'ഐസ്ക്രീം കൊണ്ട് കളിക്കുന്ന ഈ ചേട്ടനെ എന്ത് ചെയ്യണം?'; വീഡിയോ

By Web TeamFirst Published Nov 23, 2022, 10:52 PM IST
Highlights

കച്ചവടക്കാരൻ ഓരോ തവണ ഐസ്ക്രീം നീട്ടുമ്പോഴും കുഞ്ഞ് അതിപ്പോള്‍ കയ്യില്‍ കിട്ടുമെന്ന് പ്രതീക്ഷിക്കും. എന്നാല്‍ കിട്ടാതിരിക്കുമ്പോള്‍ കുഞ്ഞിന് സങ്കടവും ദേഷ്യവും തോന്നുന്നത് വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്.

ഫുഡ് വ്ളോഗര്‍മാരുടെ കാലമാണിത്. വ്യത്യസ്തമായ രുചികളും ഭക്ഷണസംസ്കാരങ്ങളുമെല്ലാം നമുക്ക് പരിചയപ്പെടുത്തി തരുന്ന എത്രയോ വീഡിയോകള്‍ നാം പതിവായി കാണാറുണ്ട്. ഇത്തരം വീഡിയോകളിലൂടെയായിരിക്കണം ഐസ്ക്രീം വാങ്ങിക്കാനെത്തുന്നവരെ അത് നീട്ടിക്കൊണ്ട് ആവര്‍ത്തിച്ച് പറ്റിക്കുന്ന കച്ചവടക്കാരെ നമ്മളില്‍ അധികപേരും കണ്ടിരിക്കുന്നത്.

ഫുഡ് ഫെസ്റ്റിവെലുകളിലും മാളുകളിലും മറ്റുമാണ് ഇങ്ങനെയുള്ള കച്ചവടക്കാരെ ഏറെയും കാണാൻ സാധിക്കുക. കച്ചവടത്തിന്‍റെ ആകര്‍ഷണീയത കൂട്ടാനും കൂടുതല്‍ ഉപഭോക്താക്കള്‍ എത്താനും ജനശ്രദ്ധ പിടിച്ചുപറ്റാനുമെല്ലാമാണ് ഇവര്‍ ഈ തന്ത്രം പ്രയോഗിക്കുന്നത്. 

മുതിര്‍ന്നവരെയും കുട്ടികളെയും എല്ലാം ഒരുപോലെ ഇവര്‍ ഐസ്ക്രീം കാണിച്ച് കളിപ്പിക്കാറുണ്ട്. എന്നാല്‍ മുതിര്‍ന്നവരെ പോലെയല്ലല്ലോ കുട്ടികള്‍. അവര്‍ക്ക് മിക്കപ്പോഴും ഈ കളി അസഹ്യമായും, ക്രൂരമായും തോന്നാമല്ലോ. ഇക്കാര്യം തന്നെ ഓര്‍മ്മപ്പെടുത്തുകയാണ് ഇപ്പോള്‍ ട്വിറ്ററില്‍ ഏറെ ശ്രദ്ധേയമാകുന്നൊരു വീഡിയോ. 

ഒരു ടര്‍ക്കീഷ് ഐസ്ക്രീം കച്ചവടക്കാരൻ കൊച്ചുപെണ്‍കുട്ടിയെ ഐസ്ക്രീം നീട്ടിക്കൊണ്ട് ആവര്‍ത്തിച്ച് കളിപ്പിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കച്ചവടക്കാരൻ ഓരോ തവണ ഐസ്ക്രീം നീട്ടുമ്പോഴും കുഞ്ഞ് അതിപ്പോള്‍ കയ്യില്‍ കിട്ടുമെന്ന് പ്രതീക്ഷിക്കും. എന്നാല്‍ കിട്ടാതിരിക്കുമ്പോള്‍ കുഞ്ഞിന് സങ്കടവും ദേഷ്യവും തോന്നുന്നത് വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്.

ഇതുതന്നെ ആവര്‍ത്തിച്ചുവരുന്നതിന് അനുസരിച്ച് കുഞ്ഞിന് അനിയന്ത്രിതമായി ദേഷ്യം വരികയും അവള്‍ ഐസ്ക്രീമിന്‍റെ കോണ്‍ തട്ടിയെടുത്ത് കച്ചവടക്കാരനെ എറിയുകയുമെല്ലാം വീഡിയോയില്‍ കാണുന്നുണ്ട്. ചുറ്റും കുഞ്ഞിന്‍റെ വേണ്ടപ്പെട്ടവര്‍ അടക്കമുള്ളവരുണ്ട്. അവരെല്ലാം ഈ രംഗം കണ്ട് ആസ്വദിക്കുകയാണ്.

ഒടുവില്‍ അക്ഷമയും കടന്ന് ദുഖത്തിലെത്തുന്ന കുഞ്ഞ് കരയുകയാണ്. അപ്പോഴേക്ക് ഐസ്ക്രീം കയ്യിലെത്തി. എന്നാല്‍ ഈ ഐസ്ക്രീം വേണ്ടെന്ന് വയ്ക്കുകയാണ് അഭിമാനിയായ കുഞ്ഞ്. എന്തിനാണ് കുട്ടികളെ ഇത്തരത്തില്‍ മോശമായി കൈകാര്യം ചെയ്യുന്നതെന്നാണ് വീഡിയോ കണ്ടവരെല്ലാം ചോദിക്കുന്നത്. മുതിര്‍ന്നവര്‍ ഇതെല്ലാം കണ്ട് ആസ്വദിച്ച് നില്‍ക്കുക കൂടി ചെയ്യുന്നത് കുഞ്ഞുമനസുകളെ മുറിപ്പെടുത്തുമെന്നും നിരവധി പേര്‍ ഓര്‍മ്മപ്പെടുത്തുന്നു. 

കുട്ടികളുടെ ലോകം മുതിര്‍ന്നവരുടേതിന് സമാനമല്ല. വളരെ നിസാരമെന്ന് മുതിര്‍ന്നവര്‍ വിധിക്കുന്ന കാര്യങ്ങളടങ്ങിയ തീര്‍ത്തും വ്യത്യസ്തമായ ലോകമാണത്. എന്നാല്‍ അവരുടെ ലോകത്തെയും പ്രാധാന്യത്തോടെ അംഗീകരിച്ചില്ലെങ്കില്‍ അവരില്‍ അതുണ്ടാക്കുന്ന മനോവിഷമം ചെറുതായിരിക്കില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു. 

വീഡിയോ കണ്ടുനോക്കൂ...

 

क्यों परेशान कर रहे हो बेचारी को 😂👏😎 pic.twitter.com/V5slqNAqwr

— ज़िन्दगी गुलज़ार है ! (@Gulzar_sahab)

Also Read:- 'എന്തിനിങ്ങനെ ചെയ്യണം?'; ഫുഡ് വ്ളോഗറുടെ വീഡിയോയ്ക്ക് മാരക വിമര്‍ശനം

click me!