ഇളനീർ ദോശയും കിടിലൻ ബീറ്റ്‌റൂട്ട് ചമ്മന്തിയും തയ്യാറാക്കിയാലോ...

By Web TeamFirst Published Jan 21, 2021, 4:40 PM IST
Highlights

ഇളനീർ കൊണ്ട് കിടിലൊരു ദോശ തയ്യാറാക്കിയാലോ... ഇതിന്റെ കൂടെ കഴിക്കാൻ പറ്റിയതാണ് ബീറ്റ്‌റൂട്ട് ചമ്മന്തി.... ഇനി എങ്ങനെയാണ് ഇത് രണ്ടും തയ്യാറാക്കുന്നതെന്ന് നോക്കാം...

പ്രഭാതഭക്ഷണത്തിൽ പ്രധാനവിഭവമാണല്ലോ ദോശ. പലതരത്തിലുള്ള ദോശകളുണ്ട്. മുട്ട ദോശ, ​ഗോതമ്പ് ദോശ, റവ ദോശ, മസാല ദോശ, ചീസ് ദോശ ഇങ്ങനെ നിരവധി ദോശകൾ...ഇളനീർ കൊണ്ട് കിടിലൊരു ദോശ തയ്യാറാക്കിയാലോ... വളരെ പെട്ടെന്ന് തയ്യാറാക്കാനാവുന്ന ഒന്നാണ് ഇളനീർ ദോശ. ഇതിന്റെ കൂടെ കഴിക്കാൻ പറ്റിയതാണ് ബീറ്റ്‌റൂട്ട് ചമ്മന്തി.... ഇനി എങ്ങനെയാണ് ഇത് രണ്ടും തയ്യാറാക്കുന്നതെന്ന് നോക്കാം...

ഇളനീർ ദോശ...

ഇളനീർ  വെള്ളം                     1 ഗ്ലാസ്സ്
ഇളനീർ കാമ്പ്  (കരിക്ക് )      ഒരു കപ്പ്
പച്ചരി                                         ഒരു കപ്പ്
പഞ്ചസാര                                 1/ 2 സ്പൂൺ
ഉപ്പ്                                             ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ഒരു കപ്പ് പച്ചരി 4 മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർത്തതിന് ശേഷം, വെള്ളം പൂർണമായും കളയുക. മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അരി , ഒരു കപ്പ് കരിക്ക്, ഒരു കപ്പ് ഇളനീർ വെള്ളം, എന്നിവ നന്നായി അരച്ച് എടുക്കുക .അരച്ച മാവിലേക്ക് ഉപ്പും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്തു യോജിപ്പിക്കുക .ദോശ കല്ല് ചൂടാകുമ്പോൾ മാവ് ഒഴിച്ച് പരത്തി എണ്ണയോ നെയ്യോ ചേർത്ത് രണ്ടു വശവും വേവിച്ച് എടുക്കുക. വളരെ മൃദുലവും ഇളനീരിന്റെ രുചിയും മണവും പൂർണമായും ലഭിക്കുന്ന നല്ലൊരു ദോശ ആണ് ഇളനീർ ദോശ.

 ബീറ്റ്റൂട്ട് ചമ്മന്തി...

ബീറ്റ്റൂട്ട്                   1  എണ്ണം
പച്ചമുളക്                  2 എണ്ണം
ഉഴുന്ന് പരിപ്പ്           1 സ്പൂൺ
സവാള                      3 സ്പൂൺ
ഇഞ്ചി                         ചെറിയൊരു കഷ്ണം
ഉപ്പ്                            1/ 4  സ്പൂൺ
കറിവേപ്പില          ആവശ്യത്തിന്
എണ്ണ                         ഒരു സ്പൂൺ
കടുക്                        1/ 2 സ്പൂൺ
ചുവന്ന മുളക്          2  എണ്ണം

 തയ്യാറാക്കുന്ന വിധം...

 ഒരു ബീറ്റ്റൂട്ട് തോലൊക്കെ കളഞ്ഞു ചെറുതായി കട്ട് ചെയ്തു കുറച്ചു വെള്ളം ഒഴിച്ച് ഒന്ന് വേവിച്ചു എടുക്കുക . വെള്ളം മാറ്റിയ ശേഷം .മറ്റൊരു പാൻ വച്ച് ചൂടാകുമ്പോ അതിലേക്കു ഒരു സ്പൂൺ എണ്ണ , ഇഞ്ചി, പച്ചമുളക്, ഉഴുന്ന് ,കറിവേപ്പില, സവാള എന്നിവ നന്നായി പച്ചമണം മാറുന്ന വരെ വഴറ്റി എടുക്കുക . അതിലേക്കു വേവിച്ച ബീറ്റ്‌റൂട്ടും ചേർത്ത് ഒന്നുകൂടെ മിക്സ് ചെയ്തു തണുക്കുമ്പോൾ നന്നായി അരച്ച് ഒരു പാത്രത്തിലേക്ക് മാറ്റാം. അതിലേക്കു കുറച്ചു എണ്ണയും കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് നന്നായി വറുത്ത് ചമ്മന്തിയിലേക്ക് ചേർത്ത് മിക്സ് ചെയ്തു യോജിപ്പിക്കുക.

തയ്യാറാക്കിയത്:
ആശ, 
ബാംഗ്ലൂർ 

ചുവന്ന ചീരയില കൊണ്ട് കിടിലനൊരു സൂപ്പ് തയ്യാറാക്കിയാലോ...
 

click me!