വേനലിന് യോജിക്കുന്ന തരത്തില്‍ 'ഇമ്മ്യൂണിറ്റി' വര്‍ധിപ്പിക്കാം; അറിയാം ഈ നാല് പാനീയങ്ങളെ കുറിച്ച്...

By Web TeamFirst Published Apr 10, 2021, 1:19 PM IST
Highlights

ഇപ്പോഴാണെങ്കില്‍ വേനല്‍ അതിന്റെ തീക്ഷണമായ ഘട്ടത്തിലുമെത്തി നില്‍ക്കുകയാണ്. അതിനാല്‍ തന്നെ വേനലിനെ കൂടി സംതൃപ്തിപ്പെടുത്തുന്ന ഭക്ഷണ-പാനീയങ്ങളായിരിക്കണം നാം കഴിക്കേണ്ടത്. അപ്പോള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വേനല്‍ക്കാല ദുരിതത്തിന് ശമനം പകരാനും ഒരുപോലെ സഹായകമാകുന്ന നാല് പാനീയങ്ങളെ കുറിച്ചറിയാം

കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ ശേഷിയെ കുറിച്ചും വീണ്ടും നമ്മള്‍ കാര്യമായി ആലോചിക്കേണ്ട അവസ്ഥയെത്തിയിരിക്കുകയാണ്. നാം കഴിക്കുന്ന ഭക്ഷണ-പാനീയങ്ങളിലൂടെ തന്നെയാണ് അധികവും രോഗപ്രതിരോധ ശേഷിയെ ബലപ്പെടുത്താനാവുക. ഇതിനായി ചില ഭക്ഷണ-പാനീയങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റിലുള്‍പ്പെടുത്തേണ്ടതാണ്.

ഇപ്പോഴാണെങ്കില്‍ വേനല്‍ അതിന്റെ തീക്ഷണമായ ഘട്ടത്തിലുമെത്തി നില്‍ക്കുകയാണ്. അതിനാല്‍ തന്നെ വേനലിനെ കൂടി സംതൃപ്തിപ്പെടുത്തുന്ന ഭക്ഷണ-പാനീയങ്ങളായിരിക്കണം നാം കഴിക്കേണ്ടത്. അപ്പോള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വേനല്‍ക്കാല ദുരിതത്തിന് ശമനം പകരാനും ഒരുപോലെ സഹായകമാകുന്ന നാല് പാനീയങ്ങളെ കുറിച്ചറിയാം. 

'മിന്റ്' അഥവാ പുതിനയിലയാണ് ഈ അഞ്ച് പാനീയങ്ങളിലെയും പൊതുവായ ചേരുവ. ധാരാളം പോഷകങ്ങളുടെയും ആന്റി-ഓക്‌സിഡന്റുകളുടെയും കലവറയാണ് പുതിനയില. പ്രതിരോധശേഷിയെ ത്വരിതപ്പെടുത്തുന്ന വൈറ്റമിന്‍-സി, ഇ, എ എന്നിവയും, അവശ്യം വേണ്ടുന്ന ധാതുക്കളുമെല്ലാം പുതിനയിലയെ പ്രകൃത്യാ സമ്പന്നമാക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാമാണ് പല പാനീയങ്ങളിലും പുതിനയില ഒരു നിര്‍ബന്ധിത ചേരുവയാകാറ്. ഇപ്പോള്‍ പറയാന്‍ പോകുന്ന പാനീയങ്ങളുടെ കാര്യത്തിലും അവസ്ഥ മറ്റൊന്നല്ല. ഇനി ആ നാല് പാനീയങ്ങള്‍ ഏതെല്ലാമാണെന്ന് ഒന്ന് നോക്കാം. 

ഒന്ന്...

വേനല്‍ക്കാലത്ത് വളരെ വ്യാപകമായി ലഭ്യമാകുന്നൊരു പാനീയമാണ് ലസ്സി. തൈര് ചേര്‍ത്ത് തയ്യാറാക്കുന്നതായതിനാല്‍ ചൂടിന് വളരെയധികം ശമനം നല്‍കാനും ഊര്‍ജ്ജം പകരാനുമെല്ലാം ലസ്സി സഹായകമാണ്. വളരെ എളുപ്പത്തില്‍ ഇത് തയ്യാറാക്കാനുമാകും. 

 

 

ഉഷ്ണത്തിന് പരിഹാരമായി തയ്യാറാക്കാം 'മിന്റ് ലസ്സി'; ഇതാ റെസിപ്പി...

രണ്ട്...

അടുത്തതായി ലിസ്റ്റിലെ ഏറ്റവും ലളിതമായ പാനീയത്തെ കുറിച്ചാണ് പറയുന്നത്. സാധാരണ നമ്മള്‍ കുടിക്കുന്ന വെള്ളത്തിലേക്ക് അല്‍പം ചെറുനാരങ്ങാനീരും കുറച്ച് കക്കിരിക്ക കഷ്ണങ്ങളും ഒപ്പം ഏതാനും പുതിനയിലയും ചേര്‍ക്കുക. ഇത് രാത്രി മുഴുവന്‍ അങ്ങനെ തന്നെ വയ്ക്കാം. പിറ്റേന്ന് പകല്‍ ഈ വെള്ളം കുടിക്കാം. ഫ്രഷ്‌നെസിന് മാത്രമല്ല 'ഇമ്മ്യൂണിറ്റി'ക്കും ഏറെ നല്ലതാണ് ഈ പാനീയം.

