ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ നാല് ഭക്ഷണങ്ങൾ

By Web TeamFirst Published Apr 18, 2020, 2:48 PM IST
Highlights

ഫെെബർ ഭക്ഷണങ്ങൾക്ക് ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാനുള്ള കഴിവുണ്ട്. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവു കൂടാതിരിക്കുകയും ചെയ്യും. 

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഇനി മുതൽ ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശീലമാക്കുക. ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, രക്തസമ്മർദ്ദം, ദഹനസംബന്ധമായ അസുഖങ്ങൾ എന്നിവ വരാതിരിക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ‌

ഫെെബർ ഭക്ഷണങ്ങൾക്ക് ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാനുള്ള കഴിവുണ്ട്. നാരുകള്‍ അടങ്ങിയവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവു കൂടാതിരിക്കുകയും ചെയ്യും. ഇത് അമിതവണ്ണം നിയന്ത്രിക്കുന്നതിന് സഹായിക്കും. 

പോഷക​ഗുണമുള്ളതും ഫെെബർ ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് സ്ട്രോക്ക്, ടെെപ്പ് 2 പ്രമേഹം എന്നിവ ഇല്ലാതാക്കുകയും മരണസാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ന്യൂസിലാന്റിലെ ഒട്ടാഗോ സർവകലാശാലയിലെ ​ഗവേഷകനും പ്രൊഫസറുമായ  ജിം മാൻ പറയുന്നു. ഫെെബർ അടങ്ങിയ നാല് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഫ്‌ളാക്‌സ് സീഡുകള്‍ അഥവാ ചണവിത്തുകള്‍....

നമ്മുടെ ആരോഗ്യത്തെ സഹായിക്കുന്നതില്‍ പ്രധാനപ്പെട്ട സ്ഥാനമുള്ള ഒന്നാണു ഫ്‌ളാക്‌സ് സീഡുകള്‍ അഥവാ ചണവിത്തുകള്‍. മുതിരയോടു സാമ്യം തോന്നുന്ന ഈ കുഞ്ഞന്‍ വിത്തുകള്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ്. ഫ്‌ളാക്‌സ് സീഡുകളിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൂടാതെ, ഫൈബറിന്‍റെ ഉയര്‍ന്ന അളവ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. തടി കുറയ്ക്കാന്‍ ഇതിലെ ഫൈബറുകള്‍ ഏറെ സഹായിക്കുന്നു. തലേന്നു രാത്രി ഇതു വെള്ളത്തില്‍ ഇട്ടു വച്ച് പിറ്റേന്നു രാവിലെ ഈ വെള്ളം തിളപ്പിച്ചു കുടിയ്ക്കാം. ഇത് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നു.

പോപ് കോൺ...

പോപ് കോണിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നു. അത് കൂടാതെ, കലോറിയും കുറ‍വാണ്. 100 ​ഗ്രാം പോ കോണിൽ 14.5 ​ഗ്രാം ഫെെബർ അടങ്ങിയിരിക്കുന്നു. 

അവോക്കാഡോ....

അവോക്കാഡോ പതിവായി കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. പൊട്ടാസ്യത്തിന്റെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും മികച്ച ഉറവിടം കൂടിയാണ് അവോക്കാഡോ.100 ഗ്രാം അവോക്കാഡോയിൽ 7 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ടാകും. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ദിവസവും ഒരു അവോക്കാഡോ കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ഓട്സ്...

ബീറ്റാ ഗ്ലൂക്കൻ എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം ഫൈബർ ഓട്സ് ധാരാളം അടങ്ങിയിട്ടുണ്ട്. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഒരു കപ്പ് ഓട്‌സിൽ 7.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണത്തിനോ ലഘുഭക്ഷണത്തിനോ അൽപം ഓട്സ് കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും. 

click me!