Navratri 2022 : നവരാത്രി വ്രതത്തിലാണോ? കുടിക്കാം ഈ മൂന്ന് പാനീയങ്ങള്‍...

By Web TeamFirst Published Oct 2, 2022, 8:12 AM IST
Highlights

വ്രതാനുഷ്ഠാന കാലത്തും പോഷകങ്ങളും വിറ്റാമിനുകളും ശരീരത്തിന് ലഭിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. വ്രതം എടുക്കുന്നവരുടെ ശരീരത്തിന്‍റെ ഊര്‍ജത്തിനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും പഴങ്ങളും നട്സുമൊക്കെ കൊണ്ടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് നല്ലതാണ്. 

നവരാത്രിയോട് അനുബന്ധിച്ച് പ്രത്യേക വ്രതം നോല്‍ക്കുന്ന ധാരാളം പേരുണ്ട്. ഉള്ളി, വെളുത്തുള്ളി, മാംസം, മുട്ട, മദ്യം എന്നിവ ഒഴിവാക്കി ലഘുവായ ഭക്ഷണം മാത്രം കഴിച്ചുകൊണ്ടുള്ള ഡയറ്റാണ് നവരാത്രി വ്രതത്തിന് പിന്തുടരുക. എന്നാല്‍ ഈ സമയത്തെ ആരോഗ്യ സംരക്ഷണം കുറച്ച് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. 

വ്രതാനുഷ്ഠാന കാലത്തും പോഷകങ്ങളും വിറ്റാമിനുകളും ശരീരത്തിന് ലഭിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. വ്രതം എടുക്കുന്നവരുടെ ശരീരത്തിന്‍റെ ഊര്‍ജത്തിനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും പഴങ്ങളും നട്സുമൊക്കെ കൊണ്ടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് നല്ലതാണ്. 

അത്തരത്തില്‍ ചില പാനീയങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

എബിസി ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ കൊണ്ട് തയ്യാറാക്കുന്നതാണ് എബിസി ജ്യൂസ്. വ്യത്യസ്തമായ ഒരു ഹെൽത്തി, കോംപിനേഷൻ ജ്യൂസ് ആയതിനാൽ ഇതിന് ഗുണങ്ങൾ ഒരുപാടുണ്ട്. ഈ മൂന്നു ചേരുവകളിൽ അടങ്ങിയ വിറ്റാമിനുകളും നാരുകളും ആന്‍റി ഓക്സിഡന്‍റുകളുമാണ് ഇതിനെ വേറിട്ടുനിർത്തുന്നത്. രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഈ ജ്യൂസ് സഹായിക്കും.  ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ കണ്ണിന്‍റെയും ചർമ്മത്തിന്‍റെയും ആരോഗ്യത്തിനുമെല്ലാം ഈ ജ്യൂസ് വളരെ മികച്ചതാണ്. ഇതിനായി തൊലികളഞ്ഞ ആപ്പിള്‍ ഒരണ്ണം, പകുതി ബീറ്റ്റൂട്ട് , ഒരു ക്യാരറ്റ്, ഒരു കപ്പ് വെള്ളം, മധുരത്തിന് അനുസരിച്ച് തേന്‍ എന്നിവ എല്ലാം കൂടി ജ്യൂസറിലോ ബ്ലെൻഡറിലോ അടിച്ചെടുക്കുക. ശേഷം ഇവ അരിക്കാതെ തന്നെ കുടിക്കാവുന്നതാണ്.

രണ്ട്...

സിട്രസ് ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരങ്ങ, ഓറഞ്ച്, മുന്തിരി പോലുള്ള സിട്രസ് പഴങ്ങളെല്ലാം ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഈ പഴങ്ങളിലെല്ലാം അടങ്ങിയിരിക്കുന്ന ഹെസ്പെരിഡിന്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്‍റെ ലക്ഷണങ്ങളെ ലഘൂകരിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ഫൈബറും ലിമോനോയ്ഡ് സംയുക്തങ്ങളും രക്തധമനികള്‍ കട്ടിയാകുന്നത് തടഞ്ഞ് എല്‍ഡിഎല്‍ തോത് കുറച്ച് കൊണ്ടു വരുന്നു. സിട്രസ് പഴങ്ങളിലെ ആന്‍റിഓക്സിഡന്‍റുകള്‍ ഹൃദയാഘാതം തുടങ്ങിയവയുടെ സാധ്യതയും കുറയ്ക്കുന്നു. കൂടാതെ ഇത് ഉന്‍മേഷത്തിനും നല്ലതാണ്. ഇതിനായി ഓറഞ്ചും നാരങ്ങയും ചേര്‍ത്ത് ജ്യൂസ് തയ്യാറാക്കാം. ഇവ ദഹനത്തിനും മികച്ചതാണ്. 

മൂന്ന്...

ഡ്രൈ ഫ്രൂട്ട്സ് ഷേക്ക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഡ്രൈ ഫ്രൂട്ട്സ്. പ്രത്യേകിച്ച് ആല്‍മണ്ട്, പിസ്ത, വാള്‍നട്സ് എന്നിവയൊക്കെ പ്രോട്ടീൻ, ഫൈബർ, അയൺ, സിങ്ക്, പൊട്ടാസ്യം, വിറ്റാമിനുകള്‍,  ആന്റി ഓക്സിഡന്റുകള്‍, മിനറല്‍സ് എന്നിവ അടങ്ങിയതാണ്. ഇവ ശരീരത്തിന് ഊര്‍ജം പകരാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദഹനത്തിനുമൊക്കെ നല്ലതാണ്. ഇതിനായി ആദ്യം രണ്ട് ടീസ്പൂണ്‍ വീതം വാള്‍നട്സ്, ആല്‍മണ്ട്, പിസ്ത, ക്യാഷ്യൂ എന്നിവ എടുത്ത് ബ്ലെൻഡറില്‍ ഇടുക. ശേഷം ഇതിലേയ്ക്ക് കുറച്ച് ഈന്തപ്പഴവും ആല്‍മണ്ട് മില്‍ക്കും ചേര്‍ത്ത് അടിച്ചെടുക്കാം.

Also Read: കീറ്റോ ഡയറ്റാണോ? എങ്കില്‍ ഈ ഏഴ് പച്ചക്കറികള്‍ കൂടി ഉള്‍പ്പെടുത്തൂ...

click me!