സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; ഗുണങ്ങള്‍ ഏറെയുണ്ട്

By Web TeamFirst Published Sep 11, 2021, 12:29 PM IST
Highlights

ഈ കൊവിഡ്19 മഹാമാരിയുടെ കാലത്ത്, എല്ലാവരും പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ സിങ്കിന്‍റെ പ്രാധാന്യം വളരെ വലുതാണ്. 

മറ്റേതൊരു പോഷകത്തെയും പോലെ തന്നെ ശരീരത്തിന് അത്യാവശ്യമായ ഒരു ധാതുവാണ് സിങ്ക്. ശാരീരിക പ്രവർത്തനങ്ങളെ ആരോഗ്യമുള്ളതാക്കി കൊണ്ടുപോകാൻ ഇവ സഹായിക്കും. ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനം നിലനിർത്തുക, ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിവയ്ക്കും സിങ്ക് ആവശ്യമാണ്. മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും സിങ്ക് സഹായിക്കും. 

പ്രത്യേകിച്ച് ഈ കൊവിഡ്19 മഹാമാരിയുടെ കാലത്ത്, എല്ലാവരും പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ സിങ്കിന്‍റെ പ്രാധാന്യം വളരെ വലുതാണ്. തുമ്മല്‍, മറ്റ് അലര്‍ജികള്‍ എന്നിവയില്‍ നിന്ന് ശരീരത്തെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുപോലെ തന്നെ, മുറിവുണക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്താനും ഹൃദയം, കണ്ണ്, ചര്‍മ്മം എന്നിവയുടെ ആരോഗ്യത്തിനും സിങ്ക് സഹായിക്കും. അതിനാല്‍ സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

ശരീരത്തില്‍ സിങ്കിന്‍റെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും ദഹനത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. അതുപോലെ തന്നെ മുറിവ് ഉണങ്ങാന്‍ സമയമെടുക്കുക, തലമുടി കൊഴിച്ചില്‍, രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്. സിങ്കിന്റെ കുറവ് കുട്ടികളിലും കൗമാരക്കാരിലും വിളര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ തടയാന്‍ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാം. 

സിങ്ക് അടങ്ങിയിരിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

സിങ്കിന്‍റെ നല്ല സ്രോതസ്സാണ് പയറുവര്‍ഗങ്ങള്‍. അതിനാല്‍ നിലക്കടല, വെള്ളക്കടല, ബീന്‍സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്...

ബദാം, കശുവണ്ടി, വാള്‍നട്സ്, മത്തങ്ങ കുരു തുടങ്ങിയവയിലും സിങ്ക് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് നല്ലതാണ്. 

മൂന്ന്...

പഴങ്ങളിലും പച്ചക്കറികളിലും സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. അവക്കാഡോ, പേരയ്ക്ക, മാതളം, ചീര, ബ്രൊക്കോളി എന്നിവ പ്രത്യേകം തെരഞ്ഞെടുത്ത് കഴിക്കാം. 

നാല്... 

പാൽ, ചീസ്, തൈര് എന്നിവയുൾപ്പെടെയുള്ള പാലുൽപ്പന്നങ്ങളും സിങ്കിന്‍റെ സ്രോതസ്സാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്...

അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് മുട്ടയാണ്. പോഷകങ്ങളുടെ കലവറയാണ് മുട്ട. വിറ്റാമിന്‍ എ, ബി, സി ഡി, ഇ  എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഒപ്പം കാത്സ്യം, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ടയില്‍ അഞ്ച് ശതമാനത്തോളം സിങ്ക് അടങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.  

ആറ്...

ചിക്കനിലും അത്യാവശ്യം വേണ്ട സിങ്ക് അടങ്ങിയിട്ടുണ്ട്. ചിക്കന്‍ സൂപ്പ്, ഗ്രില്‍ ചെയ്ത ചിക്കന്‍ എന്നിവ കഴിക്കുന്നത്  സിങ്ക് ശരീരത്തിലെത്തുന്നതിന് സഹായിക്കും.

Also Read: 'സുഗന്ധവ്യഞ്ജനങ്ങളുടെ റാണി'; അറിയാം ഏലയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!