പനീര്‍ തയ്യാറാക്കുന്ന പതിവുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കായി ചില ടിപ്സ്...

By Web TeamFirst Published Nov 28, 2022, 4:51 PM IST
Highlights

പനീര്‍ കട്ടിയാവുകയോ റബര്‍ പരുവമാവുകയോ ചെയ്യാതിരിക്കാൻ, അല്ലെങ്കിലിത് പരിഹരിക്കാൻ എന്തെല്ലാം ചെയ്യാം? പനീര്‍ നല്ല മൃദുലമായും ടേസ്റ്റിയായും നമ്മുടെ ഡിഷുകളില്‍ കിട്ടാൻ എന്ത് ചെയ്യണം? പങ്കുവയ്ക്കുന്നു ചില ടിപ്സ്...

പനീര്‍ ഒരേസമയം രുചികരവും ആരോഗ്യകരവുമായ വിഭവമാണ്. പ്രത്യേകിച്ച് വെജിറ്റേറിയൻ ഡയറ്റ് പാലിക്കുന്നവര്‍ക്ക് ആവശ്യമായ പ്രോട്ടീൻ കണ്ടെത്തുന്നതിന് ഏറ്റവുമധികം സഹായകമാകുന്നൊരു ഭക്ഷണമാണ് പനീര്‍. 

പ്രോട്ടീനിന്‍റെ മാത്രമല്ല, കാത്സ്യം, വൈറ്റമിൻ- ബി12, അയേണ്‍ തുടങ്ങി ശരീരത്തിന് പലവിധത്തില്‍ ആവശ്യമായി വരുന്ന നിര്‍ണായകമായ ഘടകങ്ങളുടെയെല്ലാമൊരു സ്രോതസാണ് പനീര്‍. 

പനീര്‍ കൊണ്ട് ഫ്രൈയോ, കറിയോ, ഡിസേര്‍ട്ടുകളോ ഒക്കെ തയ്യാറാക്കുന്നവരുണ്ട്. സാധാരണഗതിയില്‍ പനീര്‍ വളരെ മൃദുലമായിട്ടാണ് ഇരിക്കുന്നത്. എന്നാല്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം ഉപയോഗിക്കുമ്പോള്‍ അത് കട്ടിയായോ റബര്‍ പരുവത്തിലായോ പോകാറുണ്ട്. പനീറാണെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചേ മതിയാകൂ.

അങ്ങനെയെങ്കില്‍ പനീര്‍ ഇത്തരത്തില്‍ കട്ടിയാവുകയോ റബര്‍ പരുവമാവുകയോ ചെയ്യാതിരിക്കാൻ, അല്ലെങ്കിലിത് പരിഹരിക്കാൻ എന്തെല്ലാം ചെയ്യാം? പനീര്‍ നല്ല മൃദുലമായും ടേസ്റ്റിയായും നമ്മുടെ ഡിഷുകളില്‍ കിട്ടാൻ എന്ത് ചെയ്യണം? പങ്കുവയ്ക്കുന്നു ചില ടിപ്സ്...

ഒന്ന്...

പനീര്‍ ഫ്രിഡ്ജില്‍ വച്ച് എടുക്കുമ്പോഴേക്ക് വല്ലാതെ കട്ടിയായി പോകാതിരിക്കാൻ ഇത് ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ തന്നെ എയര്‍ടൈറ്റായിട്ട് വയ്ക്കണം. ഒന്നുകില്‍ എയര്‍ടൈറ്റ് പാത്രങ്ങളുപയോഗിക്കാം. അല്ലെങ്കില്‍ കവറുപയോഗിക്കാം. കാരണം ഫ്രിഡ്ജിനകത്തെ ഫ്രീ ആയ വായു ഇതിലേക്ക് കടന്നാല്‍ ഇത് പെട്ടെന്ന് കട്ടിയാകും. അതുപോലെ കേടുവരാനുള്ള സാധ്യതകളും കൂടിവരും. 

രണ്ട്...

പനീര്‍ ഫ്രിഡ്ജില്‍ നിന്നെടുത്തപാടെ അത് പാകം ചെയ്യാൻ നോക്കരുത്. കഴിയുമെങ്കില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ പുറത്തെ താപനിലയില്‍ വെറുതെ ഇരിക്കട്ടെ. ഇതോടെ പനീര്‍ പഴയരീതിയില്‍ 'സോഫ്റ്റ്' ആയിക്കിട്ടും.

മൂന്ന്...

മുകളില്‍ സൂചിപ്പിച്ചത് പോലെ ഇത്രയും മണിക്കൂര്‍ പനീര്‍ പുറത്തെടുത്ത് വയ്ക്കാൻ സമയമില്ലെന്ന് കരുതുക. ഈ സന്ദര്‍ഭത്തില്‍ അല്‍പം വെള്ളം തിളപ്പിച്ച് പനീര്‍ ഇതിലിട്ട് വയ്ക്കാം. ശ്രദ്ധിക്കുക എത്ര പനീറുണ്ടോ അത് മുങ്ങാൻ മാത്രം വെള്ളം മതി. ചൂടുവെള്ളത്തില്‍ അഞ്ച് മിനുറ്റില്‍ കൂടുതല്‍ ഇത് ഇടുകയും അരുത്. അങ്ങനെ ചെയ്താല്‍ പനീര്‍ പൊട്ടുകയോ അടര്‍ന്നുപോരുകയോ ചെയ്യാം. 

നാല്...

ചൂടുവെള്ളത്തില്‍ ഇടുന്നത് പോലെ തന്നെ ഫ്രിഡ്ജില്‍ നിന്നെടുത്ത പനീര്‍ ആവി കയറ്റിയും മൃദുലമാക്കിയെടുക്കാം. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ഇതിന് മുകളില്‍ സ്റ്റെയിനര്‍ വച്ച് ഇതിലേക്ക് പനീര്‍ ചേര്‍ത്ത് അടച്ചുവച്ച് പത്തോ പതിനഞ്ചോ മിനുറ്റ് ആവി കയറ്റിയെടുക്കുമ്പോഴേക്ക് സംഗതി 'സോഫ്റ്റ്' ആയിക്കിട്ടും.

അഞ്ച്...

കറി തയ്യാറാക്കുമ്പോള്‍ പനീര്‍ ആദ്യമേ ചേര്‍ത്ത് ഒരുപാട് നേരം പാകം ചെയ്യാൻ വച്ചാലും പനീര്‍ കട്ടിയായോ റബര്‍ പരുവമായോ പോകാറുണ്ട്. അതിനാല്‍ പനീര്‍ എപ്പോഴും കറികളില്‍ അവസാനം ചേര്‍ക്കാൻ ശ്രമിക്കുക. 

Also Read:- ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ വച്ചാല്‍ എന്ത് സംഭവിക്കും?

tags
click me!