
വാലന്റൈൻസ് ഡേയുടെ മൂന്നാം ദിനമാണ് ചോക്ലേറ്റ് ഡേ. മധുരം കൈമാറി പ്രണയം പങ്കുവെക്കുന്ന ഈ ദിവസം കടയിൽ നിന്ന് വാങ്ങുന്ന ചോക്ലേറ്റുകളേക്കാൾ പ്രിയപ്പെട്ടവർക്ക് ഏറെ പ്രിയം നിങ്ങൾ സ്വന്തമായി നിർമ്മിക്കുന്ന ചോക്ലേറ്റുകളായിരിക്കും. കുറഞ്ഞ ചേരുവകൾ കൊണ്ട് ലളിതമായി തയ്യാറാക്കാവുന്ന 5 ചോക്ലേറ്റ് വൈവിധ്യങ്ങൾ ഇതാ.
ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധാലുക്കളായ പ്രിയപ്പെട്ടവർക്ക് നൽകാൻ ഇതിലും നല്ലൊരു സമ്മാനം വേറെയില്ല. ഇത് തയ്യാറാക്കുന്നതിനായി ആദ്യം വേണ്ടത് ഒരു 'ഡബിൾ ബോയിലിംഗ്' സംവിധാനമാണ്. അടുപ്പിൽ ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വെച്ച് അതിനു മുകളിൽ മറ്റൊരു ചെറിയ പാത്രം വെച്ച് വേണം മിശ്രിതം തയ്യാറാക്കാൻ. ഈ ചെറിയ പാത്രത്തിലേക്ക് അര കപ്പ് ശുദ്ധമായ വെളിച്ചെണ്ണയോ അല്ലെങ്കിൽ കൊക്കോ ബട്ടറോ ഒഴിച്ച് പതുക്കെ ഉരുക്കിയെടുക്കുക.
എണ്ണ നല്ലതുപോലെ ഉരുകി വരുമ്പോൾ അതിലേക്ക് മുക്കാൽ കപ്പ് കൊക്കോ പൗഡറും ആവശ്യത്തിന് തേനോ പൊടിച്ച പഞ്ചസാരയോ ചേർക്കാം. മിശ്രിതം ഇളക്കുമ്പോൾ കട്ടകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒഈ ഘട്ടത്തിൽ രണ്ടോ മൂന്നോ തുള്ളി വാനില എസൻസ് കൂടി ചേർക്കുക. തയ്യാറായൽ സിലിക്കൺ മോൾഡുകളിലേക്ക് പകർത്തി വെക്കുക. ഫ്രിഡ്ജിന്റെ ഉള്ളിൽ രണ്ടോ മൂന്നോ മണിക്കൂർ വെച്ച് കഴിഞ്ഞാൽ ക്ലാസിക് ഡാർക്ക് ചോക്ലേറ്റ് തയ്യാറാകും. പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കുന്നത് കൊണ്ട് ഡയറ്റ് നോക്കുന്നവർക്കും ഇത് ധൈര്യമായി നൽകാം.
കടയിൽ പോയി 'ഫ്രൂട്ട് ആൻഡ് നട്ട്' ചോക്ലേറ്റ് വാങ്ങാത്തവരായി ആരുമുണ്ടാകില്ല. അത് അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. ഇതിനായി നമുക്ക് കടകളിൽ നിന്ന് വാങ്ങാൻ കിട്ടുന്ന മിൽക്ക് ചോക്ലേറ്റ് കോമ്പൗണ്ട് ഉപയോഗിക്കാം. ഒരു വലിയ ചോക്ലേറ്റ് ബാർ വാങ്ങി അത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് നേരത്തെ പറഞ്ഞതുപോലെ ഡബിൾ ബോയിലിംഗ് രീതിയിൽ ഉരുക്കിയെടുക്കുകയാണ് ആദ്യ ഘട്ടം. ചോക്ലേറ്റ് ഉരുകി തുടങ്ങുമ്പോൾ മറ്റൊരു പാനിൽ അല്പം നെയ്യൊഴിച്ച് ബദാം, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചെറുതായി വറുത്തെടുക്കുക. വറുത്ത ഈ നട്ട്സുകൾ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉരുക്കി വെച്ചിരിക്കുന്ന ചോക്ലേറ്റിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.
നട്ട്സുകൾ എല്ലായിടത്തും കൃത്യമായി എത്തുന്ന രീതിയിൽ വേണം ഇളക്കാൻ. ഈ മിശ്രിതം മോൾഡുകളിലേക്ക് മാറ്റുമ്പോൾ ഇടയ്ക്കിടെ ഒന്ന് തട്ടി കൊടുക്കുന്നത് അതിനുള്ളിലെ വായു കുമിളകൾ ഒഴിവാക്കാൻ സഹായിക്കും. രണ്ടോ മൂന്നോ മണിക്കൂർ തണുപ്പിച്ചു കഴിഞ്ഞാൽ കടകളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ ഗുണമേന്മയുള്ള ക്രിസ്പിയായ ചോക്ലേറ്റ് റെഡി. ഓരോ കടിക്കുമ്പോഴും നട്ട്സിന്റെ ക്രഞ്ചി സ്വാദും ചോക്ലേറ്റിന്റെ മധുരവും ചേരുമ്പോൾ അത് നൽകുന്ന അനുഭൂതി വാക്കുകൾക്ക് അപ്പുറമാണ്.
