
അറബി ഭക്ഷണ സംസ്കാരം കേരളീയരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി. ഭക്ഷണക്രമത്തിലെ പെട്ടെന്നുള്ള മാറ്റങ്ങളും നമ്മുടെ ശരീരത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം കഴിക്കുന്ന ശീലവും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇടയ്ക്കിടെ അത്തരം വിഭവങ്ങൾ കഴിക്കുന്നത് നല്ലതാണ്, പക്ഷേ അവ ശീലമാക്കുന്നത് നന്നല്ല. കാലാവസ്ഥയ്ക്കും ജീവിതശൈലിക്കും അനുയോജ്യമായിരിക്കണം ഭക്ഷണം. ഇത്തരം ഭക്ഷണങ്ങൾ ജനപ്രിയമാകുന്നതിന്റെ പിന്നിലെ ഒരു പ്രധാന കാരണം സോഷ്യൽ മീഡിയയാണ്. ഭക്ഷ്യ ബ്ലോഗർമാരും ഇൻഫ്ലുവൻസർമാരും ആരോഗ്യം പരിഗണിക്കാതെ വിഭവങ്ങൾ പരീക്ഷിക്കാൻ ആളുകളെ നിരന്തരം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാംസാഹാരം പെട്ടെന്ന് ശരീരബലം വര്‍ധിപ്പിക്കുമെന്നത് ശരിയാണ്. എന്നാല്‍ സസ്യാഹാരികള്‍ക്ക് ശക്തിയില്ലെന്ന് പറയുന്നത് ശരിയല്ല. സസ്യാഹാരം കഴിക്കുന്നവര്‍ക്ക് പതുക്കെയാണ് ശക്തി വര്‍ദ്ധിക്കുക. സസ്യാഹാരം മാത്രം കഴിക്കുന്ന ആനകൾ അതിശക്തിയുള്ളവരാണെന്നും പഴയിടം മോഹനന്‍ നമ്പൂതിരി കൂട്ടിച്ചേര്‍ത്തു.
ആളുകള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മനുഷ്യന്റെ ദഹനവ്യവസ്ഥ ഒരാളുടെ ഉയരത്തേക്കാള്‍ ഏഴ് മടങ്ങ് നീളമുള്ളതാണ്. മാംസാഹാരം ദഹിപ്പിക്കാന്‍ പ്രയാസമാണ്. അത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. എന്നാല്‍ ഇപ്പോള്‍ മനുഷ്യര്‍ മാംസാഹാരികളായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രാഹ്മണരും മാംസാഹാരം കഴിക്കുന്നത് അസാധാരണ കാര്യമല്ല. ബംഗാളി ബ്രാഹ്മണരും ചില മഹാരാഷ്ട്ര ബ്രാഹ്മണരും പരമ്പരാഗതമായി മത്സ്യം കഴിക്കുന്നുണ്ട്. ഭക്ഷണം ഒരാളുടെ സ്വഭാവത്തെയോ വ്യക്തിത്വത്തെയോ നിർണയിക്കുന്ന ഘടകമല്ലെന്നും ക്രൂരനായ ഹിറ്റ്ലർ സസ്യാഹാരിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.