ചര്‍മ്മത്തെ ചെറുപ്പമാക്കി നിര്‍ത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

By Web TeamFirst Published Apr 1, 2021, 2:07 PM IST
Highlights

ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഡയറ്റില്‍ ഒരല്‍പ്പം ശ്രദ്ധ കൊടുത്താല്‍ മാത്രം മതി. ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ ചില ഭക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കും.

ആരോഗ്യത്തോടൊപ്പം ചര്‍മ്മ സംരക്ഷണത്തിനും ഭക്ഷണത്തിന്‍റെ പങ്ക് വളരെ വലുതാണ്. ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഡയറ്റില്‍ ഒരല്‍പ്പം ശ്രദ്ധ കൊടുത്താല്‍ മാത്രം മതി. ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ ചില ഭക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കും.

അത്തരത്തില്‍ ആരോഗ്യമുള്ള ചർമ്മത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

വിറ്റമിന്‍ സി ധാരാളമടങ്ങിയ ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയവയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയിൽ ചർമ്മത്തിന് ജലാംശം നൽകുകയും, ചർമ്മത്തിലെ വരൾച്ച, കറുത്ത പാടുകൾ എന്നിവയെ അകറ്റുകയും ചെയ്യുന്നു. ഈ സിട്രസ് പഴങ്ങൾ ചർമ്മത്തിന്‍റെ ടോൺ മികച്ചതാക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 

രണ്ട്...

പച്ചിലക്കറികള്‍ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളായ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കും. കൂടാതെ ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും ഇവ സഹായിക്കും. അതിനാല്‍ ചീര, ബ്രോക്കോളി, മുരിങ്ങയില തുടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉൾപ്പെടുത്താം. 

മൂന്ന്...

തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചര്‍മ്മത്തിന്‍റെ ആരോഗ്യം വർധിപ്പിക്കാൻ തക്കാളി സഹായിക്കും. പ്രായമാകുന്നതിന്റെ ഭാഗമായി ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, മറ്റ് കറുത്ത പാടുകൾ തുടങ്ങിയവ നീക്കം ചെയ്യാൻ തക്കാളിക്ക് കഴിയും. അതിനാല്‍ ഇവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം. 

നാല്...

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി1, ബി2, ബി3, ബി6, സി, ഇ, കെ എന്നിവയാൽ സമ്പന്നമായ അവക്കാഡോ തിളക്കമുള്ള ചർമ്മം നല്‍കും. ചർമ്മത്തിലെ ജലാംശം നിലനിർത്താനും അവക്കാഡോയ്ക്ക് കഴിയും. അതുകൊണ്ടു തന്നെ ചർമ്മം കൂടുതൽ ചെറുപ്പമായി തോന്നിക്കുകയും ചെയ്യും.

അഞ്ച്...

വാള്‍നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി, ഇ എന്നിവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഈ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചർമ്മത്തിന്റെ പ്രായാധിക്യ ലക്ഷണങ്ങളെ വൈകിപ്പിക്കുകയും ചർമ്മത്തെ മിക്കപ്പോഴും തിളക്കമാർന്നതായി നിലനിർത്തുകയും ചെയ്യും. 

ആറ്...

ഗ്രീന്‍ ടീ പതിവായി കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഗ്രീന്‍ ടീയിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ് ചര്‍മ്മത്തെ സംരക്ഷിക്കുന്നത്. 

Also Read: മുടി തഴച്ചു വളരാൻ ഇതാ നെല്ലിക്ക കൊണ്ടുള്ള ഹെയർ പാക്കുകൾ...
 

click me!