ ഭക്ഷണങ്ങൾ...