
പ്രമേഹം എന്നത് ഒരു ജീവിതശൈലി രോഗമാണ്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം കൂടുന്നത്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ പ്രമേഹ രോഗികളുടെ ഭക്ഷണക്രമം വളരെ പ്രധാനപ്പെട്ടതാണ്.
പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് കടലമാവ്. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് കടലമാവ്. അതിനാല്‍ കടലമാവ് പാചകത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഏറെ സഹായിക്കും. കൂടാതെ കടലമാവില്‍ പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ മികച്ച രീതിയിൽ നിയന്ത്രിക്കാനും കഴിയും. പലപ്പോഴും പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്ന ശരീരഭാരത്തെ നിയന്ത്രിക്കാനും ഇവയ്ക്ക് കഴിയും.
നാരുകളാൽ സമ്പുഷ്ടമാണ് കടലമാവ്. ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാതിരിക്കാൻ സഹായിക്കും. മാംഗനീസ്, കോപ്പർ, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്റുകളും ധാതുക്കളും കടലമാവില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യത്തോടെ കടലമാവ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതിനായി കടലമാവ് കൊണ്ട് തയ്യാറാക്കിയ പത്തിരി, കടലമാവ് കൊണ്ട് തയ്യാറാക്കുന്ന പലഹാരങ്ങള്‍, തോരന്‍, കറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ചര്‍മ്മ സംരക്ഷണത്തിനും കടലമാവ് ഏറെ ഗുണം ചെയ്യും. ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആന്റി ഏജിങ് ഗുണം ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മ്മം മനോഹരമാക്കുന്നു. ഇതിനായി രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ഒരു നുള്ള് മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. മുഖക്കുരു, കറുത്തപാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍...