
മാനസിക സമ്മർദ്ദം അനുഭവപ്പെടുമ്പോൾ ചോക്ലേറ്റ്, മധുരമുള്ള പാനീയങ്ങൾ, ഐസ്‌ക്രീം അല്ലെങ്കിൽ മിഠായി എന്നിവ കഴിക്കാൻ ഭൂരിഭാഗം ആളുകളും താല്പര്യം കാണിക്കാറുണ്ട്. എന്നാൽ ഇത്തരം അമിതമായ ആഗ്രഹങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് നിങ്ങൾക്കറിയാമോ. മാനസിക സമ്മർദ്ദം നമ്മുടെ ഭക്ഷണരീതിയെ വലിയ രീതിയിൽ സ്വാധീനിക്കുകയും മധുരവും കലോറിയും കൂടിയ ഭക്ഷണങ്ങൾ കഴിക്കാനുള്ള പ്രേരണ ഉണ്ടാക്കുകയും ചെയ്യും. അമിതവണ്ണം, പ്രമേഹം, മെറ്റബോളിക് തകരാറുകൾ എന്നിവ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്‌ട്രെസും മധുരം കഴിക്കാനുള്ള ആഗ്രഹത്തെയും നിസാരമായി കാണേണ്ട. ഇന്നത്തെ കാലത്ത് ജോലിസ്ഥലത്തെ സമ്മർദ്ദങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, പഠനഭാരം അല്ലെങ്കിൽ കുടുംബപരമായ പ്രശ്നങ്ങൾ എന്നിവയെല്ലാം കാരണം മാനസിക സമ്മർദ്ദം ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഡെഡ്‌ലൈനുകൾ, പരീക്ഷകൾ, നിത്യജീവിതത്തിലെ മറ്റ് സമ്മർദ്ദങ്ങൾ എന്നിവ പലപ്പോഴും മനുഷ്യനെ തളർത്താറുണ്ട്. ഇതിൽ നിന്നും താൽക്കാലിക ആശ്വാസം കണ്ടെത്തുന്നതിനാണ് പലരും മധുരമുള്ള പലഹാരങ്ങളെ ആശ്രയിക്കുന്നത്.
ഒരു വ്യക്തി മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുമ്പോൾ ശരീരം കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകളെ പുറത്തുവിടുന്നു. ഇത്തരം വെല്ലുവിളികളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുകയാണ് ഈ ഹോർമോണുകളുടെ ജോലി. എന്നാൽ ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് ഉയരുമ്പോൾ അത് വിശപ്പ് വർദ്ധിപ്പിക്കുകയും മധുരവും കൊഴുപ്പും കലോറിയും കൂടിയ ഭക്ഷണങ്ങൾ കഴിക്കാനുള്ള അമിതമായ പ്രേരണ ഉണ്ടാക്കുകയും ചെയ്യുന്നു.
അമിതമായി മധുരം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഒരാൾ വലിയ അളവിൽ മധുരം കഴിക്കുന്നത് ശരീരഭാരം കൂടുന്നതിനും, ഇൻസുലിൻ റെസിസ്റ്റൻസിനും, ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകും. കൂടാതെ ശരീരത്തിൽ ഊർജ്ജമില്ലായ്മ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, വീക്കം എന്നിവയ്ക്കും ഇത് വഴിവെക്കുന്നു. പ്രമേഹബാധിതരായ ആളുകളിൽ സ്‌ട്രെസും അനാരോഗ്യകരമായ ഭക്ഷണരീതിയും കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമായി ഉയർന്നേക്കാം. ഇത് പക്ഷാഘാതം, വൃക്ക തകരാറുകൾ, രോഗപ്രതിരോധ ശേഷി കുറയൽ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. മാനസിക സമ്മർദ്ദം മാത്രം കൊണ്ടുതന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാം. ഇതിനൊപ്പം അമിതമായി മധുരം കൂടി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിലേക്കും മെറ്റബോളിക് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിലേക്കും നയിക്കും.
സ്ട്രെസ് ഈറ്റിംഗ് ഒരു പ്രശ്നമായി മാറുന്നതിന്റെ ലക്ഷണങ്ങൾ
2. വിശപ്പില്ലാത്തപ്പോഴും ആഹാരം കഴിക്കുക
3. ഉത്കണ്ഠയോ സ്ട്രെസോ കുറയ്ക്കാൻ മധുരമുള്ള ഭക്ഷണങ്ങളെ ആശ്രയിക്കുക
4. ഭക്ഷണം കഴിച്ചതിനുശേഷം കുറ്റബോധം തോന്നുക
5. പെട്ടെന്ന് ശരീരഭാരം കൂടുക
6. കടുത്ത തളർച്ചയും ഊർജ്ജമില്ലായ്മയും
7. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാൻ കഴിയാതെ വരികയും അമിതമായി മധുരം കഴിക്കുകയും ചെയ്യുക
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
മധുരം കഴിക്കാൻ തോന്നുന്ന എല്ലാ സാഹചര്യങ്ങളിലും ശരീരത്തിന് പഞ്ചസാര ആവശ്യമാണെന്ന് അർത്ഥമില്ല. പലപ്പോഴും വിശപ്പിനേക്കാൾ ഉപരിയായി നമ്മുടെ വികാരങ്ങളാണ് ഇത്തരം ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. വൈകാരികമായ ഇത്തരം പ്രേരണകളെ തിരിച്ചറിഞ്ഞ് ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. മാനസിക സമ്മർദ്ദം കൃത്യമായി നിയന്ത്രിക്കുന്നത് വഴി അമിതവണ്ണവും പ്രമേഹവും തടയാൻ സാധിക്കും.
സ്ട്രെസ് മൂലമുള്ള മധുരത്തോടുള്ള ആഗ്രഹം എങ്ങനെ നിയന്ത്രിക്കാം?
പതിവായ വ്യായാമം, കൃത്യമായ ഉറക്കം, സമീകൃതാഹാരം, ആവശ്യത്തിന് വെള്ളം കുടിക്കുക, ധ്യാനം, യോഗ എന്നിവയിലൂടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ സാധിക്കും. പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അമിതമായ ആഗ്രഹങ്ങൾ കുറയ്ക്കാനും സഹായിക്കും. മധുരപലഹാരങ്ങൾക്ക് പകരം പഴങ്ങൾ, നട്സുകൾ, വിത്തുകൾ, തൈര് തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാം. സ്‌ട്രെസ് നിയന്ത്രിക്കുന്നത് മാനസികാരോഗ്യത്തിന് മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നതിനും ഭാവിയിൽ വരാവുന്ന മെറ്റബോളിക് രോഗങ്ങളെ തടയുന്നതിനും അത്യാവശ്യമാണ്. അതിനാൽ സ്ട്രെസ് വരുമ്പോൾ മധുരത്തെ ആശ്രയിക്കാതെ, ആരോഗ്യകരമായ ശീലങ്ങൾ പതിവാക്കുക.