ഒരു മീനിന്റെ വില 50,000; ഞെട്ടണ്ട, ചില്ലറക്കാരനല്ല ഈ മീന്‍...

By Web TeamFirst Published Jul 29, 2020, 9:56 PM IST
Highlights

കുടുങ്ങിയത് ഒരു രാക്ഷസ മീനാണെന്ന് മനസിലാക്കിയ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം അവസാനിപ്പിച്ച് കരയിലേക്ക് മടങ്ങുകയായിരുന്നു. കരയിലെത്തിയതോടെ ഇതിനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടി. മൊത്തക്കച്ചവടക്കാരായ സംഘമാണ് പിന്നീട് 50,000 രൂപയ്ക്ക് ഈ മീനിനെ സ്വന്തമാക്കിയത്

മുന്‍കാലങ്ങളെ അപേക്ഷിച്ച് മീനിന് പൊള്ളുന്ന വിലയാണ് നമ്മുടെ നാട്ടില്‍, അല്ലേ? എന്നാലും ഏറിപ്പോയാല്‍ ഒരു കിലോയ്ക്ക് എത്ര രൂപ വരും. അത്രയും മുന്തിയ ഇനത്തിലുള്ള മീനിനാണെങ്കില്‍ അഞ്ഞൂറോ ആയിരമോ വരെ പോകട്ടെ. പക്ഷേ അമ്പതിനായിരം പറഞ്ഞാലോ!

കേട്ട് അമ്പരക്കേണ്ട, ഇന്ന് രാവിലെ ബംഗാളിലെ ദിഘ തീരത്ത് വച്ച് ഒരുകൂട്ടം മത്സ്യത്തൊഴിലാളികള്‍ പിടിച്ച മീന്‍ 50,000 രൂപയ്ക്കാണ് കച്ചവടമായത്. ഒരു മീനിന് ഇങ്ങനെ പൊന്നും വില ഈടാക്കാനെന്തായിരിക്കും കാരണമെന്ന് ഓര്‍ത്തും തല പുകയ്‌ക്കേണ്ട. 

ഏതാണ്ട് 780ഓളം കിലോ ഭാരം വരുന്ന വമ്പന്‍ മീനാണ് സംഭവം. പ്രദേശവാസികള്‍ 'ശങ്കര്‍ ഫിഷ്' എന്ന് വിളിക്കുന്ന ഇനത്തില്‍ പെട്ട വമ്പന്‍ മീനിന് എട്ടടിയോളം നീളവും അഞ്ചടിയോളം വീതിയുമുണ്ടത്രേ. ദിഘ തീരത്ത് ഇതിന് മുമ്പ് ഇത്രയും വലിപ്പത്തിലുള്ള ഒരു മീനിനെ ആര്‍ക്കും കിട്ടിയിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 

കുടുങ്ങിയത് ഒരു രാക്ഷസ മീനാണെന്ന് മനസിലാക്കിയ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം അവസാനിപ്പിച്ച് കരയിലേക്ക് മടങ്ങുകയായിരുന്നു. കരയിലെത്തിയതോടെ ഇതിനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടി. മൊത്തക്കച്ചവടക്കാരായ സംഘമാണ് പിന്നീട് 50,000 രൂപയ്ക്ക് ഈ മീനിനെ സ്വന്തമാക്കിയത്.

നേരത്തെ ഇതേ ഇനത്തില്‍ പെടുന്ന, 300 കിലോ ഭാരം വരുന്ന ഒരു മീനിനെ ഇതേ സ്ഥലത്ത് വച്ച് കഴിഞ്ഞ വര്‍ഷം ഒരു മത്സ്യത്തൊഴിലാളിക്ക് ലഭിച്ചിരുന്നു. ബംഗാളികള്‍ക്കിടയില്‍ ഏറെ പ്രിയമുള്ള തരം മത്സ്യമാണിത്. പൊതുവേ മീന്‍ വിഭവങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ള ഇടം കൂടിയാണ് ബംഗാള്‍.

Also Read:- രാക്ഷസപ്പാമ്പോ കൂറ്റന്‍ മത്സ്യമോ?; 'വിചിത്രജീവി'യെ ഒടുവില്‍ തിരിച്ചറിഞ്ഞു...

click me!