പാലിലെ മായം നിങ്ങള്‍ക്കും കണ്ടെത്താം; എങ്ങനെയെന്ന് മനസിലാക്കൂ...

By Web TeamFirst Published Jan 20, 2023, 12:27 PM IST
Highlights

ഭക്ഷ്യസുരക്ഷയെ കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന ഈ സാഹചര്യത്തില്‍ മായം കലര്‍ത്തിയ പാല്‍ കൂടി കണ്ടെത്തിയെന്നത് വലിയ ആശങ്കയ്ക്ക് തന്നെയാണ് ഇടയാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കേടായ ചിക്കൻ വില്‍പന നടത്തിയ പല കച്ചവടസ്ഥാപനങ്ങളിലും ഭക്ഷ്യവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പുറമെ സംസ്ഥാനത്ത് ഒട്ടാകെ ഹോട്ടലുകളില്‍ റെയ്ഡ് നടത്തുകയും പലയിടങ്ങളിലും ഹോട്ടലുകള്‍ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

മായം കലര്‍ന്ന ലിറ്ററുകണക്കിന് പാല്‍ സംസ്ഥാനത്ത് പിടിച്ചെടുത്തത് ഏതാനും ദിവസങ്ങളായി വാര്‍ത്തകളില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പിടിച്ചെടുത്ത മായം കലര്‍ന്ന പാല്‍ നശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ മായം കലര്‍ന്ന പാലാണ് സംസ്ഥാനാതിര്‍ത്തികളില്‍ വച്ച് പിടികൂടിയത്.

ഇത്തരത്തില്‍ ക്ഷീരവികസന വകുപ്പ് പിടിച്ചെടുത്ത 15300 ലിറ്റര്‍ പാല്‍ ഇന്ന് നശിപ്പിച്ചു. രഹസ്യവിവരത്തെ തുടര്‍ന്ന് ക്ഷീരവികസന വകുപ്പ് പാല്‍ പിടികൂടുകയും ലാബില്‍ പരിശോധന നടത്തുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് പാലില്‍ ഹൈഡ്രജൻ പെറോക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. 

ഭക്ഷ്യസുരക്ഷയെ കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന ഈ സാഹചര്യത്തില്‍ മായം കലര്‍ത്തിയ പാല്‍ കൂടി കണ്ടെത്തിയെന്നത് വലിയ ആശങ്കയ്ക്ക് തന്നെയാണ് ഇടയാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കേടായ ചിക്കൻ വില്‍പന നടത്തിയ പല കച്ചവടസ്ഥാപനങ്ങളിലും ഭക്ഷ്യവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പുറമെ സംസ്ഥാനത്ത് ഒട്ടാകെ ഹോട്ടലുകളില്‍ റെയ്ഡ് നടത്തുകയും പലയിടങ്ങളിലും ഹോട്ടലുകള്‍ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

എല്ലാത്തിനും പുറമെയാണ് പാലിലും മായമെന്ന സങ്കടകരമായ വാര്‍ത്ത വന്നിരിക്കുന്നത്. പാലില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്നത് നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കണമെന്നില്ല. എന്നാല്‍ വീട്ടില്‍ വച്ചുതന്നെ ചെയ്യാവുന്ന ചില പരിശോധനകളുണ്ട്. ഇതിലൂടെ ഒരളവ് വരെ പാലിലെ മായം കണ്ടെത്താൻ സാധിക്കുമെന്നാണ് 'ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാൻഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ' (എഫ്എസ്എസ്എഐ) പറയുന്നത്. ഇത്തരത്തില്‍ ചെയ്യാവുന്ന മൂന്ന് പരിശോധനകളാണിനി പരിചയപ്പെടുത്തുന്നത്. 

ഒന്ന്...

വളരെ വൃത്തിയുള്ള, ചരിഞ്ഞ പ്രതലത്തില്‍ ഒരു തുള്ളി പാല്‍ ഇറ്റിക്കുക. ശുദ്ധമായ പാലാണെങ്കില്‍ ഇത് പതിയെ ആയിരിക്കും ചരിവിലൂടെ ഒലിച്ച് താഴേക്കിറങ്ങുക. ഇത് ഒലിച്ചിറങ്ങുന്നതിന് അനുസരിച്ച് അവിടെ പാലിന്‍റെ പാടും അവശേഷിക്കും. എന്നാല്‍ വേഗത്തില്‍ ഒലിച്ചിറങ്ങുകയും പാട് അവശേഷിപ്പിക്കാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ആ പാലില്‍ മായമുണ്ടെന്ന് മനസിലാക്കാം. 

രണ്ട്...

അഞ്ച് മുതല്‍ പത്ത് മില്ലി ലിറ്റര്‍ പാല്‍ വരെയെടുക്കുക. ഇതേ അളവില്‍ വെള്ളവും എടുക്കുക. ഇനിയിത് രണ്ടും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. പാലില്‍ ഡിറ്റര്‍ജന്‍റ് പോലുള്ള മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ ഈ സമയത്ത് പത വരുന്നത് കാണാം. ശുദ്ധമായ പാലാണെങ്കില്‍ വെള്ളവും ചേര്‍ത്ത് കുലുക്കുമ്പോഴും വളരെ നേര്‍ത്തൊരു പതയേ വരൂ. 

മൂന്ന്...

രണ്ടോ മൂന്നോ മില്ലി ലീറ്റര്‍ പാല്‍ അത്രയും തന്നെ വെള്ളവും ചേര്‍ത്ത് ചൂടാക്കുക. ( പാല്‍ മാത്രമല്ല, പനീര്‍ പോലുള്ള പാലുത്പന്നങ്ങളും ഇങ്ങനെ ചെയ്തുനോക്കാം). നെയ് - ബട്ടര്‍ എന്നിവ പരിശോധിക്കുമ്പോള്‍ വെള്ളം ചേര്‍ക്കേണ്ടതില്ല. ഇനി ഇതൊന്ന് ആറിയ ശേഷം രണ്ടോ മൂന്നോ തുള്ളി ടിങ്ചര്‍ അയോഡിൻ ഇതിലേക്ക് ചേര്‍ക്കുക. ഈ സമയം ഇതില്‍ നീല നിറം കാണുകയാണെങ്കില്‍ പാലില്‍ മായമുണ്ടെന്ന് മനസിലാക്കാം. 

Also Read:- പാലിനും ദോഷവശങ്ങളോ? മാര്‍ക്കറ്റില്‍ നിന്ന് പാല്‍ വാങ്ങിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്...

click me!