
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ബനാന അഥവാ വാഴപ്പഴം. വിവിധ രുചിയിലുള്ള വ്യത്യസ്ത തരം വാഴപ്പഴങ്ങൾ നമ്മുടെ നാട്ടിൽ ലഭ്യമാണ്. പാളയങ്കോടൻ, ഏത്തപ്പഴം, റോബസ്റ്റ, ഞാലിപ്പൂവൻ, കദളി, ചെങ്കദളി എന്നിങ്ങനെ നീളുന്നു പട്ടിക. ഇവയെല്ലാം ആരോഗ്യത്തിന് നല്ലത് തന്നെ. എന്നാല്‍ വാഴപ്പഴങ്ങളിൽ കേമനാണ് ചെങ്കദളിപ്പഴം അഥവാ കപ്പ പഴം.
വിറ്റാമിന്‍ സി, ബി6, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ചെങ്കദളിപ്പഴം. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ചെങ്കദളിപ്പഴം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
ബീറ്റാ കരോട്ടിന്‍ അടങ്ങിയ ചെങ്കദളിപ്പഴം കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും ചെങ്കദളിപ്പഴം കഴിക്കുന്നത് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ചെങ്കദളിപ്പഴം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്. പ്രമേഹം, ഹൃദ്രോഗം എന്നിവയുടെ സാധ്യതയെ കുറയ്ക്കാനും ഇവ സഹായിക്കും. ചെങ്കദളിപ്പഴത്തില്‍ വിറ്റാമിൻ ബി 6 ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ട്രിപ്റ്റോഫനെ സെറോടോണിനാക്കി മാറ്റാൻ സഹായിക്കുന്നു. സെറോടോണിൻ മാനസികാരോഗ്യം മെച്ചപ്പെടുത്താനും വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഈ നാല് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, വൃക്കകളെ പൊന്നു പോലെ കാക്കാം...