തേനിൽ ചാലിച്ച ആപത്ത്

By Web TeamFirst Published Oct 24, 2019, 12:11 PM IST
Highlights

സ്വാഭാവികമായി കാട്ടിൽ നിന്നും മറ്റും ശേഖരിക്കുന്ന തേൻ വനം വകുപ്പിൻ്റേയും ആദിവാസി ക്ഷേമ വകുപ്പിൻ്റെയുമൊക്കെ ഷോപ്പുകളിൽ നിന്നും ലഭ്യമാണെങ്കിലും കൃത്രിമമായി തേനീച്ചകൂടുകൾ ഉണ്ടാക്കി അതിൽ തേനീച്ചകളെ വളർത്തി കൃഷിചെയ്തെടുക്കുന്ന തേനാണ് ഇന്ന് വിപണിയിൽ നല്ല തേനെന്ന നിലയിൽ അധികവും കിട്ടുന്നത്. 

ദോഷമില്ലാത്ത, അതേസമയം ഗുണങ്ങളേറെയുള്ള മധുരമാണ് തേൻ. ഭക്ഷണമായും ഔഷധമായും ഒക്കെ തേൻ ധാരാളം ഉപയോഗിക്കപ്പെടുന്നു. പൂക്കളിൽ നിന്നുള്ള തേൻ ശേഖരിച്ച് തേനീച്ചകൾ തങ്ങളുടെ ഉമിനീരു മായി കൂട്ടിക്കലർത്തി ആമാശയത്തിലെത്തിച്ച് ഉല്പാദിപ്പിക്കുന്നതാണ് നാമുപയോഗിക്കുന്ന തേൻ. പല തരം തേനീച്ചകൾ ഉല്പാദിപ്പിക്കുന്ന എട്ടു തരം തേനിനെക്കുറിച്ച് ആയുർവേദഗ്രന്ഥങ്ങൾ പ്രതിപാദിക്കുന്നുണ്ടെങ്കിലും വൻതേൻ, ചെറുതേൻ എന്നിവയാണ് നമുക്ക് ഏറ്റവും ലഭ്യമാകുന്ന ഇനങ്ങൾ. സ്വാഭാവികമായി കാട്ടിൽ നിന്നും മറ്റും ശേഖരിക്കുന്ന തേൻ വനം വകുപ്പിൻ്റേയും ആദിവാസി ക്ഷേമ വകുപ്പിൻ്റെയുമൊക്കെ ഷോപ്പുകളിൽ നിന്നും ലഭ്യമാണെങ്കിലും കൃത്രിമമായി തേനീച്ചകൂടുകൾ ഉണ്ടാക്കി അതിൽ തേനീച്ചകളെ വളർത്തി കൃഷിചെയ്തെടുക്കുന്ന തേനാണ് ഇന്ന് വിപണിയിൽ നല്ല തേനെന്ന നിലയിൽ അധികവും കിട്ടുന്നത്. ആവശ്യത്തേക്കാൾ വളരെ കുറവാണ് യഥാർത്ഥ തേനിൻ്റെ ലഭ്യത എന്നതും വിലക്കൂടുതലുമാണ് ഇതിലെ മായം ചേർക്കലിലേക്കു നയിക്കുന്നതെന്ന് ഭക്ഷ്യഗുണനിലവാരനിർണ്ണയ രംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി സർവ്വീസിലെ എ. എം. ഗിരിജ ചൂണ്ടിക്കാട്ടുന്നു. നല്ല തേനിൽ മായം ചേർക്കുന്നതുമുതൽ പൂർണ്ണമായും കൃത്രിമതേൻ നിർമ്മിക്കുന്നതുവരെ ഇന്ന് വ്യാപകമായിട്ടുണ്ട്.

പ്രകൃതിദത്ത ഔഷധം 

300 കലോറി ഊർജ്ജം തരുന്നതാണ് 100 ഗ്രാം തേൻ. അതിൽ വിവിധതരം പഞ്ചസാരകൾ, നാരുകൾ എന്നിവയാലുള്ള അന്നജമാണ് മുഖ്യ ഘടകം. പിന്നെ പ്രോട്ടീനും റൈബോഫ്ലാവിൻ (ജീവകം B2), നയാസിൻ (ജീവകം B3), പാൻ്റോത്തെനിക്ക് അമ്ലം (ജീവകം B5), ജീവകം B6, ഫോലേറ്റ് (ജീവകം B9), ജീവകം സി എന്നിങ്ങനെയുള്ള വിറ്റാമിനുകളും കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസിയം, സിങ്ക്  തുടങ്ങിയ ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. അതുപോലെ നിരവധി എൻസൈമുകളും ആസിഡുകളും രോഗപ്രതിരോധഘടകങ്ങളും തേനിലുണ്ട്.

കൊഴുപ്പ് തീരെയില്ലാത്ത ഒന്നാണ് തേൻ. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സുഖനിദ്രക്കും വണ്ണം കുറക്കാനും ദഹനം സുഗമമാക്കാനും ഉന്മേഷമേകാനും കൊളസ്ട്രോൾ കുറക്കാനും ചർമ്മത്തിൻ്റെ ആരോഗ്യത്തിനും തേൻ കഴിക്കുന്നത് സഹായിക്കും. ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശരോഗങ്ങൾ എന്നിങ്ങനെയുള്ള രോഗാവസ്ഥകളെ ഭയപ്പെടാതെ കഴിക്കാവുന്ന മധുരമാണ് ശുദ്ധമായ തേൻ. അണുനാശകവുമാണ് തേൻ. നിരവധി അസുഖങ്ങൾക്കുള്ള മരുന്നായും തേൻ നേരിട്ട് ഉപയോഗിക്കപ്പെടുന്നുണ്ട്.

പഞ്ചസാര തൊട്ട് രാസമാലിന്യം വരെ

തേനിൻ്റെ അളവുകൂട്ടാൻ പഞ്ചസാരയുടേയോ ശർക്കരയുടേയോ ലായനി ചേർക്കുന്നതുമുതൽ പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നുള്ളതടക്കമുള്ള രാസമാലിന്യങ്ങൾ കൊണ്ട് പൂർണ്ണമായും തേൻ കൃത്രിമമായി ഉണ്ടാക്കുന്നതുവരെ തേൻ വിപണിയിലുണ്ട്. ഫെവിക്കോളും വാർഷീണും പഞ്ചസാരലായനിയും കൊണ്ട് തേൻ ഉണ്ടാക്കി വില്പന നടത്തിയ ഒരു സംഘത്തെ ഈയടുത്താണ് എറണാകുളത്തുനിന്നും അധികൃതർ പിടികൂടിയത്. ഗ്ലൂക്കോസ്, കോൺ സിറപ്പ്, റൈസ് സിറപ്പ്, സ്റ്റാർച്ച്, ജിപ്സം തുടങ്ങിയവയൊക്കെ തേനിൻ ചേർക്കുന്ന മായങ്ങളാണ്. ഇങ്ങനെ മായം ചേർത്ത തേനിന് നിറം കിട്ടാനായി പെട്രോളിയം സംസ്കരണത്തിൽ ലഭിക്കുന്ന കോൾടാർ ചായങ്ങളായ ടാര്‍ട്രാസിന്‍, സണ്‍സെറ്റ് യെല്ലൊ, കാര്‍മോസൈൻ എന്നിവയൊക്കെ ഉപയോഗിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫൈഡ് ട്രെയിനറും നാഷണൽ റിസോഴ്സ് പേഴ്സണും കൂടിയായ എ. എം. ഗിരിജ പറയുന്നു. തേൻ കൃഷിയിൽ തന്നെ പൂക്കളിൽ നിന്നും തേൻ വേണ്ടത്ര ഉണ്ടാകുന്നില്ലെന്നു കണ്ട് പഞ്ചസാരലായനിയും ശർക്കരലായനിയുമൊക്കെ തേനീച്ചകൾക്കു കൊടുത്ത് തേനുണ്ടാക്കുന്ന പതിവും ഉണ്ട്.സ്വാഭാവിക തേനിൻ്റെ ഗുണങ്ങളൊന്നും ഇതിനും കാണില്ല.

എന്തും സംഭവിക്കാം

ഔഷധഗുണങ്ങളുള്ള തേൻ എന്നുകരുതി ഫെവിക്കോളും വാർഷീണും ഒക്കെ കുടിച്ചാൽ എന്തു സംഭവിക്കും എന്നു പരിശോധിച്ചാൽ എന്തും സംഭവിക്കാം എന്നാണുത്തരം. വയറിളക്കം തൊട്ട് മഹാരോഗങ്ങളും മരണവും വരെ ഉള്ളിലെത്തുന്ന ഇവയുടെ അളവിനനുസരിച്ച് ഫലം കിട്ടും.

മധുരമല്ലാതെ, തേനിൻ്റെ ഗുണങ്ങളൊന്നുമില്ലാത്ത പഞ്ചസാരലായനി മാത്രമാണ് മായമെങ്കിൽ പോലും ഒരുപാട് ദോഷങ്ങൾക്കിടയാക്കും. ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന ഒന്നാണ് പഞ്ചസാര. പഞ്ചസാര കഴിക്കാൻ പാടില്ലാത്ത രോഗികളും കുഞ്ഞുങ്ങളുമൊക്കെ തേനെന്നു കരുതി പഞ്ചസാരലായനി തന്നെ ഉപയോഗിച്ചാൽ പ്രശ്നം ഗുരുതരമാകും. കരൾ രോഗങ്ങളും ഗർഭച്ഛിദ്രവും ഒക്കെ ഉണ്ടാക്കുന്നതാണ് രാസമാലിന്യം കലർന്ന തേൻ. കോൾടാർ ചായങ്ങളും ക്യാൻസർ അടക്കമുള്ള മാരകരോഗങ്ങൾക്കും ആന്തരികാവയവങ്ങളുടെ തകർച്ചക്കും വഴിവെയ്ക്കുന്നവയാണ്.

പിടിക്കാൻ വഴിയുണ്ട്

തേനിൽ മായം ചേർത്തിട്ടുണ്ടോ എന്ന് വീട്ടിൽതന്നെ അറിയാൻ പല വഴികളുണ്ട്. ഒന്നാമത്തെ മാർഗ്ഗം ഒരു ഗ്ലാസ് വെള്ളത്തിലേക്ക് അല്പം തേനൊഴിക്കലാണ്. തേൻ വെള്ളത്തിൽ കലരുന്നുണ്ടെങ്കിൽ മായമുണ്ട്. ശുദ്ധമായ തേൻ ഗാഢതാവ്യത്യാസം കാരണം വെള്ളവുമായി കലരാതെ നേരെ അടിയിൽ പോയി കിടക്കും. ഒരു കോലിൻ്റെ അറ്റത്ത് കുറച്ച് പഞ്ഞി ചുറ്റി അത് തേനിൽ മുക്കികത്തിച്ചാൽ നന്നായി തെളിഞ്ഞു കത്തിയാൽ നല്ല തേനാണ്. പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായാൽ ജലാംശമുള്ള പഞ്ചസാരലായനി പോലെ എന്തെങ്കിലും മായമുണ്ടാകും. ബ്ലോട്ടിംഗ് പേപ്പറിൽ അല്പം തേൻ ഒഴിക്കുമ്പോൾ അത് പേപ്പറിലേക്ക് വലിയുന്നുണ്ടെങ്കിലും മായമുണ്ട്. തേനിൽ അല്പം വിനാഗിരിയൊഴിക്കുമ്പോൾ പതഞ്ഞുവന്നാൽ അതും മായം ചേർത്തതിൻ്റെ തെളിവാണ്. ഒരു ടിസ്പൂൺ തേനിൽ അല്പം അയഡിൻ ചേർക്കുമ്പോൾ നിറം നീലയാകുന്നുണ്ടെങ്കിൽ അത് ശുദ്ധമായ തേനല്ല. തേൻ ഒരുപാത്രത്തിലെടുത്ത് ചൂടാക്കുമ്പോൾ പതവരാതെ നിറം ഇരുണ്ടതായി മാറുന്നുവെങ്കിൽ നല്ല തേനാണ്. നിറം മാറ്റം സംഭവിക്കാതെ കുമിളകൾ ഉണ്ടാകുകയാണെങ്കിൽ തേൻ ശുദ്ധമല്ല. ഡിഫ്രൻഷ്യൽ സ്കാനിങ് കലോറിമെട്രി (DSC) പോലുള്ള ലാബ് പരീക്ഷണങ്ങൾ തേനിലെ മായം കൃത്യമായി അറിയാനുള്ള ശാസ്ത്രീയവും കൃത്യവുമായ മാർഗ്ഗങ്ങളാണ്.

click me!