
ശക്തമായ ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ധാതുക്കൾ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ് ച്യവനപ്രാശം എന്ന ഈ ഔഷധക്കൂട്ട്.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും, ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുവാനും, മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും, ദഹനം വേഗത്തിലാക്കാനും ഓർമ്മശക്തിയും തലച്ചോറിന്റെ പ്രവർത്തനവും വർദ്ധിപ്പിക്കുക, എന്നിങ്ങനെയുള്ള ധാരാളം കാര്യങ്ങളിൽ ഈ കൂട്ട് നമ്മെ സഹായിക്കുന്നു.
അസുഖം വരാതിരിക്കാൻ അമ്മമാർ പണ്ട് മഴക്കാലത്ത് നൽകിയിരുന്ന ഒന്നാണ് ഇത്. വീട്ടിൽ തന്നെ ച്യവനപ്രാശം എളുപ്പം തയ്യാറാക്കാവുന്നതാണ്...
വേണ്ട ചേരുവകൾ...
നെല്ലിക്ക 1/ 2 കിലോ
നെയ്യ് 1 / 3 കപ്പ്
ശർക്കര 400 ഗ്രാം
കുങ്കുമപ്പൂവ് ഒരു സ്പൂൺ
വയണ ഇല / ഇടണ ഒരെണ്ണം
പട്ട 1 ഇഞ്ച് കഷ്ണം
ചുക്ക് 10 ഗ്രാം
വചനലോചൻ 10 ഗ്രാം
തിപ്പലി 10 ഗ്രാം
നാഗകേസർ 5 ഗ്രാം
ജാതിക്ക 5 ഗ്രാം
ഏലക്ക 5 -7 എണ്ണം
ഗ്രാമ്പൂ 5 ഗ്രാം
കുരുമുളക് 5 ഗ്രാം
തയ്യാറാക്കുന്ന വിധം...
നെല്ലിക്ക നന്നായി കഴുകി കുക്കറിൽ കുറച്ചു വെള്ളം ചേർത്ത് വേകാൻ വയ്ക്കുക. വേവിച്ച നെല്ലിക്ക കുരു കളഞ്ഞ ശേഷം വെള്ളം പൂർണമായും മാറ്റിയ ശേഷം മിക്സിയിൽ അരച്ച് നല്ല പേസ്റ്റ് രൂപത്തിൽ എടുക്കുക ...
മറ്റൊരു മിക്സി ജാറിൽ കുരുമുളക് , ഗ്രാമ്പൂ , ഏലയ്ക്ക , ജാതിക്ക, നാഗ കേസരി , തിപ്പലി( നീളത്തിലുള്ള കുരുമുളക്) , വചനലോചൻ(bamboo manna) , ചുക്ക്, പട്ട , വായണ ഇല എന്നിവ നന്നായി പൊടിച്ചു എടുക്കുക .
ചുവടു കട്ടിയുള്ള ഉരുളിയോ അതുപോലെ കട്ടിയുള്ള പാത്രമോ അടുപ്പത്തു വച്ച് നന്നായി ചൂടാകുമ്പോ നെയ്യ് ചേർത്ത് കൊടുക്കാം. അതിലേക്കു അരച്ച് വച്ച നെല്ലിക്കയും ഒപ്പം ശർക്കരയും ചേർത്ത് നന്നായി ഇളക്കി നെല്ലിക്കയിലെ ജലാംശം കുറഞ്ഞു കുറുകി തുടങ്ങുമ്പോൾ അതിലേക്കു പൊടിച്ചു വച്ച കൂട്ടും ചേർക്കാം എല്ലാം നന്നായി കുറുക്കു നല്ലൊരു ജാം പോലെ ആയി തവിട്ടു നിറം വന്നു കഴിയുമ്പോൾ നെയ്യൊക്കെ യോജിച്ച് അത് പാനിൽ നിന്ന് വിട്ടു തുടങ്ങുന്ന സമയത്ത് കുങ്കുമപ്പൂവ് കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ശേഷം ഇത് വായുകടക്കാത്ത ഒരു കുപ്പിയിൽ സൂക്ഷിക്കുക.
തയ്യാറാക്കിയത്:
ആശ
ബാംഗ്ലൂർ
ബീറ്റ്റൂട്ട് മുറുക്ക് ഈസിയായി തയ്യാറാക്കാം