'ചുഞ്ചു നായർ'ക്ക് ശേഷം, 'മേനോൻ വരിക്ക'യെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

By Babu RamachandranFirst Published May 31, 2019, 1:15 PM IST
Highlights

മധ്യകേരളത്തിൽ കണ്ടുവരുന്ന ഒരിനം പ്ലാവാണ് 'മേനോൻ വരിക്ക'. 'ചക്ക വറ്റൽ' ഉണ്ടാക്കാൻ വേണ്ടിയാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്.

പ്രശസ്തരായ നിരവധി മേനോന്മാർ നമ്മുടെ ചരിത്രത്തിലുണ്ട്. ഇന്ത്യാ വിഭജനക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൽ മുഖ്യപങ്ക് വഹിച്ച ആളാണ്  വാപ്പാല പങ്കുണ്ണി മേനോൻ എന്ന വി പി മേനോൻ. ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്നു വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന വി കെ കൃഷ്ണ മേനോൻ. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവായിരുന്നു ചേലാട്ട് അച്യുതമേനോൻ എന്ന സി. അച്യുതമേനോൻ. മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു ബഹുമുഖ പ്രതിഭയായിരുന്നു ബാലചന്ദ്രമേനോൻ.  മലയാളിയുടെ മേനോൻ ലെഗസിയിലേക്ക് ഇതാ ഒരു 'മേനോൻ' കൂടി കടന്നു വരുന്നു, അതാണ്  'മേനോൻ വരിക്ക' . ഇത് ഒരിനം പ്ലാവാണ്. ഏതോ ഒരു നഴ്‌സറിയിലോ അതോ വിപണന മേളയിലോ മറ്റോ പ്രദർശിപ്പിച്ചിരിക്കുന്ന ഈ പ്ലാവിനത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പ്ലാവിന്റെ പേരിൽ ഉൾപ്പെട്ടിരിക്കുന്ന 'മേനോൻ' എന്ന ജാതിപ്പേരു തന്നെയാണ് ട്രോളുകൾക്ക് ഇന്ധനം പകർന്നുകൊണ്ടിരിക്കുന്നതെന്നു വ്യക്തം. 

ഓമനിച്ചു വളർത്തിയിരുന്ന കുറിഞ്ഞിപ്പൂച്ചയ്ക്ക് 'ചുഞ്ചു നായർ'  എന്ന് പേരിടുകയും, അത് മരിച്ചപ്പോൾ ഓർമ്മ ദിവസം പടം സഹിതം പത്രത്തിൽ ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തത് വൈറലായിരുന്നല്ലോ. മുംബൈയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രത്തിലാണ് നവി മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബം പരസ്യം നൽകിയത്.  പത്രപ്പരസ്യം നൽകിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വളരെയധികം ട്രോളുകൾ പിറന്നിരുന്നു. മരണത്തിലൂടെ അവിചാരിതമായി തങ്ങളെ വിട്ടുപിരിഞ്ഞ പൂച്ചക്കുറിഞ്ഞിയോടുള്ള തങ്ങളുടെ സ്നേഹത്തെ 'ജാതിസ്പിരിറ്റെ'ന്നു വ്യാഖ്യാനിച്ച് ട്രോൾ ചെയ്തവരോട് സങ്കടത്തോടെ പ്രതികരിച്ചുകൊണ്ട് ആ കുടുംബവും രംഗത്തെത്തിയിരുന്നു. 

അതുപോലെ നമ്മൾ 'നമ്പ്യാർ മാങ്ങ' എന്നൊരിനം മാങ്ങയെപ്പറ്റിയും കുറച്ചുനാൾ  മുമ്പ് പത്രങ്ങളിൽ വായിച്ചു. കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പ്രദേശത്ത് ധാരാളമായി കാണാപ്പെടുന്ന ഒരു മാങ്ങാ ഇനമാണ് ഇത്. പ്രദേശവാസികൾ 'കുറ്റ്യാട്ടൂർ മാങ്ങ' എന്ന് ഈ മാങ്ങയെ വിളിച്ചതിനെതിരെ അന്ന് 'നമ്പ്യാര്‍ മാങ്ങ'യെന്നും അപരനാമമുള്ള ഈയിനം മാങ്ങയെ ദേശ സൂചികയില്‍ ഉള്‍പ്പെടുത്തി 'കുറ്റ്യാട്ടൂര്‍ മാങ്ങ'യെന്ന പേര് നല്‍കാനുള്ള കുറ്റ്യാട്ടൂര്‍ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും നടപടിയില്‍  പ്രതിഷേധിച്ചു കൊണ്ട് നമ്പ്യാര്‍ മഹാസഭ രംഗത്തു വന്നിരുന്നു. പഞ്ചായത്ത് അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ച് ‘കുറ്റ്യാട്ടൂര്‍ നമ്പ്യാര്‍ മാങ്ങ’ എന്ന പേരെങ്കിലും പരിഗണിക്കണമെന്ന് അന്ന് നമ്പ്യാര്‍ മഹാസഭ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ നിയമ നടപടി വരെ സ്വീകരിക്കാന്‍ തയ്യാറാകുമെന്ന് അവരുടെ കേന്ദ്ര കമ്മിറ്റി കുറ്റ്യാട്ടൂര്‍ പഞ്ചായത്തിനെ രേഖാമൂലം അറിയിച്ചിരുന്നു.  എന്തായാലും ആ വിവാദം അതോടെ കെട്ടടങ്ങി.

