മിക്കവാറും എല്ലാവരും ദിവസവും കഴിക്കുന്നൊരു ഭക്ഷണമാണ് മുട്ട. ഇതും ആരോഗ്യകരമായ- മികച്ച ഭക്ഷണമാണ്. മിതമായ രീതിയില്‍ മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തെ വരെ തടയുമെന്നാണ് പഠനങ്ങള്‍ വാദിക്കുന്നത്. പല വീടുകളിലും ഇപ്പോഴും സജീവമായി ഉപയോഗിക്കപ്പെടാത്ത പച്ചക്കറിയാണ് ബ്രൊക്കോളി. ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു പച്ചക്കറിയാണ് ബ്രൊക്കോളി

ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാനം. നാം എന്ത് കഴിക്കുന്നുവോ അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ശാരീരിക- മാനസികാവസ്ഥകളെ നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ വേണം നാം തെരഞ്ഞെടുത്ത് കഴിക്കാന്‍. അത്തരത്തില്‍ ദിവസവും കഴിക്കേണ്ടുന്ന ആരോഗ്യകരമായ എട്ട് ഭക്ഷണങ്ങളെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 

ഒന്ന്...

ചീരയാണ് (പാലക് അടക്കമുള്ള) ഈ പട്ടികയില്‍ ആദ്യമായി പരിചയപ്പെടുത്തുന്നത്. പ്രോട്ടീന്‍, ഫൈബര്‍, ധാതുക്കള്‍ എന്നിവയുടെയെല്ലാം മികച്ച സ്രോതസാണ് ചീര. ഹൃദ്രോഗം, ബിപി, എല്ല് തേയ്മാനം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെയെല്ലാം പ്രതിരോധിക്കാന്‍ ചീരയ്ക്കാകും. 

രണ്ട്...

ദിവസവും ഡയറ്റിലുള്‍പ്പെടുത്തേണ്ട ഒരു ഭക്ഷണമാണ് യോഗര്‍ട്ട്. കാത്സ്യത്താല്‍ സമ്പുഷ്ടമായതിനാല്‍ തന്നെ എല്ലുകളുടെ ബലം കൂട്ടാന്‍ ഇത് സഹായിക്കുന്നു. അതുപോലെ വയറിനും വളരെ നല്ലതാണ് യോഗര്‍ട്ട്. മാനസികാസ്ഥ മെച്ചപ്പെടുത്തുന്നതിനും യോഗര്‍ട്ട് സഹായകമാണ്. 

മൂന്ന്...

മിക്കവാറും എല്ലാവരും ദിവസവും കഴിക്കുന്നൊരു ഭക്ഷണമാണ് മുട്ട. ഇതും ആരോഗ്യകരമായ- മികച്ച ഭക്ഷണമാണ്.

മിതമായ രീതിയില്‍ മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തെ വരെ തടയുമെന്നാണ് പഠനങ്ങള്‍ വാദിക്കുന്നത്. ആരോഗ്യകരമായ കൊഴുപ്പിന്റെ മികച്ച സ്രോതസാണ് മുട്ട. വലിയൊരു മഞ്ഞക്കരുവില്‍ ഏതാണ്ട് 200 മില്ലിഗ്രാം ആരോഗ്യകരമായ കൊഴുപ്പുണ്ട്. 

നാല്...

നട്ട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് നമുക്കറിയാം. ഇതില്‍ തന്നെ വാള്‍നട്ട്‌സ് കഴിക്കുന്നത് തലച്ചോറിനടക്കം ആന്തരീകാവയവങ്ങള്‍ക്കെല്ലാം നല്ലതാണ്. 

അഞ്ച്...

തയ്യാറാക്കാനും കഴിക്കാനും എളുപ്പമെന്ന നിലയ്ക്കാണ് മിക്കവരും ഓട്ട്‌സ് ഡയറ്റിലേക്ക് തെരഞ്ഞെടുക്കുന്നത്. എന്നാലിതിന്റെ ആരോഗ്യഗുണങ്ങള്‍ അനവധിയാണ്. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാന്‍ ഫൈബര്‍ ധാരാളമടങ്ങിയ ഓട്ട്‌സ് ഏറെ സഹായകമാണ്. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍, കൊളസ്‌ട്രോള്‍ ചെറുക്കാനെല്ലാം ഓട്ട്‌സ് സഹായകമാണ്. 

ആറ്...

നമ്മുടെ നാടന്‍ ഭക്ഷണങ്ങളില്‍ പെടുന്നതാണ് മധുരക്കിഴങ്ങ്. ഇപ്പോള്‍ നഗരങ്ങളിലെ വിപണികളിലും ഇത് ലഭ്യമാകാറുണ്ട്. വൈറ്റമിന്‍ എ, ബി-6, സി, പൊട്ടാസ്യം, മാംഗനീസ്, ലൂട്ടിന്‍ തുടങ്ങി നമുക്കാവശ്യമായ പല അവശ്യഘടകങ്ങളും അടങ്ങിയതാണ് മധുരക്കിഴങ്ങ്. 

ഏഴ്...

പല വീടുകളിലും ഇപ്പോഴും സജീവമായി ഉപയോഗിക്കപ്പെടാത്ത പച്ചക്കറിയാണ് ബ്രൊക്കോളി. ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു പച്ചക്കറിയാണ് ബ്രൊക്കോളി.

പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, കാത്സ്യം, സെലീനിയം, മഗ്നീഷ്യം, വൈറ്റമിന്‍ എ, സി, ഇ, കെ, ബി വകഭേദങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളുടെയും മികച്ച സ്രോതസാണ് ബ്രൊക്കോളി. എല്ലിന്റെ ശക്തി, ചര്‍മ്മത്തിന്റെ ആരോഗ്യം, ദഹനപ്രവര്‍ത്തനങ്ങള്‍ എന്നിവയെ എല്ലാം ബ്രൊക്കോളി സ്വാധീനിക്കുന്നു. 

Also Read:- തേനില്‍ മുക്കിവച്ച വെളുത്തുള്ളി; തയ്യാറാക്കാനും എളുപ്പം ഗുണങ്ങളും നിരവധി...

എട്ട്...

കൊവിഡ് കാലത്ത് ഏറ്റവുമധികം പേര്‍ ആശ്രയിച്ചൊരു പഴമാണ് ഓറഞ്ച്. വൈറ്റമിന്‍-സിയുടെ നല്ലൊരു സ്രോതസായതിനാല്‍ തന്നെ പ്രതിരോധശേഷി മെച്ചപ്പെടുത്താനാണ് ഓറഞ്ചിനെ അത്രമേല്‍ ആശ്രയിച്ചത്. ഇതുതന്നെയാണ് ഓറഞ്ചിന്റെ ഏറ്റവും വലിയ മേന്മ. പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുക എന്നത്. ഇതിന് പുറമെ കോശങ്ങളെ നാശത്തില്‍ നിന്ന് സുരക്ഷിതരാക്കി വച്ച് ചര്‍മ്മത്തിന്റെയും മുടിയുടെയുമെല്ലാം ആരോഗ്യം കാത്തുസൂക്ഷിക്കാനും ഓറഞ്ച് ഏറെ സഹായകമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona