Latest Videos

Benefits of Kiwi: പ്രമേഹ രോഗികള്‍ക്ക് കിവിപ്പഴം കഴിക്കാമോ?

By Web TeamFirst Published Sep 13, 2022, 8:44 AM IST
Highlights

വിറ്റാമിന്‍ ബി, സി, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം,  ഫോളിക് ആസിഡ് തുടങ്ങിയവ ഇവയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കിവി പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ഏറെ ഡിമാന്‍ഡ് ഉള്ള ഒരു വിദേശപ്പഴമാണ് 'കിവി'. ഇവ ആരോഗ്യത്തിന് ഏറേ നല്ലതാണ്. വിറ്റാമിന്‍ ബി, സി, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം,  ഫോളിക് ആസിഡ് തുടങ്ങിയവ ഇവയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കിവി പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ആസ്ത്മ രോഗികള്‍ക്കും കിവി കഴിക്കുന്നത് നല്ലതാണ്. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും കിവി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ഫൈബര്‍ ധാരാളം അടങ്ങിയ കിവി മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ ഇവ ശരീരഭാരം നിയന്ത്രിക്കാനും നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ ഇവ വിശപ്പിനെ നിയന്ത്രിക്കും. കലോറിയും വളരെ കുറവാണ്. 100 ഗ്രാം കിവിയില്‍ 61 കലോറി മാത്രമേ ഉണ്ടാവുകയുള്ളൂ. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിവി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

പലര്‍ക്കുമുള്ള സംശയമാണ് പ്രമേഹ രോഗികള്‍ക്ക് കിവിപ്പഴം കഴിക്കാമോ എന്നതിനെ കുറിച്ച്. ഒരു കിവിയിൽ ഏകദേശം 42 കലോറിയും 10 ഗ്രാം കാർബോഹൈഡ്രേറ്റുമാണുള്ളത്.  കിവി പഴത്തിൽ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവർക്ക് ഇത് അനുയോജ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കിവിക്ക് കഴിയുമെന്നാണ് പഠനങ്ങളിലും  പറയുന്നത്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇവ ധൈര്യമായി കഴിക്കാം. 


രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും കിവിപ്പഴം കഴിക്കുന്നതുമൂലം കഴിയുമെന്ന് നോർവേയിലെ ഓസ്​ലോ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു. ഗർഭകാലത്തുണ്ടാകുന്ന വിഷാദവും മാനസിക സമ്മർദവും പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ കിവി ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് വിവിധ പഠനങ്ങൾ പറയുന്നു. എല്ലുകൾക്കും പല്ലുകൾക്ക് ബലം നൽകാനും കിവി പഴത്തിന് സാധിക്കും. 

Also Read:വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ഒമ്പത് കാര്യങ്ങള്‍...


 

click me!