മാതാപിതാക്കൾ അറിയാൻ; കുട്ടികളുടെ ഡയറ്റിൽ നിർബന്ധമായി ഉൾപ്പെടുത്തേണ്ട 7 ഭക്ഷണങ്ങൾ

By Web TeamFirst Published Jan 21, 2021, 9:47 PM IST
Highlights

ചെറുപ്പത്തില്‍ തന്നെ ആരോഗ്യകരമായ ഭക്ഷണരീതി കുട്ടികളെ ശീലിപ്പിക്കേണ്ടതുണ്ട്. അവരുടെ സ്വന്തം തെരഞ്ഞെടുപ്പിന് അത് വിട്ടുകൊടുക്കാതെ മാതാപിതാക്കള്‍ തന്നെ നിശ്ചയിച്ച്, അവരെ പരിശീലിപ്പിക്കുക. ഇത്തരത്തില്‍ കുട്ടികളുടെ ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം

കുട്ടികളുടെ വളര്‍ച്ചയില്‍ ഏറ്റവും സുപ്രധാനമായ പങ്ക് വഹിക്കുന്നത് ഭക്ഷണം തന്നെയാണ്. വളര്‍ന്നുവരുന്ന പ്രായത്തില്‍ എന്ത് കഴിക്കുന്നു, എത്ര കഴിക്കുന്നു എന്നതെല്ലാം ഏറെ ഗൗരവമുള്ള വിഷയങ്ങളാണ്. 

ചെറുപ്പത്തില്‍ തന്നെ ആരോഗ്യകരമായ ഭക്ഷണരീതി കുട്ടികളെ ശീലിപ്പിക്കേണ്ടതുണ്ട്. അവരുടെ സ്വന്തം തെരഞ്ഞെടുപ്പിന് അത് വിട്ടുകൊടുക്കാതെ മാതാപിതാക്കള്‍ തന്നെ നിശ്ചയിച്ച്, അവരെ പരിശീലിപ്പിക്കുക. ഇത്തരത്തില്‍ കുട്ടികളുടെ ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം. 

ഒന്ന്...

പാല്‍ ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും ആദ്യമായി വരുന്നത്. ചില കുട്ടികളുടെ ശരീരത്തിന് പശുവിന്‍ പാല്‍ യോജിക്കാറില്ല. ദഹനപ്രശ്‌നങ്ങളുള്‍പ്പെടെയുള്ള വിഷമതകള്‍ വരാം. അങ്ങനെയെങ്കില്‍ പാല്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കാം. അല്ലാത്ത പക്ഷം നിര്‍ബന്ധമായും കുട്ടികളെ പാല്‍ കഴിച്ച് ശീലിപ്പിക്കണം. കാത്സ്യം, വൈറ്റമിന്‍-ഡി, പ്രോട്ടീന്‍ തുടങ്ങിയവയുടെ ഉത്തമ സ്രോതസാണ് പാല്‍. 

രണ്ട്...

ധാരാളം ഫൈബറടങ്ങിയിട്ടുള്ള ധാന്യങ്ങളാല്‍ തയ്യാറാക്കുന്ന ഭക്ഷണവും കുട്ടികള്‍ക്ക് നല്‍കുക. ദഹനവ്യവസ്ഥ മെച്ചപ്പെടാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങളൊഴിവാക്കാനും ഇത് സഹായിക്കും. 

മൂന്ന്...

മുട്ടയാണ് ഈ പട്ടികയില്‍ അടുത്തതായി ഉള്‍പ്പെടുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണം.

 

 

പ്രോട്ടീന്‍, വൈറ്റമിനുകള്‍ എന്നിവയുടെ കലവറയാണ് മുട്ട. ഇതിലടങ്ങിയിരിക്കുന്ന 'കോളിന്‍' എന്ന പദാര്‍ത്ഥം കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയെ അനുകൂലമായി സ്വാധീനിക്കുന്നു. 

നാല്...

മിക്ക കുട്ടികളെ കുറിച്ചും മാതാപിതാക്കള്‍ക്കുള്ള പരാതിയാണ് പച്ചക്കറികള്‍ കഴിക്കുന്നില്ല എന്നത്. നന്നെ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ എല്ലാ പച്ചക്കറികളും കഴിപ്പിച്ച് ശീലിപ്പിക്കേണ്ടതുണ്ട്. കാരറ്റ്, ബ്രൊക്കോളി, ചോളം, ചീര തുടങ്ങിയവയെല്ലാം കുട്ടികള്‍ക്ക് ഏറെ ഗുണങ്ങള്‍ നല്‍കുന്ന പച്ചക്കറികളാണ്. 

അഞ്ച്...

ആരോഗ്യകരമായ കൊഴുപ്പിനെയെത്തിക്കാന്‍ കുട്ടികള്‍ക്ക് പീനട്ട് ബട്ടറും നല്‍കാം. ബ്രഡിനോ ചപ്പാത്തിക്കോ റൊട്ടിക്കോ ഒപ്പമെല്ലാം ഇത് കഴിക്കാവുന്നതാണ്. പീനട്ട് ബട്ടര്‍ ചില കുട്ടികളില്‍ അലര്‍ജിയുണ്ടാക്കാറുണ്ട്. അക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 

ആറ്...

മീന്‍ കഴിക്കാന്‍ ചില കുട്ടികള്‍ വിസമ്മതിക്കുന്നത് കാണാറുണ്ട്. എന്നാല്‍ പ്രോട്ടീനിന്റെ നല്ലൊരു ഉറവിടമായ മീന്‍, എല്ലുകളുടേയും പേശികളുടേയും വളര്‍ച്ചയില്‍ വലിയൊരു പങ്ക് വഹിക്കുന്ന ഭക്ഷണമാണെന്നോര്‍ക്കുക. 

 

അതിനാല്‍ എങ്ങനെയും കുട്ടികളെ മീന്‍ കഴിച്ച് ശീലിപ്പിക്കുക.

ഏഴ്...

മിക്ക കുട്ടികള്‍ക്കും ചോറ് നല്‍കിത്തുടങ്ങുന്ന സമയം തൊട്ട് അമ്മമാര്‍ തൈരും നല്‍കാറുണ്ട്. കട്ടത്തൈര് കാത്സ്യത്തിന്റെ നല്ലൊരു സ്രോതസാണ്. പാല്‍ കഴിക്കാത്ത കുട്ടികളാണെങ്കില്‍ അവരുടെ ഡയറ്റില്‍ തീര്‍ച്ചയായും തൈര് ഉള്‍പ്പെടുത്തേണ്ടതുണ്ട്. 

Also Read:- രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ ഇതാ ചില വഴികൾ, കുറിപ്പ് വായിക്കാം...

click me!