മലയാളികളുടെ പ്രിയപ്പെട്ട ചക്ക കഴിഞ്ഞ വര്‍ഷം മുതല്‍ വെറും ചക്കയല്ല, കേരളത്തിന്‍റെ 'ഔദ്യോഗിക ഫലം' കൂടിയാണ്. ചക്കയുടെ രുചി കൊണ്ട് മാത്രമല്ല അതിന്‍റെ സവിശേഷമായ ഗുണങ്ങള്‍ കൊണ്ട് കൂടിയാണ് മറ്റ് പഴങ്ങളേക്കാള്‍ പരിഗണന നേടിയെടുത്തത്.  ഇരുനൂറിലധികം ഇനം പ്ലാവുകൾ കേരളത്തിലുണ്ടെന്നാണ് 'ജാക്ക് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ' എന്ന ചക്ക ഉത്പാദനകരുടെ കൂട്ടായ്മയുടെ പ്രസിഡന്റ് എൽ. പങ്കജാക്ഷൻ പറയുന്നത് . വരിക്ക, കൂഴ എന്നീ രണ്ടു പ്രാഥമിക ഇനങ്ങൾക്ക് പുറമെ, ഓരോ ഇനത്തിലും നിരവധി പേരുകളിൽ അറിയപ്പെടുന്ന ചക്കയിനങ്ങളുണ്ട്. ഉദാഹരണത്തിന് വരിക്കയിൽ തന്നെ തേൻ വരിക്ക, മുട്ടം വരിക്ക, സിന്ദൂര വരിക്ക, സദാനന്ദവരിക്ക, ഡെങ്‌സൂര്യ, തേന്‍ വരിക്ക, ചെമ്പടാക്ക് വരിക്ക, ഗംലസ്, ചെമ്പരത്തിവരിക്ക, മലേഷ്യന്‍ കുള്ളന്‍, മലേഷ്യന്‍ ഹണി, ആള്‍ സീസണ്‍ തായ്‌ലന്റ് എന്നിങ്ങനെ പലയിനങ്ങളുണ്ട്. ചവിണി ഇല്ലാത്ത ചെമ്പടാക്ക് വരിക്കയും കുരുവില്ലാത്ത സീഡ്‌ലെസ് വരിക്കയും കറയില്ലാത്ത ഗംലസ് വരിക്കയും മുട്ടന്‍ വരിക്കയും താമര വരിക്കയും പഞ്ചസാര വരിക്കയും പ്രശാന്തി വരിക്കയുമൊക്കെ ചെടിച്ചട്ടിയില്‍ വരെ വളര്‍ത്താവുന്ന കുള്ളന്‍ വരിക്കയും കോസരി വരിക്കയും ഒക്കെ അതാത് കാരണങ്ങളാൽ ആളുകൾ ഇഷ്ടപ്പെടുന്നവയാണ്. 

'മേനോൻ വരിക്ക' എന്ന ചക്കയുടെ പ്രത്യേകതകൾ തിരക്കി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ബന്ധപ്പെട്ടത് കോഴിക്കോട് രാമനാട്ടുകരയില്‍ ജാക്ക് പോയിന്റ് എന്ന പേരില്‍  ഒരു സ്ഥാപനത്തിൽ മുപ്പതോളം വൈവിദ്ധ്യമാര്‍ന്ന പ്ലാവിന്‍ തൈകൾ നട്ടുവളർത്തുന്ന അനിൽ കുമാറുമായാണ്. മധ്യകേരളത്തിൽ കണ്ടുവരുന്ന ഒരിനം പ്ലാവാണ് 'മേനോൻ വരിക്ക' എന്ന് അദ്ദേഹം പറഞ്ഞു. സാധാരണയായി 'ചക്ക ഉപ്പേരി' അഥവാ 'ചക്ക വറ്റൽ' ഉണ്ടാക്കാൻ വേണ്ടിയാണ് ഈ ഇനം ചക്ക ഉപയോഗിക്കുന്നതെന്നും, പഴുപ്പിക്കുന്ന പതിവില്ല.  വെളിച്ചെണ്ണയിൽ വറുത്തെടുക്കുമ്പോൾ നല്ല മൊരുമൊരാന്ന് ഇരിക്കുന്നതിനാൽ ഈ ചക്കയ്ക്ക് നല്ല ഡിമാൻഡാണ് കേരളത്തിനകത്തും പുറത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ഒരു മനുഷ്യന്റെ ഉള്ള് നമുക്ക് ചൂഴ്ന്നു നോക്കാനാവില്ലെന്നു പറയും. എന്നാൽ ചക്ക അങ്ങനെയല്ല. നാലായി മുറിച്ച് മടലുവെട്ടി, ചകിണി കളഞ്ഞ്, അരക്ക് തുടച്ച്, കുരുവും കളഞ്ഞ് എടുത്ത് ഒരു ചുള വായിൽ വെച്ചാൽ, അലിഞ്ഞു പോവുന്നത്ര നല്ല  സ്വാദാണ്, തേൻ വരിക്കയ്ക്ക്. അതിന്റെ തേനൂറും സ്വാദിന് അങ്ങനെ ജാതി തിരിവൊന്നുമില്ല. പിന്നെ എങ്ങനെ  ഈ പേര് വന്നെന്നാവും.  അതിനുമുണ്ട് കാരണം. പണ്ടത്തെ പ്ലാവിനങ്ങളിൽ പലതിന്റെയും  പേരുകൾ അത് നട്ടുവളർത്തിയവർ തന്നെ ഇട്ടിട്ടുളളതാണ്. അങ്ങനെ വല്ല മേനോൻ മാഷിന്റെയും പറമ്പിൽ നിന്നിരുന്ന ഒരു മാവാകും ഈ 'മേനോൻ വരിക്ക'യും.. അല്ലാതെ ഒരു ജാതി സ്പിരിറ്റും ഈ ചക്കയെ തീണ്ടിയിട്ടുണ്ടാവാൻ വഴിയില്ല..! 

 

click me!