അമിത വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ ഭക്ഷണങ്ങൾ രാത്രി ഒഴിവാക്കിക്കോളൂ...

By Web TeamFirst Published Jun 13, 2020, 11:30 AM IST
Highlights

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍  രാത്രികാലങ്ങളിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

'വണ്ണം കുറയ്ക്കാന്‍ നൂറ് വഴികള്‍ പരീക്ഷിച്ചു,  എന്നിട്ടും പ്രയോജനമില്ല'  എന്ന് പറയുന്നവരാണ് പലരും. ശരിയായ സമയത്ത് ശരിയായ ഭക്ഷണം എന്നതാണ് വണ്ണം കുറയ്ക്കാനുള്ള ഒരേയൊരു വഴി. ഒപ്പം വ്യായാമവും വേണം. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രമിക്കുക. രാത്രി കഴിക്കുന്ന ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവ കുറഞ്ഞ അളവിലായിരിക്കണം. 

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍  രാത്രികാലങ്ങളിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

ഒന്ന്... 

കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ രാത്രി പൂർണമായും ഒഴിവാക്കണം.  ഇവ ആരോഗ്യത്തിന് നല്ലതല്ല എന്നുമാത്രമല്ല ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ വിഫലമാക്കുകയും ചെയ്യും. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങൾ ശരീരത്തിലെ കലോറി വർദ്ധിപ്പിക്കാൻ കാരണമാകാറുണ്ട്. 

രണ്ട്...

സിനിമ കാണാൻ പോകുമ്പോൾ  പോപ്കോൺ കഴിക്കുന്നത് പലരുടെയും ശീലമാണ്.  കടകളിൽ നിന്നു വാങ്ങുന്ന പോപ്‌കോണുകളിൽ ധാരാളം 'ട്രാൻ-കൊഴുപ്പു'കളും ഉപ്പും അടങ്ങിയിരിക്കുന്നു. രാത്രികാലങ്ങളിൽ ഇത് കഴിക്കുന്നത് ശരീരഭാരം വർദ്ധിക്കാന്‍ കാരണമാകാം. 

മൂന്ന്...

തക്കാളി സോസ് അഥവാ കെച്ചപ്പ് വളരെ രുചികരവും എല്ലാത്തരം ഭക്ഷണവിഭവങ്ങളോടും കൂടെയും  കഴിക്കാവുന്നതുമാണ്. എന്നാൽ രാത്രികാലങ്ങളിൽ ഇതിന്റെ ഉപയോഗം അധികം വേണ്ട. ഇതിൽ  പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ഇത് ശരീരഭാരം വർദ്ധിക്കാൻ കാരണമാകും. 

നാല്...

 ഫ്രഞ്ച് ഫ്രൈസുകളിൽ ഉയർന്ന അളവിൽ കൊഴുപ്പും,  കലോറിയും അടങ്ങിയിരിക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കൂടാന്‍ സാധ്യതയുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരാൾ രാത്രിയിൽ ഏറ്റവുമാദ്യം ഒഴിവാക്കേണ്ട ഭക്ഷണങ്ങളിൽ ഒന്നാണിത്.

അഞ്ച്...

ചീസിൽ ധാരാളം കൊഴുപ്പും കൊളസ്ട്രോളും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ രാത്രിയിൽ ചീസ് കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ മാത്രമേ കാരണം ആവുകയുള്ളൂ. ഒപ്പം പാൽ ഉൽപന്നങ്ങൾ, മയോണൈസ് എന്നിവയും രാത്രി ഒഴിവാക്കുന്നതാണ് നല്ലത്.

ആറ്...

രാത്രിഭക്ഷണമായി പിസ കഴിക്കുന്ന ശീലമുണ്ടോ? കാർബോഹൈഡ്രേറ്റ്സ്, ഉപ്പ്, സോഡിയം, ചീസ്, ടോപ്പിംഗുകളിൽ ഉപയോഗിക്കുന്ന മാംസം തുടങ്ങിയവ അടങ്ങിയ പിസ നിങ്ങളുടെ ശരീരഭാരം പെട്ടെന്ന് വർദ്ധിപ്പിക്കാൻ കാരണമാകും.

