രാവിലെ ഉണര്‍ന്നയുടന്‍ വെള്ളം കുടിക്കേണ്ടത് ദാ, ഇങ്ങനെയാണ്...

By Web TeamFirst Published Sep 3, 2019, 7:47 PM IST
Highlights

രാവിലെ ഉറക്കമുണരുമ്പോൾ ഒരു ജോലി തീര്‍ത്തുവയ്ക്കും പോലെയാണ് വെള്ളം കുടിയെങ്കിലോ? അതിലൊന്നും വലിയ കാര്യമില്ലെന്നാണ് പ്രശസ്ത ലൈഫ്സ്റ്റൈൽ കോച്ച് ലൂക്ക് കുടീഞ്ഞ്യോ പറയുന്നത്

ദിവസവും നമ്മള്‍ കുടിക്കേണ്ട വെള്ളത്തിന്റെ അളവിനെപ്പറ്റി കേട്ടുകേട്ട് ഇപ്പോള്‍ ഇതെപ്പറ്റി അറിവില്ലാത്തവര്‍ ആരും കാണില്ല. എട്ട് മുതല്‍ പത്ത് ഗ്ലാസ് വരെ വെള്ളമാണ് ശരാശരി ഒരു മനുഷ്യന്‍ ദിവസത്തില്‍ കുടിക്കേണ്ട വെള്ളത്തിന്റെ അളവ്, അല്ലേ?

എന്നാല്‍ ഇക്കാര്യം ഓര്‍മ്മ വരുമ്പോള്‍ മാത്രം ഒറ്റയടിക്ക് നാല് ഗ്ലാസ് വെള്ളം കുടിച്ചാലോ? ഇനി നാല് ഗ്ലാസ് കൂടിയല്ലേ ഉള്ളൂവെന്ന് പിന്നെ സമാധാനിക്കും, അങ്ങനെയായാലോ? അതുപോരെന്നാണ് പ്രശസ്തനായ ലൈഫ്‌സ്റ്റൈല്‍ കോച്ച് ലൂക്ക് കുടീഞ്ഞ്യോ പറയുന്നത്. ദിവസത്തില്‍ പലപ്പോഴായി വേണം ഇത്രയും വെള്ളം കുടിക്കാനത്രേ. അത് രാവിലെ ഉണരുമ്പോള്‍ അങ്ങ് തുടങ്ങിയേക്കണം. 

ഇനി ഉറക്കമുണരുന്ന നേരത്തും, ഒരു ജോലി തീര്‍ത്തുവയ്ക്കും പോലെയാണ് വെള്ളം കുടിയെങ്കിലോ? അതിലും വലിയ കാര്യമില്ലെന്ന് കുടീഞ്ഞ്യോ പറയുന്നു. രാവിലെ ഉണരുമ്പോള്‍ രണ്ട് ഗ്ലാസ് വെള്ളം കുടിക്കണം. ഇതിന് ഇളം ചൂടുവെള്ളമാണത്രേ എടുക്കേണ്ടത്. ചൂട് നല്ലവണ്ണം പോയിരിക്കണം, എന്നാല്‍ തണുത്തതായിരിക്കാനും പാടില്ല. പേശികളെ 'റിലാക്‌സ്' ചെയ്യിക്കാനാണ് ഇത് ഏറെ സഹായിക്കുക.

ഇനി ഇത് കുടിക്കേണ്ട വിധവും കുടീഞ്ഞ്യോ വിശദീകരിക്കുന്നു. എവിടെയെങ്കിലും ഇരുന്ന് സാവധാനം വേണം വെള്ളം കുടിക്കാന്‍. അങ്ങനെയാകുമ്പോള്‍ വെള്ളം ശരീരത്തിലെ എല്ലാ സിസ്റ്റങ്ങളിലേക്കും ഗുണകരമായ രീതിയിലും ഒരുപോലെയും ഇറങ്ങിച്ചെല്ലുന്നു. ഇതിനിടെ നമ്മുടെ ആരോഗ്യാവസ്ഥ, കാലാവസ്ഥ- എന്നിങ്ങനെയുള്ള ഘടകങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്നും കുടീഞ്ഞ്യോ ഓര്‍മ്മിപ്പിക്കുന്നു.

കഴിയുമെങ്കില്‍ ഓരോ ഇറക്ക് വെള്ളത്തിനൊപ്പവും തുപ്പല്‍ കൂടി കലര്‍ത്തി അകത്തേക്ക് വിടണം. ഇത്തരത്തില്‍ വെള്ളത്തില്‍ തുപ്പല്‍ കലരുന്നത് ആമാശയരസങ്ങളെ സന്തുലിതമാക്കാനാണത്രേ സഹായിക്കുക. അസിഡിറ്റിയുള്ളവരാണ് ഇക്കാര്യം ഏറെ കരുതേണ്ടതെന്നും കുടീഞ്ഞ്യോ പറയുന്നു. 

എഴുന്നേറ്റയുടന്‍ ചായയോ കാപ്പിയോ കഴിച്ച ശേഷം വെള്ളം കുടിച്ചത് കൊണ്ട് വലിയ ഗുണമില്ലെന്നും കുടീഞ്ഞ്യോ ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ ഭക്ഷണത്തിനിടയ്ക്കും ധാരാളം വെള്ളം കുടിക്കുന്നതും, നല്ല തോതില്‍ ഭക്ഷണം കഴിച്ച ശേഷം തണുത്ത വെള്ളമോ മറ്റ് പാനീയങ്ങളോ കഴിക്കുന്നതും അത്ര ഗുണകരമല്ലെന്നും ഇദ്ദേഹം പറയുന്നു. എന്തായാലും രാവിലെ ഉണരുമ്പോള്‍ ഊര്‍ജ്ജസ്വലമായി, ഒരു മുഴുവന്‍ ദിവസത്തെ വരവേല്‍ക്കാന്‍ വലിയൊരു പരിധി വരെ വെള്ളം കുടി നമ്മളെ സഹായിക്കുമെന്ന് തന്നെയാണ് കുടീഞ്ഞ്യോയും സാക്ഷ്യപ്പെടുത്തുന്നത്.

click me!