ഇത് സര്‍ക്കാരിന്റെ വേനല്‍ ആശ്വാസം; കുപ്പിവെള്ളത്തിന് ഇനി പുതുക്കിയ വില

By Web TeamFirst Published Mar 3, 2020, 6:03 PM IST
Highlights

നിലവില്‍ 20 രൂപയ്ക്കാണ് കച്ചവടക്കാര്‍ കുപ്പിവെള്ളം വില്‍ക്കുന്നത്. ആറ് രൂപയില്‍ താഴെ മാത്രമാണ് ഒരു കുപ്പിവെള്ളത്തിന്റെ നിര്‍മ്മാണച്ചെലവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ഇത് എട്ട് രൂപയ്ക്കാണ് കമ്പനികള്‍ കടകളില്‍ വിതരണം ചെയ്തിരുന്നത്. ഈ അവസ്ഥയിലാണ് ഇനി മാറ്റം വരാന്‍ പോകുന്നത്

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില, ലിറ്ററിന് പരമാവധി 13 രൂപയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇനി മുതല്‍ എല്ലാ കമ്പനികളും പുറത്തിറക്കുന്ന കുപ്പിവെള്ളത്തിന്റെ വില നിര്‍ബന്ധമായും 13 രൂപയെന്ന് രേഖപ്പെടുത്തണം. ഇങ്ങനെ രേഖപ്പെടുത്തിയ ശേഷം അധികവില ആരെങ്കിലും ഈടാക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 

1986ലെ അവശ്യവസ്തു നിയന്ത്രണ നിയമപ്രകാരം കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കേരള സര്‍ക്കാരെത്തിയത്. വിലയില്‍ മാറ്റം വരുത്തുന്നതിന് പുറമെ കുപ്പികളില്‍ വില്‍പന നടത്തുന്ന വെള്ളത്തിന് ബിഐഎസ് ഗുണനിലവാരം നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. 

നിലവില്‍ 20 രൂപയ്ക്കാണ് കച്ചവടക്കാര്‍ കുപ്പിവെള്ളം വില്‍ക്കുന്നത്. ആറ് രൂപയില്‍ താഴെ മാത്രമാണ് ഒരു കുപ്പിവെള്ളത്തിന്റെ നിര്‍മ്മാണച്ചെലവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ഇത് എട്ട് രൂപയ്ക്കാണ് കമ്പനികള്‍ കടകളില്‍ വിതരണം ചെയ്തിരുന്നത്. ഈ അവസ്ഥയിലാണ് ഇനി മാറ്റം വരാന്‍ പോകുന്നത്. എന്തായാലും കടുത്ത വേനലിന്റെ ആരംഭത്തില്‍ തന്നെ ജനപ്രിയ തീരുമാനം നടപ്പിലാക്കി കയ്യടി വാങ്ങാനൊരുങ്ങുകയാണ് കേരള സര്‍ക്കാര്‍.

click me!