മുടി തഴച്ചുവളരാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍...

By Web TeamFirst Published Sep 17, 2019, 11:03 PM IST
Highlights

മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ സമയാസമയം ലഭ്യമാക്കിയാല്‍ ഒരു പരിധി വരെ മുടിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാം. അത്തരത്തില്‍ മുടിക്ക് അവശ്യം വേണ്ട ഒരു പോഷകമാണ് ഫോളിക് ആസിഡ്. ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നത് മുടിക്ക് അഴകും ആരോഗ്യവുമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതിനായി ഫോളിക് ആസിഡ് അടങ്ങിയ അഞ്ചിനം ഭക്ഷണങ്ങളേതെല്ലാമെന്ന് ഒന്ന് അറിയാം

പഴയകാലത്തില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെയെല്ലാം ജീവിതരീതികളില്‍ വലിയ മാറ്റങ്ങളാണ് ഇന്ന് വന്നിട്ടുള്ളത്. തിരക്കുപിടിച്ച ജോലി, ദൈനംദിന പ്രവര്‍ത്തികള്‍, പഠനം, യാത്ര- അങ്ങനെ സ്വന്തം ശരീരത്തെയും മനസിനെയും വേണ്ടവിധം സന്തോഷത്തോടെ കൊണ്ടുനടക്കാന്‍ പോലും സമയമില്ലാതിരിക്കുന്ന അവസ്ഥ. 

ഇത്തരം സാഹചര്യങ്ങളൊക്കെയും നമ്മളില്‍ പ്രകടമായ മാറ്റങ്ങളുമുണ്ടാക്കും. വര്‍ധിച്ചുവരുന്ന മുടികൊഴിച്ചില്‍, മുടിയുടെ ആരോഗ്യം കുറയുന്നത് - ഇതെല്ലാം ഇക്കൂട്ടത്തില്‍ ഒരു പ്രശ്‌നം മാത്രമാണ്. പ്രായം കൂടുംതോറും സ്വാഭാവികമായും മുടി തഴച്ചുവളരുന്നത് മിക്കവരിലും കുറഞ്ഞുവരാറും ഉണ്ട്. 

എന്നാല്‍ മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ സമയാസമയം ലഭ്യമാക്കിയാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കും. അത്തരത്തില്‍ മുടിക്ക് അവശ്യം വേണ്ട ഒരു പോഷകമാണ് ഫോളിക് ആസിഡ്. ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നത് മുടിക്ക് അഴകും ആരോഗ്യവുമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതിനായി ഫോളിക് ആസിഡ് അടങ്ങിയ അഞ്ചിനം ഭക്ഷണങ്ങളേതെല്ലാമെന്ന് ഒന്ന് അറിയാം. 

ഒന്ന്...

മുട്ടയാണ് ഈ ലിസ്റ്റിലെ പ്രധാനപ്പെട്ട ഒരിനം. വളരെയധികം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് മുട്ട. 


ഏത് രീതിയിലും എളുപ്പത്തില്‍ പാകം ചെയ്ത് കഴിക്കാമെന്നതാണ് മുട്ടയുടെ പ്രത്യേകത. അതിനാല്‍ തീര്‍ച്ചയായും മുട്ട ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. 

രണ്ട്...

പച്ചപ്പയര്‍ ആണ് ഇക്കൂട്ടത്തില്‍പ്പെടുന്ന മറ്റൊരു ഭക്ഷണം. ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ത്തന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഇതിന് കൃത്യമായ പങ്കുണ്ട്. ഫോളിക് ആസിഡ് മാത്രമല്ല ഫൈബര്‍, പ്രോട്ടീന്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിങ്ങനെ നമുക്ക് ഏറ്റവുമധികം വേണ്ട ഒരുപിടി ഘടകങ്ങള്‍ പച്ചപ്പയറിലടങ്ങിയിരിക്കുന്നു.

മൂന്ന്...

'സിട്രസ് ഫ്രൂട്ട്‌സ്' ആണ് മൂന്നാമതായി മുടിക്ക് വേണ്ടി തെരഞ്ഞെടുക്കേണ്ട തരം ഭക്ഷണം. ഓറഞ്ച്, നാരങ്ങ, മുന്തിരി, പേരയ്ക്ക എന്നുതുടങ്ങി പല പഴങ്ങളും ഈ ഗണത്തില്‍പ്പെടുന്നു. വിറ്റാമിന്‍-സിക്കാണ് 'സിട്രസ് ഫ്രൂട്ട്‌സ്' പൊതുവേ പേരുകേട്ടിട്ടുള്ളത്. എന്നാല്‍ ഇവയില്‍ ഫോളിക് ആസിഡും നല്ലതോതില്‍ അടങ്ങിയിട്ടുണ്ട്. 

നാല്...

ഇലക്കറികളാണ് ഈ ലിസ്റ്റിലെ മറ്റൊരിനം. ശരീരത്തിന് അനവധി ഗുണങ്ങള്‍ നല്‍കാനുതകുന്നവയാണ് ഇലക്കറികള്‍. അതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തിനും ഇവ ഉപകാരപ്രദമാണ്. 

അഞ്ച്...

ബ്രൊക്കോളിയും മുടിയുടെ കാര്യത്തില്‍ കരുതലുള്ളവര്‍ക്ക് കഴിക്കാന്‍ തെരഞ്ഞെടുക്കാവുന്ന ഒന്നാണ്. 

ബ്രൊക്കോളിക്കും പല തരം ആരോഗ്യഗുണങ്ങളുണ്ട്. ഇതില്‍ ഫോളിക് ആസിഡിനൊപ്പം വിറ്റാമിന്‍-സി, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നുതുടങ്ങി വിവിധയിനം പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

click me!