ഏഴ്...

 പോഷകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നതും ശരീരത്തിന് ഊർജ്ജം നൽകുന്നതുമായ നട്സുകളും രാത്രി കഴിക്കാതിരിക്കുന്നതാണ് നല്ലത്. നട്സിലെ പോഷകങ്ങളെല്ലാം ഉയർന്ന അളവിൽ വരുന്നത് ഇതിൽ അടങ്ങിയിട്ടുള്ള കലോറികളിൽ നിന്നാണ്. അതിനാൽ നട്സ് രാവിലെ കഴിക്കുന്നതാണ് കൂടുതൽ നല്ലത്.  

എട്ട്...

ഐസ്ക്രീം ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. നാമെല്ലാവരും മിക്കപ്പോഴും മറ്റ് ഭക്ഷണം കഴിച്ച ശേഷം ഐസ്ക്രീം കഴിക്കാറുണ്ട്. പക്ഷേ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇത് ഒഴിവാക്കേണ്ടതാണ്. പ്രത്യേകിച്ചും രാത്രിയിൽ. ഐസ്ക്രീമിലെ പഞ്ചസാരയും കലോറിയും ശരീരഭാരം കുറയ്ക്കുന്നതിനെ തടയും.

ഒന്‍പത്...

ഡാർക്ക് ചോക്ലേറ്റ് സാധാരണ ചോക്ലേറ്റിനേക്കാൾ ആരോഗ്യകരമാണ് എന്ന കാര്യം എല്ലാവർക്കും അറിയാം. ഇത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും ഗുണം ചെയ്യുന്നതാണ്. എന്നാൽ രാത്രികാലങ്ങളിൽ ഇത് കഴിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. ഇതിലെ ഉയർന്ന അളവിലുള്ള പഞ്ചസാരയും കലോറിയും ദഹനപ്രക്രിയയ്ക്ക് തടസ്സം സൃഷ്ടിക്കുകയും ശരീരഭാരം കുറയ്ക്കുന്നത് തടയുകയും ചെയ്യും. 

പത്ത്... 

മട്ടൺ, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങൾ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ നൽകാൻ സഹായിക്കുന്നവയാണ്. എന്നാൽ ഇവയിൽ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രാത്രികാലങ്ങളിൽ ഇവ കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാന്‍ കാരണമാകും. അതിനാല്‍ റെഡ് മീറ്റിനോട് രാത്രി 'നോ' പറയാം. 

പതിനൊന്ന്... 

മിഠായികളും രാത്രി ഒഴിവാക്കേണ്ടതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തും.  വണ്ണം കൂടാനും കാരണമാകും. 

പന്ത്രണ്ട്... 

ദിവസവും ഒരു നേരം മാത്രമേ ചോറ് കഴിക്കാവൂ, അത് രാത്രിയാകരുത്. കാർബോഹൈഡ്രേറ്റിനാൽ സംപുഷ്ടമാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും.വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചോറിന് പകരം ചപ്പാത്തി കഴിക്കാന്‍ ശ്രമിക്കുക. 

പതിമൂന്ന്... 

ബിരിയാണി പോലുള്ള ഭക്ഷണങ്ങളും രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കും. ഒപ്പം വണ്ണം വയ്ക്കാനുള്ള സാധ്യതയും കൂട്ടും. 

പതിനാല്...

കപ്പ, ഉരുളക്കിഴങ്ങ് പോലുള്ള കിഴങ്ങുവർഗങ്ങളും രാത്രിയിൽ വേണ്ട. ഇവ ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. വണ്ണം വയ്ക്കാനുള്ള സാധ്യതയും കൂട്ടാം. 

Also Read: അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന നാല് നട്സുകൾ...

click me!