Skin Care : ഭംഗിയും തിളക്കവുമുള്ള 'സ്‌കിന്‍' നേടാം; കഴിക്കേണ്ട പഴങ്ങള്‍...

Web Desk   | others
Published : Feb 18, 2022, 10:22 PM IST
Skin Care : ഭംഗിയും തിളക്കവുമുള്ള 'സ്‌കിന്‍' നേടാം; കഴിക്കേണ്ട പഴങ്ങള്‍...

Synopsis

ഒട്ടനവധി ആരോഗ്യഗുണങ്ങള്‍ പഴങ്ങള്‍ക്കുണ്ട്. ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും, വണ്ണം കുറയ്ക്കാനും, കണ്ണുകള്‍- മുടി- ചര്‍മ്മം തുടങ്ങി പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കാനും മെച്ചപ്പെടുത്താനുമെല്ലാം പഴങ്ങള്‍ സഹായകമാണ്

ഏറ്റവും ആരോഗ്യപ്രദവും 'ഫ്രഷ്' ആയതുമായ ഭക്ഷണമാണ് ഫ്രൂട്ട്‌സ് അഥവാ പഴങ്ങള്‍ ( Fruits Benefits ) . നമ്മുടെയെല്ലാം വീടുകളിലുണ്ടാകുന്ന മാമ്പഴം, ചക്ക, വാഴപ്പഴം, ചെറി, പേരക്ക തുടങ്ങി വിപണിയില്‍ സീസണ്‍ അനുസരിച്ച് കിട്ടുന്ന പഴങ്ങള്‍ ( Seasonal Fruits ) എല്ലാം ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്.

ഒട്ടനവധി ആരോഗ്യഗുണങ്ങള്‍ പഴങ്ങള്‍ക്കുണ്ട്. ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും, വണ്ണം കുറയ്ക്കാനും, കണ്ണുകള്‍- മുടി- ചര്‍മ്മം തുടങ്ങി പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കാനും മെച്ചപ്പെടുത്താനുമെല്ലാം പഴങ്ങള്‍ സഹായകമാണ്. 

ചര്‍മ്മത്തിന്റെ മാത്രം കാര്യമെടുത്താല്‍ തന്നെ പല രീതിയിലാണ് പഴങ്ങള്‍ പ്രയോജനപ്പെടുന്നത്. വീട്ടില്‍ തന്നെ ലഭ്യമായിട്ടുള്ള ചില പഴങ്ങള്‍ നമ്മള്‍ മുഖഭംഗിയും തിളക്കവും കൂട്ടാന്‍ ഉപയോഗിക്കാറില്ലേ? ധാരാളം സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളിലും പഴച്ചാറുകള്‍ ചേര്‍ക്കാറുണ്ട്. മുഖത്തോ ചര്‍മ്മത്തിലോ പ്രയോഗിക്കുന്നതിലൂടെ മാത്രമല്ല, ഇവയെല്ലാം കഴിക്കുന്നതിലൂടെയും ചര്‍മ്മത്തെ പരിപോഷിപ്പിക്കാന്‍ സാധിക്കും. അത്തരത്തിലുള്ള അഞ്ച് പഴങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

തക്കാളി: ഇതൊരു പഴമായിട്ടല്ല, പച്ചക്കറി എന്ന നിലയിലാണ് നാം ഉപയോഗിച്ചുവരുന്നത്. പ്രധാനമായും കറികളിലെ ചേരുവ എന്ന രീതിയിലാണ് ഇതിനെ ഉപയോഗിക്കാറ്. എന്നാല്‍ തക്കാളി വെറുതെ കഴിക്കുന്നത് ചര്‍മ്മത്തിന് ഗുണം ചെയ്യും.

വൈറ്റമിന്‍-സി, എ എന്നിവയാല്‍ സമ്പന്നമാണ് തക്കാളി. ഇതിന് പുറമെ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ചര്‍മ്മത്തിന് നല്ലതാണ്. വെയിലേറ്റ് ചര്‍മ്മത്തിന് സഭവിക്കുന്ന കേടുപാടുകള്‍ പരിഹരിച്ച് ചര്‍മ്മത്തെ പുതുക്കാനും മറ്റും തക്കാളി പ്രയോജനപ്രദമാണ്. 

രണ്ട്...

ഓറഞ്ച്: ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്നൊരു ഘടകമാണ് വൈറ്റമിന്‍-സി. ഇതിന്റെ കലവറയാണ് ഓറഞ്ച്. ചര്‍മ്മത്തില്‍ സംഭവിച്ചിട്ടുള്ള കേടുപാടുകള്‍ തീര്‍ക്കാനും ചര്‍മ്മത്തെ ഭംഗിയായി പുതുക്കാനും ഓറഞ്ച് സഹായകമാണ്. 

മൂന്ന്...

അവക്കാഡോ: സാധാരണ പഴങ്ങളില്‍ നിന്ന് വ്യത്യസ്തമായി അല്‍പം കൂടി ഗുണമേന്മ കൂടിയ പഴങ്ങളുടെ പട്ടികയിലാണ് അവക്കാഡോ വരുന്നത്. ഇതിന്റെ ആരോഗ്യഗുണങ്ങളും അത്ര വലുതാണ്. ചര്‍മ്മത്തിനും വളരെയധികം ഉപകാരപ്പെടുന്ന പഴമാണ് അവക്കാഡോ. വൈറ്റമിന്‍-സി, ഇ എന്നിവയെല്ലാമാണ് അവക്കാഡോയുടെ പ്രത്യേകത. 

നാല്...

തണ്ണിമത്തന്‍: വേനല്‍ക്കാല പഴമെന്ന നിലയിലാണ് തണ്ണിമത്തന്‍ നമുക്ക് പ്രിയപ്പെട്ടതാകുന്നത്. തണ്ണിമത്തന്റെ പേരിലെ സൂചന പോലെ തന്നെ ഇില്‍ 95 ശതമാനവും വെള്ളമാണ്. ഇത് ചര്‍മ്മത്തില്‍ ജലാംശം നിലനില്‍ക്കാന്‍ സഹായിക്കുന്നു.

ഇതിനോടൊപ്പം തന്നെ ചര്‍മ്മത്തിന് ഗുണകരമാകുന്ന വൈറ്റമിന്‍-സി, ഇ, ലൈസോപീന്‍ എന്നിവയുടെയും ഉറവിടമാണ് തണ്ണിമത്തന്‍. 

അഞ്ച്...

മാതളം: ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ പഴമാണ് മാതളം. ചുവന്ന രക്താണുക്കള്‍ വര്‍ധിപ്പിച്ച് ഹീമോഗ്ലോബിന്‍ കൂട്ടാന്‍ അടക്കം പല ആരോഗ്യഗുണങ്ങളുമുള്ള പഴമാണിത്. ദഹനം സുഗമമാക്കാൻ തുടങ്ങി ഹൃദ്രോഗത്തെ ചെറുക്കാൻ വരെ മാതളം സഹായകമാണ്. ചര്‍മ്മത്തിനും ഒരേ അളവില്‍ ഗുണപ്രദമാണ് മാതളം. വൈറ്റമിന്‍-സി തന്നെയാണ് മാതളത്തെയും ഇവിടെ സവിശേഷമാക്കുന്നത്. 

Also Read:- ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധിക്കാം; അടുക്കളയിലുണ്ട് പത്ത് വഴികള്‍...

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