ലോക്ക്ഡൗണ്‍; കന്നുകാലികള്‍ക്ക് കഴിക്കാന്‍ സ്‌ട്രോബെറിയും ബ്രൊക്കോളിയും...

By Web TeamFirst Published Apr 2, 2020, 4:06 PM IST
Highlights

രാജ്യത്ത് പലയിടങ്ങളിലും കര്‍ഷകരുടെ അവസ്ഥ ഇതുതന്നെയാണ്. ബെംഗലൂരുവിനടുത്ത് മുന്തിരിക്കൃഷി ചെയ്യുന്ന കര്‍ഷകന്‍ ടണ്‍ കണക്കിന് മുന്തിരിയാണത്രേ അടുത്തുള്ള കാട്ടില്‍ കൊണ്ടുപോയി കളഞ്ഞത്. പാകമായ മുന്തിരികള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ കഴിയാഞ്ഞതോടെയാണ് ഇദ്ദേഹത്തിന് അത് കാട്ടില്‍ വെറുതെ കളയേണ്ടിവന്നത്

പൊതുവേ മാര്‍ക്കറ്റില്‍ ഉയര്‍ന്ന വിലയ്ക്ക് മാത്രം ലഭ്യമാകുന്ന ഒരു പഴമാണ് സ്‌ട്രോബെറി. അതുപോലെ പച്ചക്കറികളുടെ കാര്യമെടുത്താല്‍ അധികവില കൊടുത്ത് നമ്മള്‍ വാങ്ങാറുള്ള ഒന്നാണ് ബ്രൊക്കോളി. എത്ര വില കൊടുത്താണെങ്കിലും വാങ്ങിക്കാന്‍ ആളുണ്ടാകാറുണ്ട് എന്നതിനാല്‍ ഇവയ്‌ക്കെല്ലാം മാര്‍ക്കറ്റില്‍ എപ്പോഴും വലിയ 'ഡിമാന്‍ഡ്' ഉണ്ടുതാനും.

അതുകൊണ്ട് തന്നെ ഇവയെല്ലാം കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും ഒരമ്പരപ്പുണ്ടാകും. സംഗതി സത്യമാണ്. മഹാരാഷ്ട്രയിലെ സത്താറയിലാണ് കര്‍ഷകര്‍ കന്നുകാലികള്‍ക്ക് തീറ്റയായി സ്‌ട്രോബെറി നല്‍കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഗതാഗതസൗകര്യം നിലച്ചതിനെ തുടര്‍ന്ന് സ്‌ട്രോബെറി മാര്‍ക്കറ്റിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി.

ഇതോടെയാണ് മറ്റ് മാര്‍ഗങ്ങളില്ലാതെ കൃഷിയിടത്തില്‍ കെട്ടിക്കിടക്കുന്ന വിളവെടുപ്പ് കഴിഞ്ഞ സ്‌ട്രോബെറികള്‍ കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. സാധാരണഗതിയില്‍ ടൂറിസ്റ്റുകളെ കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നവരും ഐസ്‌ക്രീം നിര്‍മ്മാതാക്കളുമാണ് സ്‌ട്രോബെറി വാങ്ങിക്കുന്നതെന്നും എന്നാല്‍ ലോക്ക്ഡൗണായതോടെ വാഹനസൗകര്യം നിലച്ചതിനെ തുടര്‍ന്ന് ഇവരും തങ്ങളെ സമീപിക്കാതാവുകയായിരുന്നുവെന്നും കര്‍ഷകര്‍ പറയുന്നു. 

ഇതുപോലെ തന്നെയാണ് ബ്രൊക്കോളിയുടെ കാര്യവും. വേനല്‍ക്കാലത്ത് നല്ല വിലയ്ക്ക് വിറ്റുപോകേണ്ടതായിരുന്നു. എന്നാല്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ മാര്‍ഗങ്ങളില്ല. അതിനാല്‍ മനസില്ലാമനസോടെ അത് കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കുന്നു. 

രാജ്യത്ത് പലയിടങ്ങളിലും കര്‍ഷകരുടെ അവസ്ഥ ഇതുതന്നെയാണ്. ബെംഗലൂരുവിനടുത്ത് മുന്തിരിക്കൃഷി ചെയ്യുന്ന കര്‍ഷകന്‍ ടണ്‍ കണക്കിന് മുന്തിരിയാണത്രേ അടുത്തുള്ള കാട്ടില്‍ കൊണ്ടുപോയി കളഞ്ഞത്. പാകമായ മുന്തിരികള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ കഴിയാഞ്ഞതോടെയാണ് ഇദ്ദേഹത്തിന് അത് കാട്ടില്‍ വെറുതെ കളയേണ്ടിവന്നത്. പൂവ് കൃഷി ചെയ്യുന്നവര്‍, വിവിധ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കൃഷി ചെയ്യുന്നവരെല്ലാം ഇത്തരത്തില്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇവര്‍ക്കെല്ലാം ഈ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് സംഭവിച്ചിരിക്കുന്നത്.

click me!