ചോക്ലേറ്റും തേങ്ങയും തമ്മിലുള്ള കോമ്പിനേഷൻ എക്കാലത്തെയും ഹിറ്റാണ്. ബൗണ്ടി ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവർക്കായി ഇത് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിനായി ആദ്യം ചെയ്യേണ്ടത് നല്ലതുപോലെ ചിരകിയ തേങ്ങയും (ഡെസിക്കേറ്റഡ് കോക്കനട്ട്) കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നന്നായി കുഴയ്ക്കുക എന്നതാണ്. കൈകൊണ്ട് തൊടുമ്പോൾ ഒട്ടിപ്പിടിക്കാത്ത രീതിയിൽ ഇത് പാകത്തിന് വരണം. ഈ മിശ്രിതത്തിൽ നിന്നും ചെറിയ ബാറുകളോ ഉരുളകളോ ഉണ്ടാക്കി വയ്ക്കുക.
ഇവയുടെ ആകൃതി കൃത്യമാകാൻ വേണ്ടി അരമണിക്കൂർ നേരം ഫ്രീസറിൽ വെച്ച് ഒന്ന് സെറ്റ് ചെയ്യിക്കണം. ഈ സമയം കൊണ്ട് അല്പം ഡാർക്ക് ചോക്ലേറ്റ് ഉരുക്കി വെക്കാം. ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്ത തേങ്ങാ ബാറുകൾ ഓരോന്നായി ഈ ഉരുക്കിയ ചോക്ലേറ്റിൽ മുക്കിയെടുക്കുക. ബാറിന്റെ എല്ലാ വശങ്ങളിലും ചോക്ലേറ്റ് ആവരണം കൃത്യമായി ഉണ്ടെന്ന് ഉറപ്പുവരുത്തണം. ശേഷം ഇവ ഒരു ബട്ടർ പേപ്പറിന് മുകളിലോ പ്ലേറ്റിലോ നിരത്തി വീണ്ടും തണുപ്പിക്കാൻ വെക്കുക. പുറത്ത് കട്ടിയുള്ള ചോക്ലേറ്റും ഉള്ളിൽ നല്ല മൃദുവായ മധുരമുള്ള തേങ്ങയും ചേർന്ന ഈ ചോക്ലേറ്റ് ഈ ചോക്ലേറ്റ് ദിനത്തിലെ ഏറ്റവും മികച്ച സർപ്രൈസ് ആയിരിക്കും.
വൈറ്റ് ചോക്ലേറ്റ് പ്രേമികൾക്കായി പാൽപൊടിയും നെയ്യും ഉപയോഗിച്ച് ഇത് തയ്യാറാക്കാം. നെയ്യ് ഡബിൾ ബോയിലിംഗ് രീതിയിൽ ഉരുക്കിയ ശേഷം അതിലേക്ക് അരിച്ചെടുത്ത പാൽപൊടിയും പൊടിച്ച പഞ്ചസാരയും ചേർക്കുക. കട്ടകൾ ഇല്ലാതെ ഇളക്കി സ്മൂത്ത് ആക്കിയ ശേഷം മോൾഡുകളിൽ ഒഴിച്ച് സെറ്റ് ചെയ്യാം. ഇതിലേക്ക് അല്പം സ്ട്രോബെറി എസൻസ് ചേർത്താൽ നിറത്തിലും രുചിയിലും വലിയൊരു മാറ്റം കൊണ്ടുവരാനാകും.
അടുപ്പിൽ വെച്ച് പാചകം ചെയ്യാൻ പ്രയാസമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നാണിത്. ചോക്ലേറ്റ് ബിസ്കറ്റുകൾ മിക്സിയിൽ പൊടിച്ച് അതിലേക്ക് അല്പം കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് കുഴച്ച് ബോൾസുകളാക്കുക. ഈ ബോൾസുകൾ ഉരുക്കി വെച്ചിരിക്കുന്ന ചോക്ലേറ്റിൽ ഒന്ന് മുക്കിയെടുത്ത് മുകളിൽ അല്പം ചോക്ലേറ്റ് ചിപ്‌സ് കൂടി ഇട്ടാൽ മിനിറ്റുകൾക്കുള്ളിൽ കിടിലൻ ചോക്ലേറ്റ് റെഡി.
ശ്രദ്ധിക്കാൻ: ചോക്ലേറ്റ് തയ്യാറാക്കുമ്പോൾ ഉപയോഗിക്കുന്ന പാത്രങ്ങളിലോ സ്പൂണിലോ ഒരു തുള്ളി വെള്ളം പോലും ഉണ്ടാകരുത്. ഈ സ്പെഷ്യൽ ചോക്ലേറ്റുകൾ മനോഹരമായ ഒരു ബോക്സിലാക്കി നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകൂ.
ഈ വാലന്റൈൻ ദിനത്തിൽ നിങ്ങളുടെ പ്രണയത്തിന് കൂടുതൽ മധുരം പകരട്ടെ.