Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗികള്‍ക്കുള്ള രണ്ട് സുപ്രധാന പരിശോധനകള്‍ സൗജന്യമാക്കി ഗോവ

കൊവിഡ് രോഗികളുടെ ആരോഗ്യനില ഇടവിട്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം മരണനിരക്ക് ഉയരാനുള്ള സാധ്യകളേറെ ആയിരിക്കും. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ വേണ്ടിയാണ് കൊവിഡ് രോഗികള്‍ക്കുള്ള രണ്ട് പ്രധാനപ്പെട്ട പരിശോധനകള്‍ സൗജന്യമാക്കിയത്

goa government declares free of cost vital tests for covid patients
Author
Panaji, First Published Apr 12, 2021, 10:51 PM IST

പനാജി: കൊവിഡ് രോഗികള്‍ക്കുള്ള രണ്ട് സുപ്രധാന പരിശോധനകള്‍ സൗജന്യമാക്കി പ്രഖ്യാപിച്ച് ഗോവ സര്‍ക്കാര്‍. രാജ്യത്ത് തന്നെ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് ഗോവ. 

കൊവിഡ് രോഗികളുടെ ആരോഗ്യനില ഇടവിട്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം മരണനിരക്ക് ഉയരാനുള്ള സാധ്യകളേറെ ആയിരിക്കും. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ വേണ്ടിയാണ് കൊവിഡ് രോഗികള്‍ക്കുള്ള രണ്ട് പ്രധാനപ്പെട്ട പരിശോധനകള്‍ സൗജന്യമാക്കിയത്. 

'ഡി-ഡൈമെര്‍, ഇന്റര്‍ലൂക്കിന്‍ -6 എന്നീ പരിശോധനകളാണ് കൊവിഡ് രോഗികള്‍ക്കായി സൗജന്യമാക്കിയിട്ടുള്ളത്. ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതിനുള്ള സൗകര്യമേര്‍പ്പെടുത്തും. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലൊരു നടപടിയിലേക്ക് കടക്കുന്നത്. കൊവിഡ് രോഗിയുടെ ആരോഗ്യനിലയിലെ പുരോഗതികള്‍ രേഖപ്പെടുത്താനാണ് ഈ പരിശോധനകള്‍ സഹായകമാവുക. ഏതെങ്കിലും തരത്തിലുള്ള അധിക ചികിത്സയോ ശ്രദ്ധയോ രോഗിക്ക് ആവശ്യമാണെങ്കില്‍ അത് സമയബന്ധിതമായി മനസിലാക്കാന്‍ ഈ പരിശോധനകള്‍ കൂടിയേ തീരു. അങ്ങനെ മരണനിരക്ക് കുറയ്ക്കാമെന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്...'- ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറയുന്നു. 

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേകയോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് സൗജന്യ പരിശോധനയുടെ വിവരം അറിയിച്ചത്. 4,500ലധികം ആക്ടീവ് കേസുകളാണ് നിലവില്‍ ഗോവയിലുള്ളത്.

Also Read:- കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങള്‍; കൊവിഡ് ഭീകരത തെളിയിക്കുന്ന ചിത്രങ്ങള്‍...

Follow Us:
Download App:
  • android
  • ios