വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള 'സ്‌നാക്സ്' ആണ് നട്സ്. ദിവസവും നട്സ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയെ വരെ  കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. 

അമിതവണ്ണം ചിലര്‍ക്കെങ്കിലും പ്രശ്നമായി തോന്നാം. വണ്ണം കുറയ്ക്കാനായി പല വഴികള്‍ തിരയുന്നവരും ഉണ്ടാകാം. പലപ്പോഴും മോശം ജീവിതശൈലിയാണ് ഇത്തരത്തില്‍ അമിതവണ്ണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നത്. കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും ഒപ്പം വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കൂ. 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള 'സ്‌നാക്സ്' ആണ് നട്സ്. ദിവസവും നട്സ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയെ വരെ കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില നട്സുകൾ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ പ്രമേഹമുള്ളവര്‍ക്ക് വരെ കഴിക്കാവുന്നതാണ്. ദിവസവും ഫ്ളാക്സ് സീഡ് കഴിക്കുന്നത് അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും ഇവയ്ക്ക് കഴിയും. 

രണ്ട്...

വൈകുന്നേരം ചായ കുടിക്കുമ്പോള്‍ 'സ്നാക്സ്' കഴിക്കുന്ന ശീലമുണ്ടോ? ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്നാക്സിന് പകരം നിങ്ങള്‍ക്ക് ബദാം കഴിക്കാം. വൈറ്റമിൻ ഇയുടെ കലവറയാണ് ബദാം. ഇതിൽ ധാരാളം കാത്സ്യവും അയണും ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. 'ജങ്ക്' ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയ്ക്കാൻ ഭക്ഷണത്തിന് മുന്‍പ് കുറച്ചു ബദാം കഴിക്കുന്നത് ​ഗുണം ചെയ്യും. ബദാം ശരീരത്തിലെ എച്ച്‌ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു.

മൂന്ന്...

ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള പിസ്ത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഏറ്റവും നല്ല നട്സാണ്. കാത്സ്യം, അയൺ, സിങ്ക് എന്നിവ പിസ്തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വൈറ്റമിൻ എ, ബി 6, വൈറ്റമിൻ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ഫൈബര്‍ അടങ്ങിയിട്ടുള്ള പിസ്ത ദഹനത്തിനും ഏറെ നല്ലതാണ്. 100 ഗ്രാം പിസ്തയില്‍ ഏകദേശം 20 ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. കുറഞ്ഞ കലോറിയാണ് പിസ്തയില്‍ അടങ്ങിയിരിക്കുന്നത്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി പിസ്ത കഴിക്കാം.

നാല്...

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ദിവസവും വാൾനട്ട് കഴിക്കുന്നത് നല്ലതാണെന്നാണ് ​ ​ഗവേഷകർ പോലും പറയുന്നത്. വിശപ്പിനെ നിയന്ത്രിക്കാന്‍ വാള്‍നട്ടിനാകും എന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും ഏറ്റവും നല്ലതാണ് വാൾനട്ട്. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ​ഹൃദ്രോഗം വരാതിരിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Also Read: 65 കിലോയിൽ നിന്ന് 52ലേക്ക്: വണ്ണം കുറച്ചതിന്‍റെ രഹസ്യവുമായി റിമി ടോമി; വീഡിയോ...