
കൊറോണ വൈറസ് ഏറ്റവുമധികം ദുരിതം വിതച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഏഴ് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 32,230 പേര്‍ക്കും ജീവന്‍ നഷ്ടമായി.
ആദ്യഘട്ടത്തില്‍ കൊറോണയ്‌ക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടിരുന്നു. ഇതാണ് പിന്നീട് കനത്ത പ്രഹരമേല്‍ക്കുന്നതിന് ഇടയാക്കിയതും. എന്നാല്‍ വിഷയത്തെ ഗൗരവത്തോടെ എടുത്തതിന് ശേഷം വലിയ തോതിലുള്ള നിയന്ത്രണങ്ങളായിരുന്നു രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്നത്.
അവശ്യസേവനങ്ങള്‍ മാത്രം നിലനിര്‍ത്തിക്കൊണ്ട് രോഗത്തിനെതിരെ പോരാടാനുള്ള മുഴുവന്‍ സമയ പരിശ്രമത്തിലേക്ക് ട്രംപ് ഭരണകൂടം കടന്നു. ഇത്തരത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നപ്പോള്‍ 'ഫാസ്റ്റ് ലൈഫി'ന് പേര് കേട്ട അമേരിക്കയ്ക്ക് സമയത്തിനൊപ്പമുള്ള മത്സരയോട്ടവും താല്‍ക്കാലികമായി അവസാനിപ്പിക്കേണ്ടിവന്നു.
Also Read:- കൊവിഡിൽ തകർന്നടിഞ്ഞ് അമേരിക്ക; ഏഴ് ലക്ഷം കടന്ന് വൈറസ് ബാധിതർ; മരണം 37000 കടന്നു...
ഇതോടെ പതിറ്റാണ്ടുകളായി പിന്തുടരുന്ന ജീവിതരീതികളില്‍ നിന്ന് വ്യത്യസ്തമായി പുതിയൊരു ട്രാക്കിലേക്ക് കയറുകയാണ് അമേരിക്കന്‍ ജനത. കഴിഞ്ഞ 50 വര്‍ഷത്തിന് ശേഷം ഏറ്റവും കൂടുതല്‍ അമേരിക്കന്‍സ് പാചകത്തിലേക്ക് കടക്കുകയാണെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തും, ഫാസ്റ്റ് ഫഡ് സ്റ്റോറുകളില്‍ നിന്ന് വാങ്ങിച്ചും, പ്രോസസ്ഡ് ഭക്ഷണപ്പാക്കറ്റുകള്‍ ശേഖരിച്ച് വച്ചുമെല്ലാം അന്നന്നുള്ള വിശപ്പും കൊതിയും അടക്കിയിരുന്നവര്‍ ഇപ്പോള്‍ സ്വന്തം അടുക്കളയില്‍ ഭക്ഷണം പാകം ചെയ്ത് പരിശീലിക്കുകയാണത്രേ.
മുമ്പത്തേതിനെ അപേക്ഷിച്ച് പുറത്ത് ഭക്ഷണം ലഭിക്കുന്ന സാഹചര്യം ഇല്ലാതായത് കൊണ്ട് മാത്രമല്ല പലരും ഈ തീരുമാനത്തിലേക്കെത്തിയിരിക്കുന്നത്. രോഗഭീതി മൂലം വീടുകളില്‍ തന്നെ ഒതുങ്ങിക്കൂടുന്നതിന്റെ ഭാഗമായാണ് ഭൂരിപക്ഷം പേരും പുതിയ ശീലത്തിലേക്ക് കടന്നിരിക്കുന്നത്.
യൂട്യൂബ്, ഗൂഗിള്‍ എന്നിവിടങ്ങളിലെല്ലാം ഭക്ഷണങ്ങളുടെ റെസിപ്പികള്‍ക്ക് വേണ്ടിയുള്ള അമേരിക്കക്കാരുടെ അന്വേഷണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഫേസ് ടൈം പോലുള്ള ആപ്പുകളിലൂടെ പാചകം ചെയ്യുന്നത് എങ്ങനെയെന്ന് പരസ്പരം പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നു. ഷെഫുകളുടെ പാചകപ്പരിപാടികള്‍ക്കെല്ലാം വന്‍ ഹിറ്റ്. റെസിപ്പി പുസ്തകങ്ങള്‍ക്കുള്ള അന്വേഷണങ്ങളും ജോറായി നടക്കുന്നു.
കൊവിഡ് 19 കൊണ്ടുവന്ന ഈ മാറ്റം വളരെ ആരോഗ്യകരമായതാണെന്നാണ് അമേരിക്കയില്‍ തന്നെയുള്ള വിദഗ്ധരുടെ വിലയിരുത്തല്‍. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യത്ത് ഈ ശീലം ഉണര്‍വുണ്ടാക്കുമെന്നാണ് ഇവര്‍ പറയുന്നത്. ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് വലിയൊരു പരിധി വരെ അമേരിക്കന്‍ ജനതയെ രക്ഷിക്കാന്‍ സ്വയം പാചകം സഹായിക്കുമെന്നും ഇവര്‍ പറയുന്നു. പലരും കൊറോണക്കാലം കഴിഞ്ഞാലും ഇനി സ്വന്തം അടുക്കളയെ ആശ്രയിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്കെത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.