ഈ നാല് ഭക്ഷണങ്ങൾ ടൈപ്പ് 2 പ്രമേഹ സാധ്യത വർദ്ധിപ്പിക്കാം

By Web TeamFirst Published Apr 13, 2021, 7:08 PM IST
Highlights

പ്രീ ഡയബറ്റിക് അവസ്ഥയിലുള്ള ഒരാൾക്ക് ടൈപ്പ് 2 പ്രമേഹം വരുന്നത് തടയാൻ ജീവിതശൈലീമാറ്റത്തിലൂടെ സാധിക്കുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു.
 

രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിശ്ചിത നിരക്കില്‍ നിന്നും വര്‍ദ്ധിക്കുന്ന അവസ്ഥയാണ്‌ പ്രമേഹം. 34 ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക്  പ്രമേഹം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തെറ്റായ ഭക്ഷണക്രമവും വ്യായാമത്തിന്റെ അഭാവവുമാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണമായി വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കരിൽ മൂന്ന് പേരിൽ ഒരാൾക്ക് 'പ്രീ ഡയബറ്റിസ്' ഉണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അവരിൽ 84 ശതമാനം പേർക്കും ഇത് ഉണ്ടെന്ന് പോലും അറിയില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. പ്രീ ഡയബറ്റിക് അവസ്ഥയിലുള്ള ഒരാൾക്ക് ടൈപ്പ് 2 പ്രമേഹം വരുന്നത് തടയാൻ ജീവിതശൈലീമാറ്റത്തിലൂടെ സാധിക്കുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു.

പ്രീ ഡയബറ്റിസ് ഉണ്ടെന്ന് കണ്ടെത്തിയാൽ, അതിനർത്ഥം ശരീരത്തിലെ കോശങ്ങൾ ഇൻസുലിനോട് ശരിയായി പ്രതികരിക്കുന്നില്ലെന്നും അതിന്റെ ഫലമായി കോശങ്ങളോട് പ്രതികരിക്കാനുള്ള ശ്രമത്തിൽ കൂടുതൽ ഇൻസുലിൻ ഉണ്ടാക്കുന്നതിലൂടെ പാൻക്രിയാസ് അമിതമാകുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

പ്രീ ഡയബറ്റിസ് ഉണ്ടെന്ന് കണ്ടെത്തിയാൽ ഈ അവസ്ഥയെ മറികടന്ന് ടൈപ്പ് 2 പ്രമേഹം വരുന്നത് തടയാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുക, വ്യായാമം ശീലമാക്കുക, ശരീരഭാരം കുറയ്ക്കുക എന്നിവ ശ്രദ്ധിക്കുക. ചില ഭക്ഷണങ്ങൾ ടൈപ്പ് 2 പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതിന് കാരണമാകാമെന്ന് വിദ​ഗ്ധർ പറയുന്നു...

ഒന്ന്...

പാൻക്രിയാസിനെ മദ്യം പ്രതികൂലമായി ബാധിക്കുന്നതിനാൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കാമെന്ന് ന്യൂട്രീഷ്യനിസ്റ്റ് സിഡ്നി ഗ്രീൻ പറയുന്നു. അമിതമായി മദ്യപ്പിക്കുന്നത് പാൻക്രിയാസിൽ വിട്ടുമാറാത്ത വീക്കം ഉണ്ടാക്കാം. ഇത് ഇൻസുലിൻ സ്രവിക്കാനുള്ള കഴിവിനെ ദുർബലപ്പെടുത്തുകയും പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യും.

 

 

രണ്ട്...

മധുരപാനീയങ്ങൾ പൊതവേ ആരോ​ഗ്യത്തിന് നല്ലതല്ലെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. പുരുഷന്മാർ ദിവസവും 36 ഗ്രാമിൽ കൂടുതലും സ്ത്രീകൾ  25 ഗ്രാമിലും അധിക പഞ്ചസാര കഴിക്കരുതെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ഒരു കപ്പ് ഐസ് ടീയിൽ  15 ഗ്രാമിൽ കൂടുതൽ പഞ്ചസാര അടങ്ങിയിരിക്കാമെന്നും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. മധുരം അമിതമായി ശരീരത്തിലെത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിന് കാരണമാകും.

മൂന്ന്...

വൈറ്റ് ബ്രെഡ്, പാസ്ത, അരി, പേസ്ട്രി എന്നിവയിൽ ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾ ഈ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.

കാരണം ഹൈപ്പർ ഗ്ലൈസീമിയ എന്ന അവസ്ഥയിലേക്ക് എത്തിക്കാം. ഷുഗര്‍ കൂടുന്ന അവസ്ഥയാണ് ഇത്. അമിതമായ ക്ഷീണം, അമിതമായ പതിവിലും കൂടുതല്‍ ഉള്ള ദാഹം, അമിതമായ മൂത്രം പോക്ക് തുടങ്ങിയ ലക്ഷണങ്ങള്‍ ഷുഗര്‍ കൂടുന്നതിന് സൂചിപ്പിക്കുന്നു.

ഈ അവസ്ഥയ്ക്ക് ചികിത്സ നൽകിയില്ലെങ്കിൽ അത് പിന്നീട് വൃക്ക തകരാറുകൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ,  ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി സങ്കീർണതകളിലേക്ക് നയിക്കാം. 

 

 

നാല്...

ഐസ് ക്രീം പ്രമേഹം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കും.  ഫുൾ ഫാറ്റ് ഐസ്ക്രീമിൽ പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹത്തിനും ഹൃദയ സംബന്ധമായ രോഗങ്ങൾക്കും കാരണമാകുമെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ പറയുന്നു. 

കൊവിഡ് രോഗികള്‍ക്കുള്ള രണ്ട് സുപ്രധാന പരിശോധനകള്‍ സൗജന്യമാക്കി ഗോവ

click me!