
ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ബി 6, തയാമിൻ എന്നിവയുൾപ്പെടെയുള്ള വിവിധ പോഷകങ്ങളുടെ മികച്ച ഉറവിടമാണ് പിസ്ത. പിസ്ത കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ. രൂപാലി ദത്ത പറയുന്നു. പിസ്ത ഉൾപ്പെടെയുള്ള എല്ലാ നട്സുകളിലും ഉയർന്ന അളവിൽ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഒരു ദിവസം 30 ഗ്രാം നട്സ് കഴിക്കണമെന്ന് ഡോ. രൂപാലി നിർദേശിക്കുന്നു.
പിസ്ത കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ...
1. ഹൃദയത്തെ സംരക്ഷിക്കുന്നു...
പിസ്ത കഴിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ പിസ്തയിൽ അടങ്ങിയിട്ടുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ. രൂപാലി ദത്ത പറയുന്നു. ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്ന ഫൈറ്റോസ്റ്റെറോളുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
2. അമിതവണ്ണം കുറയ്ക്കും...
പിസ്തയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. പിസ്ത കഴിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. അവയിൽ അടങ്ങിയിരിക്കുന്ന ഫൈബർ ഉപാപചയപ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല, പിസ്തയിൽ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഭാരം കുറയ്ക്കാനും സഹായകമാണ്.
3. ദഹനപ്രശ്നങ്ങൾ അകറ്റും...
പിസ്തയിൽ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഫൈബർ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. പിസ്ത കഴിക്കുന്നത് നല്ല കുടൽ ബാക്ടീരിയകളെ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് ഫ്ലോറിഡ യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
4. തലച്ചോറിനെ സംരക്ഷിക്കുന്നു...
പിസ്തയിലെ വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും മസ്തിഷ്‌കത്തിന്റെ പ്രവർത്തനം ശക്തമാക്കുകയും ചെയ്യുന്നു. മാത്രമല്ല, ധാരാളം ആന്റിഓക്‌സിഡന്റുകൾ പിസ്തയിൽ അടങ്ങിയിരിക്കുന്നു. ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിന് പിസ്ത സഹായിക്കുമെന്ന് ഡോ. രൂപാലി പറയുന്നു.
എന്നും കഴിക്കാം, ആരോഗ്യത്തോടെയിരിക്കാം; അറിയാം ഈ എട്ട് ഭക്ഷണങ്ങളെ പറ്റി...
5. കണ്ണിന്റെ ആരോഗ്യം...
പിസ്തയിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നത് കണ്ണിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കണ്ണുകളെ മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന കരോട്ടിനോയിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പിസ്റ്റാസിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും കണ്ണുകൾക്ക് മികച്ച ആന്റിഓക്‌സിഡന്റുകളാണ്.
6.ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കും...
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ബി 6 എന്ന പോഷകം പിസ്തയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, വിറ്റാമിൻ സി ചീത്ത കൊളസ്‌ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona