ഭക്ഷണത്തെക്കുറിച്ചുള്ള ട്വീറ്റ് വൈറലായി; ഇനി ജീവിതകാലം മുഴുവന്‍ 'ഫ്രീ' ചിക്കനെന്ന് ഹോട്ടല്‍

By Web TeamFirst Published Sep 11, 2019, 4:22 PM IST
Highlights

ഇപ്പോഴാണെങ്കില്‍ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുകയാണ് ഭൂരിഭാഗം പേരുടേയും പതിവ്. എങ്ങനെ കഴിച്ചാലും പുറത്തുനിന്ന് വാങ്ങിക്കുന്ന ഭക്ഷണത്തപ്പെറ്റി സുഹൃത്തുക്കളോടും മറ്റ് അഭിപ്രായങ്ങളറിയിക്കാന്‍ നമുക്കെപ്പോഴും താല്‍പര്യമാണ്

ഇന്ന്, സ്വന്തം വീട് വിട്ട് മറ്റെവിടെയെങ്കിലും താമസിച്ച് ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവരുടെ എണ്ണം മുമ്പത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അങ്ങനെയുള്ളവരെ സംബന്ധിച്ച് ആഴ്ചയിലൊരിക്കലെങ്കിലും റസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിക്കുന്നത് ഒരു പതിവാകും. കുടുംബവുമൊത്ത് താമസിക്കുന്നവര്‍ വരെ ഇടവിട്ട് ഹോട്ടല്‍ ഭക്ഷണം വാങ്ങിക്കഴിക്കുന്ന സംസ്‌കാരമാണ് ഇപ്പോഴുള്ളത്. 

ഇപ്പോഴാണെങ്കില്‍ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുകയാണ് ഭൂരിഭാഗം പേരുടേയും പതിവ്. എങ്ങനെ കഴിച്ചാലും പുറത്തുനിന്ന് വാങ്ങിക്കുന്ന ഭക്ഷണത്തപ്പെറ്റി സുഹൃത്തുക്കളോടും മറ്റ് അഭിപ്രായങ്ങളറിയിക്കാന്‍ നമുക്കെപ്പോഴും താല്‍പര്യമാണ്. 

അത്തരത്തില്‍ വളരെ സാധാരണഗതിയില്‍, കഴിച്ച ഭക്ഷണത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതാണ് പാട്ടുകാരിയായ ബ്രീ ഹാള്‍ എന്ന ഇരുപത്തിനാലുകാരി. കൊളംബിയയിലെ ഒരു റെസ്റ്റോറന്റിലെ ഫ്രൈഡ് ചിക്കന്‍ സാൻഡ്‍വിച്ചിനെ പറ്റിയായിരുന്നു ട്വീറ്റ്. 

കാമുകനായ ക്രിസ്റ്റഫറാണ് ബ്രീയെ ആദ്യമായി ഈ റസ്റ്റോറന്റിലേക്ക് കൊണ്ടുപോകുന്നത്. പിന്നീട് ബ്രീയും കുടുംബവും ഇവിടത്തെ സ്ഥിരം കസ്റ്റമേഴ്‌സായി മാറി. ഇക്കഴിഞ്ഞ ആഴ്ച റസ്റ്റോറന്റിലെ ഭക്ഷണത്തെക്കുറിച്ച് ഏതാനും വരികള്‍ ബ്രീ ട്വീറ്റ് ചെയ്തു. 

ചിക്കന്റെ രുചിയെക്കുറിച്ചും റസ്‌റ്റോറന്റ് ഉടമകളുടേയും ജീവനക്കാരുടേയും പെരുമാറ്റത്തെക്കുറിച്ചുമെല്ലാമായിരുന്നു ബ്രീ ട്വിറ്ററില്‍ കുറിച്ചിരുന്നത്. 27,000 പേര്‍ ഫോളോവേഴ്‌സായിട്ടുള്ള ബ്രീ ഭക്ഷണത്തെക്കുറിച്ച് എഴുതിയത് ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ വൈറലാവുകയായിരുന്നു. 

ഒരു എത്യോപിയന്‍ കുടുംബം നടത്തുന്ന ചെറിയ റസ്റ്റോറന്റായിരുന്നു അത്. ബ്രീയുടെ ട്വീറ്റ് വൈറലായതോടെ ഇവിടേക്ക് ആളുകള്‍ ഒഴുകിയെത്താന്‍ തുടങ്ങി. ഇതോടെയാണ് ബ്രീക്ക് തിരികെയൊരു സമ്മാനം നല്‍കാന്‍ റസ്‌റ്റോറന്റ് ഉടമകള്‍ തീരുമാനിച്ചത്. അങ്ങനെ ഇനി ആജീവനാന്തകാലത്തേക്ക് ഈ റസ്‌റ്റോറന്റില്‍ നിന്ന് ബ്രീയ്ക്കുള്ള ചിക്കന്‍ ഫ്രീ ആണെന്ന് അവര്‍ പ്രഖ്യാപിച്ചു. 

തനിക്ക് ലഭിച്ചിരിക്കുന്ന ഓഫറിനെക്കുറിച്ചൊന്നും ബ്രീ പ്രതികരിച്ചിട്ടില്ല. എന്നാല്‍ താന്‍ മൂലം റസ്റ്റോറന്റില്‍ ആളുകളെത്തിയെന്ന വിവരം തന്നെ സന്തോഷിപ്പിക്കുന്നുണ്ടെന്നും, ഒരു വലിയ ഫുഡ് ചെയിനിന്റെ ഭാഗമല്ലാത്ത, ചെറുകിട കച്ചവടക്കാരാണ് അവര്‍ എന്നതിനാലാണ് ഏറെ സന്തോഷമെന്നും ബ്രീ പിന്നീട് മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. 

click me!