പുളിയും ഈന്തപ്പഴവും ശര്‍ക്കരയും കൊണ്ട് തയ്യാറാക്കാം കിടിലന്‍ മിഠായി...

By Web TeamFirst Published Feb 8, 2021, 5:20 PM IST
Highlights

മിഠായി എങ്ങനെയാണ് വീട്ടില്‍ തയ്യാറാക്കുകയെന്ന സംശയം വേണ്ട. പണ്ടുകാലങ്ങളില്‍ വിപണി ഇത്രമാത്രം വിപുലമാകാതിരുന്ന സമയത്ത് കാന്‍ഡികള്‍ വീടുകളില്‍ തന്നെയാണ് തയ്യാറാക്കിയിരുന്നത്. അത്തരത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന രുചികരമായ ഒരു മിഠായിയുടെ റെസിപ്പിയാണ് ഇനി പങ്കുവയ്ക്കുന്നത്

മിഠായി ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഏത് രുചിയിലും ഏത് ഫ്‌ളേവറിലുമുള്ള മിഠായികള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. എന്നാല്‍ ഇവയില്‍ മിക്കതും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നതാണ് വസ്തുത. 

കൃത്രിമമധുരവും രാസപദാര്‍ത്ഥങ്ങളുമെല്ലാം ചേര്‍ന്ന ഇത്തരം മിഠായികള്‍ പതിവായി കഴിക്കുന്നത് മൂലം കുട്ടികളുടെ ആരോഗ്യമാണ് പ്രധാനമായും പ്രശ്‌നത്തിലാകുന്നത്. കുട്ടികളെ സന്തോഷിപ്പിക്കാന്‍ നമുക്ക് മിഠായി വീട്ടില്‍ തന്നെ തയ്യാറാക്കാമെങ്കില്‍ ഈ പ്രശ്‌നങ്ങളൊഴിവാക്കാമല്ലോ അല്ലേ? 

മിഠായി എങ്ങനെയാണ് വീട്ടില്‍ തയ്യാറാക്കുകയെന്ന സംശയം വേണ്ട. പണ്ടുകാലങ്ങളില്‍ വിപണി ഇത്രമാത്രം വിപുലമാകാതിരുന്ന സമയത്ത് കാന്‍ഡികള്‍ വീടുകളില്‍ തന്നെയാണ് തയ്യാറാക്കിയിരുന്നത്. അത്തരത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന രുചികരമായ ഒരു മിഠായിയുടെ റെസിപ്പിയാണ് ഇനി പങ്കുവയ്ക്കുന്നത്. 

പുളിയും ഈന്തപ്പഴവും ശര്‍ക്കരയുമാണ് ഇതിലെ പ്രധാന ചേരുവകള്‍. ഇത് തയ്യാറാക്കിയെടുക്കാനും വളരെ എളുപ്പമാണ്.

ആദ്യം 100 ഗ്രാം പുളി അല്‍പം ചൂടുവെള്ളത്തില്‍ അരമണിക്കൂര്‍ നേരത്തേക്ക് മുക്കിവയ്ക്കാം. ഇനിയിത് കുരു മാറ്റി, നന്നായി പിഴിഞ്ഞ് ഉടച്ചെടുക്കാം. ഈ പള്‍പ്പിലേക്ക് 100 ഗ്രാം ഈന്തപ്പഴം കൂടി ചേര്‍ത്ത് രണ്ടും നന്നായി അരച്ചെടുക്കണം. അരയ്ക്കുമ്പോള്‍ സ്മൂത്തായി വരാന്‍ വേണ്ടി അല്‍പം വെള്ളം കൂടി ചേര്‍ക്കാം. 

ഇനിയിത് ഒരു അരിപ്പ വച്ച് നന്നായി അരിച്ചെടുക്കണം. പേസ്റ്റ് പരുവത്തിലുള്ള മിശ്രിതം ഒരു പാനില്‍ വച്ച് ചൂടാക്കിയെടുക്കണം. ഈ ഘട്ടത്തില്‍ ആവശ്യത്തിന് ശര്‍ക്കരയും ചേര്‍ക്കാം. എല്ലാം നല്ലത് പോലെ ചൂടായി യോജിച്ച് വരുമ്പോഴേക്ക് അല്‍പം ജീരകപ്പൊടിയും (അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കുക) ഒരു ടേബിള്‍സ്പൂണ്‍ നെയ്യും ചേര്‍ക്കുക. 

എല്ലാം യോജിച്ച് പരുവമായി വരുമ്പോള്‍ തീ കെടുത്തി, മിശ്രിതം ഒന്ന് കട്ടിയാകാന്‍ വിട്ടുകൊടുക്കാം. ഇനിയിത് സ്പൂണില്‍ എടുത്ത് ഒരു റാപ്പറിലാക്കി ഇരുവശവും മിഠായിപ്പൊതി പോലെ പിരിച്ചുവെക്കാം. ഒന്നുകൂടി ചൂടാറുമ്പോള്‍ ശരിക്ക് മിഠായി പരുവത്തില്‍ കട്ടിയായി വരുമിത്. അപ്പോള്‍ ഇന്നുതന്നെ കുട്ടികള്‍ക്ക് കാന്‍ഡി ഉണ്ടാക്കിക്കൊടുക്കുകയല്ലേ? 

Also Read:- ഭക്ഷണപ്രേമികള്‍ക്കിടയില്‍ തരംഗമായി 'ലിറ്റില്‍ മൂണ്‍സ്'; ഇതെന്താണെന്നല്ലേ...

click me!