Latest Videos

Easter 2024 : ഈസ്റ്ററിന് വീട്ടില്‍ തയ്യാറാക്കാം നല്ല സോഫ്റ്റ് പാലപ്പവും മട്ടന്‍ കറിയും; റെസിപ്പി

By Web TeamFirst Published Mar 30, 2024, 11:06 AM IST
Highlights

ഈ ഈസ്റ്ററിന് നല്ല ഈസി പാലപ്പവും മട്ടന്‍ കറിയും തയ്യാറാക്കാം. ദീപ നായർ  തയ്യാറാക്കിയ പാചകക്കുറിപ്പ്...
 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.


ഇത്തവണത്തെ ഈസ്റ്ററിന് എല്ലാ മലയാളികൾക്കും പ്രിയമേറെയുള്ള പഞ്ഞി പോലെയുള്ള സോഫ്റ്റ് ആയ പാലപ്പം ആയാലോ?  അപ്പത്തിനു കൂട്ടായി മട്ടൺ കറിയും കൂടി ആയാലോ? 

പാലപ്പത്തിന് വേണ്ട ചേരുവകൾ...

അരിപ്പൊടി - 500 ഗ്രാം
തേങ്ങ ചിരകിയത് - ഒരു കപ്പ് 
ഉപ്പ് - പാകത്തിന്
പഞ്ചസാര - 4 ടീസ്പൂൺ
യീസ്റ്റ് - അര ടീസ്പൂൺ 
ഇളംചൂടു പാൽ - 500 മില്ലി
ഇളംചൂടു വെള്ളം - 350 മില്ലി
ചെറിയ ഉള്ളി -5-6 എണ്ണം
ജീരകം - 1/2 ടീസ്പൂൺ 
തേങ്ങ ചിരകിയത് - 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം...

  •  ഉപ്പും പഞ്ചസാരയും യീസ്റ്റും പാലും വെള്ളവും ചേർത്ത് മിക്സിയിൽ അടിക്കുക.
  • തേങ്ങ ചിരകിയത് നല്ല മയത്തിൽ അരച്ചെടുക്കുക. 
  • ബൗളിലേക്ക് അരിപ്പൊടിയും തേങ്ങ അരച്ചതും ചേർത്ത് അതിലേക്ക് അടിച്ചു വച്ച പാൽക്കൂട്ട് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
  • ഉള്ളിയും ജീരകവും തേങ്ങയും ചേർത്ത് തരുതരുപ്പായി അരച്ചെടുത്ത് മാവിലേക്ക് ചേർത്ത് കട്ടയില്ലാതെ യോജിപ്പിച്ച് പുളിക്കാൻ വയ്ക്കുക. 
  • ഇവിടെ ചൂടു കുറവായതു കൊണ്ട് തയ്യാറാക്കിയ മാവ് മൈക്രോവേവിൽ വച്ച് എളുപ്പത്തിൽ പുളിപ്പിച്ചെടുത്തു, എന്തെങ്കിലും ചൂടാക്കി കഴിഞ്ഞു ഓഫ് ചെയ്ത അവ്നുള്ളിൽ മാവാക്കിയ പാത്രം വച്ചാൽ മതി.
  • അപ്പച്ചട്ടി ചൂടാക്കി പാകമായ മാവൊഴിച്ച് ഇഷ്ടമുള്ള ആകൃതിയിൽ ചുറ്റിച്ച് അല്പനേരം അടച്ചു വച്ച് പാകം ചെയ്തു മൊരിഞ്ഞു സുവർണ്ണ നിറത്തിലുള്ള പാലപ്പം ഉണ്ടാക്കിയെടുക്കുക. ഫ്ലഫി  സോഫ്റ്റി ഈസി പാലപ്പം തയ്യാർ. ചൂടോടെ മട്ടൻ കറി യുടെ കൂടെ വിളമ്പാം. എന്നാപ്പിന്നെ മട്ടൻ കറിയുടെ പണി തുടങ്ങാന്നേ.

