
ഇന്ന് എന്തിനും ഏതിനും ഓൺലൈൻ ശൃംഖലയെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഭക്ഷണ സാധനങ്ങൾ ഓർഡർ ചെയ്യാനും നിവധിപേർ ഓൺലൈനിനെ ആശ്രയിക്കാറുണ്ട്. ഇതിനായി നിരവധി ആപ്പുകളും ലഭ്യമാണ്. ഭക്ഷണത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെന്ന് പരാതിപ്പെട്ടാൽ പണം തിരികെ ലഭിക്കുകയും ചെയ്യും.
ഇത്തരത്തിൽ ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്ത യുവാവിന് നഷ്ടമായത് നാല് ലക്ഷം രൂപയാണ്. ഉത്തർപ്രദേശിലെ ഗോംതി നഗർ സ്വദേശിയായ യുവാവിനാണ് പണം നഷ്‌ടമായത്. ഭക്ഷണം മേശമായിരുന്നുവെന്ന് പരാതി പറയാൻ കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് നമ്പറിലേക്ക് വിളിക്കുകയും ഇതിനിടയിൽ നടന്ന സംഭാഷണത്തിനിടയിലുമാണ് യുവാവിന് പണം നഷ്ടമായത്.
പണം തിരികെ ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌ത് ബാങ്ക് വിവരങ്ങൾ ചേർക്കാൻ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനിടെ യുവാവിൻ്റെ ഫോണിലേക്ക് ഒടിപി കോഡ് വന്നു. ഈ നമ്പർ പങ്കുവെക്കണമെന്ന എക്‌സിക്യൂട്ടീവിൻ്റെ നിർദേശം ഇയാൾ പാലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സേവിംഗ്‌സ് അക്കൗണ്ടിൽ നിന്നും നാല് ലക്ഷം രൂപ യുവാവിന് നഷ്‌ടമായതായി മെസേജ് വരികയായിരുന്നു.
ഉടൻ തന്നെ എക്‌സിക്യൂട്ടീവ് നമ്പറിൽ തിരികെ വിളിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. സമാനമായ രീതിയിൽ മുമ്പും നിരവധി പേർക്ക് പണം നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.