ഇരുമ്പിന്റെ കുറവ് നിസാരമായി കാണേണ്ട; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

By Web TeamFirst Published Apr 9, 2020, 10:40 AM IST
Highlights

വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഇരുമ്പ് അത്യാവശ്യമാണ്. സ്ത്രീകളെ സംബന്ധിച്ച് ആര്‍ത്തവം, ഗര്‍ഭകാലം, മുലയൂട്ടല്‍ എന്നീ ഘട്ടങ്ങളിലെല്ലാം ഇരുമ്പിന്റെ ആവശ്യകത വളരെ കൂടുതലാണ്. 

ശരീരത്തിനുവേണ്ട ധാതുലവണങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഇരുമ്പ്. മനുഷ്യശരീരത്തിലെ ഇരുമ്പിന്റെ നല്ലൊരു ശതമാനം രക്തത്തിലെ ഹിമോഗ്ലോബിനിലാണ് അടങ്ങിയിരിക്കുന്നത്. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍ ഹിമോഗ്ലോബിന്റെ അളവ് കുറയുകയും അനീമിയക്ക് കാരണമാവുകയും ചെയ്യുന്നു.

വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഇരുമ്പ് അത്യാവശ്യമാണ്. സ്ത്രീകളെ സംബന്ധിച്ച് ആര്‍ത്തവം, ഗര്‍ഭകാലം, മുലയൂട്ടല്‍ എന്നീ ഘട്ടങ്ങളിലെല്ലാം ഇരുമ്പിന്റെ ആവശ്യകത വളരെ കൂടുതലാണ്. ഗര്‍ഭകാലത്ത് കുഞ്ഞിന് ആവശ്യമായ ഇരുമ്പ് അമ്മയുടെ ശരീരത്തു നിന്നാണ് വലിച്ചെടുക്കുന്നത്. അതിനാല്‍ അമ്മയുടെ രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് താഴ്ന്നു പോകാം. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കാം. ഈ അവസരങ്ങളില്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നകള്‍ക്കൊപ്പം ഇരുമ്പിന്റെ അംശം കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കുകയും വേണം.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് 40 ശതമാനം ചെറിയ കുട്ടികളിലും ഗര്‍ഭിണികളിലും അനീമിയ കണ്ടുവരുന്നു. ജനിച്ച് ആറുമാസം മുതല്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന കട്ടിയാഹാരങ്ങളില്‍ ആവശ്യത്തിന് ഇരുമ്പ് അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനായി ഇരുമ്പിന്റെ അംശം കൂടുതലുള്ള റാഗി, ശര്‍ക്കര എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെ...?

ഒന്ന്...

പപ്പായയാണ് രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ധിപ്പിക്കുന്ന മറ്റൊരു പഴം. ഇത് രക്തത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും പപ്പായ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. 

രണ്ട്...

മാതള നാരങ്ങയാണ് പ്ലേറ്റലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ഭക്ഷണം. ധാരാളം അയേണ്‍ കണ്ടന്റ് ഉള്ളതാണ് മാതള നാരങ്ങ. ഇത് രക്തക്കുറവ് പരിഹരിക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 

മൂന്ന്...

വീറ്റ് ഗ്രാസ് കൊണ്ട് രക്തത്തിലെ പ്ലേറ്റലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നു. ദിവസവും ഒരു ഗ്ലാസ്സ് വീറ്റഗ്രാസ് കഴിയ്ക്കുന്നത് നല്ലതാണ്. 

നാല്...

ബീറ്റ്റൂട്ട് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പിന്‍റെ അംശം ഉണ്ടെന്നതിനൊപ്പം ഉയർന്ന അളവില്‍ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ് റൂട്ടില്‍ അടങ്ങിയിരിക്കുന്നു. ധാരാളം നൈട്രേറ്റ് അടങ്ങിയ ബീറ്റ്റൂട്ട് ദിവസവും ജ്യൂസായി കുടിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാൻ സഹായിക്കും.

അഞ്ച്...

പയറുവർഗ്ഗങ്ങളായ ബീന്‍സ്, നിലക്കടല എന്നിവ നിങ്ങളിലെ ഹീമോഗ്ലോബിന്‍ നിരക്ക് ഉയർത്തും. ചുവന്ന രക്താണുക്കളുടെ വർദ്ധനവിന് ഇവ ഏറ്റവും അനുയോജ്യമാണ്. പയര്‍ മുളപ്പിച്ച് കഴിക്കുന്നതും നല്ലതാണ്. 


 

click me!