മട്ടൺ കറി തയ്യാറാക്കാന്‍ വേണ്ട ചേരുവകൾ...

1. മാരിനേറ്റ് ചെയ്യാൻ 

മട്ടൺ - 500 ഗ്രാം
ഉപ്പ് - പാകത്തിന്
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
മീറ്റ് മസാല - 1 ടേബിൾസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
തൈര് - 1 ടേബിൾസ്പൂൺ

കഴുകി വൃത്തിയാക്കിയ കറി കട്ട് മട്ടണിലേക്ക് ബാക്കിയുള്ള ചേരുവകൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക.

2. വേവിക്കാൻ

ഉരുളക്കിഴങ്ങ് - ഒരെണ്ണം മീഡിയം 
സവാള-1 ചെറുത്
പച്ചമുളക് - 1 എണ്ണം
കറിവേപ്പില - 1 തണ്ട്
വെള്ളം - 1/4 കപ്പ്

മാരിനേറ്റ് ചെയ്ത ഇറച്ചിയും ഉരുളക്കിഴങ്ങും മുകളിലെ ചേരുവകൾ ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക.

3. കറി ഉണ്ടാക്കാൻ 

വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ 
ചെറിയ ഉള്ളി - 100 ഗ്രാം
വെളുത്തുള്ളി - അഞ്ചെണ്ണം
ഇഞ്ചി - രണ്ടിഞ്ച് കഷണം
പട്ട - ചെറിയ കഷണം
ഏലയ്ക്ക - ഒന്ന്
ഗ്രാമ്പൂ - മൂന്നാലെണ്ണം
പെരുഞ്ചീരകം - 1/2 ടീസ്പൂൺ
കസ്കസ് - 1/2 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
തക്കാളി - ഒരെണ്ണം
കറിവേപ്പില - 1 തണ്ട്
പുതിനയില - കുറച്ച്
നാരങ്ങാനീര് - പകുതി നാരങ്ങയുടെ
വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
അണ്ടിപ്പരിപ്പ് - 4-5 എണ്ണം
ബദാം പരിപ്പ് - 4-5 എണ്ണം
പച്ചമുളക് - 3 എണ്ണം 
കറിവേപ്പില - 1 തണ്ട്

തയ്യാറാക്കുന്ന വിധം...

  • വെളിച്ചെണ്ണ ചൂടാക്കി ചെറുതായി മുറിച്ച ചുവന്നുള്ളി വഴറ്റുക.
  •  ചതച്ചെടുത്ത വെളുത്തുള്ളി, ഇഞ്ചി, ഗരംമസാല കൂട്ട് ചേർത്ത് നന്നായി വഴറ്റുക.
  • മല്ലിപ്പൊടിയും, മുളകുപൊടിയും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.
  •  കറിവേപ്പിലയും പുതിനയിലയും തക്കാളിയും ചേർത്ത് വഴറ്റി അതിലേക്ക് വെന്ത ഇറച്ചിക്കൂട്ട് ചേർത്തിളക്കി പാകം ചെയ്യുക. 
  • നന്നായി തിളച്ചു വരുമ്പോൾ വെളിച്ചെണ്ണയിൽ വറുത്ത അണ്ടിപ്പരിപ്പും ബദാം പരിപ്പും പച്ചമുളകും കറിവേപ്പിലയും ചേർത്തിളക്കി സ്റ്റൗവ് ഓഫ് ചെയ്ത് അല്പനേരം അടച്ചു വയ്ക്കുക. അപ്പോള്‍ മട്ടൻകറിയും തയ്യാറായി. 

Also read: വീട്ടിൽ‌ തന്നെ ഉണ്ടാക്കാം ചോക്ലേറ്റ് ഈസ്റ്റർ എഗ്സ് ; റെസിപ്പി

youtubevideo

click me!