മൂന്ന്...

'മിന്റ്' ചേര്‍ത്ത ചായ മിക്കവരും രുചിച്ചുനോക്കിയതാകാം. 'മിന്റ്' ചേര്‍ത്ത കാപ്പിയാണ് ഇനി ഈ പട്ടികയില്‍ വരുന്നത്. മിതമായ അളവില്‍ കാപ്പി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടുമെന്ന് പല പഠനങ്ങളും അവകാശപ്പെടുന്നുണ്ട്. കാപ്പിയിലടങ്ങിയിരിക്കുന്ന ആന്റി-ഓക്‌സിഡന്റുകളും മറ്റ് പല ഘടകങ്ങളുമാണ് ഇതിന് സഹായിക്കുന്നത്. ഒപ്പം അല്‍പം പുതിനയില കൂടിയാകുമ്പോള്‍ സംഗതി 'ഡബിള്‍' ഫലമായി. 

അല്‍പം വ്യത്യസ്തമായ രീതിയിലാണ് നമ്മള്‍ ഈ 'മിന്റ് കോഫി' തയ്യാറാക്കുന്നത്. പാല്‍ (60 എംഎല്‍ കണക്കാക്കാം), കാപ്പിപ്പൊടി (ആവശ്യത്തിന്), പുതിനയില (അഞ്ച് മുതല്‍ എട്ട് ഇല വരെ), പഞ്ചസാര (ആവശ്യത്തിന്), ഐസ് -എന്നിവ മാത്രം മതി ഇത് തയ്യാറാക്കാന്‍. കാപ്പി തയ്യാറാക്കും മുമ്പേ ആദ്യമായി ഒരു ഷേക്കറോ മറ്റോ ഉപയോഗിച്ച് പുതിനയിലയും പഞ്ചസാരയും നന്നായി യോജിപ്പിച്ചെടുക്കാം. ഇനി ഇതിലേക്ക് ഐസും കാപ്പിയും പാലും ചേര്‍ക്കാം. എല്ലാ ചേരുവയും നന്നായി പരസ്പരം യോജിക്കാനായി ഒന്ന് കുലുക്കിയെടുക്കാം. അവസാനമായി ഫ്രഷ് പുതിനയില വച്ച് ഗാര്‍ണിഷ് ചെയ്ത് കാപ്പി സെര്‍വ് ചെയ്യാം. 

നാല്...

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പഴങ്ങളില്‍ പ്രധാനിയാണ് കിവിയെന്ന് നിങ്ങള്‍ കേട്ടുകാണും. കിവിയും ചെറുനാരങ്ങയും പുതിനയിലയും ചേര്‍ത്ത് തയ്യാറാക്കുന്ന 'മിന്റ് കിവി ലെമണേഡ്' ആണ് ഇനി പരിചയപ്പെടുത്തുന്നത്. 

 

 

ഇത് തയ്യാറാക്കുന്നതിനായി ആദ്യം രണ്ട് കപ്പ് വെള്ളം നന്നായി തിളപ്പിക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ കപ്പ് പഞ്ചസാര ചേര്‍ത്ത് അലിഞ്ഞുപോകും വരെ ഇളക്കുക. പഞ്ചസാര മുഴുവനായി അലിഞ്ഞുതീരുമ്പോള്‍ പാനീയം വാങ്ങിവച്ച ശേഷം ഇതിലേക്ക് എട്ടോളം പുതിനയില ചേര്‍ക്കാം. ഇത് പത്ത് മിനുറ്റ് നേരത്തേക്ക് മാറ്റിവയ്ക്കാം. ഈ സമയം കൊണ്ട് ആറ് കിവി, തൊലി മാറ്റി ഫുഡ് പ്രോസസറില്‍ വച്ച് പ്രോസസ് ചെയ്‌തെടുക്കാം. ഈ പള്‍പ്പ് ഒരു പാത്രത്തിലേക്ക് മാറ്റി, അതിലേക്ക് നാലോളം ചെറുനാരങ്ങയുടെ നീരും ചേര്‍ക്കുക. ഇനി പഞ്ചസാര സിറപ്പില്‍ നിന്ന് പുതിനയില മാറ്റിയ ശേഷം ഈ സിറപ്പും തയ്യാറാക്കി വച്ച മിശ്രിതത്തിലേക്ക് ചേര്‍ക്കാം. ചെറുതായി ഇളക്കി എല്ലാം യോജിപ്പിച്ചുകഴിഞ്ഞാല്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുക്കാം. 

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാല്‍ ഇത് വെള്ളം ചേര്‍ത്താണ് കഴിക്കേണ്ടത്. ഗ്ലാസില്‍ വെള്ളമോ ഐസോ എടുത്ത ശേഷം ഇതിലേക്ക് ലെമണേഡ് ചേര്‍ത്ത് യോജിപ്പിച്ചാണ് കഴിക്കേണ്ടത്.

Also Read:- ഗ്രാമ്പു ടീ കുടിച്ചാലുള്ള ​​ഗുണങ്ങൾ അറിയേണ്ടേ...?

click me!