ഇനി വിവാഹസദ്യക്ക് പോകുമ്പോള്‍ ഈ മനുഷ്യനെ ഓര്‍ക്കണേ...

By Web TeamFirst Published Jun 18, 2019, 6:50 PM IST
Highlights

" ഇല്ല, പറ്റില്ല.. മുഴുവൻ കഴിച്ചിട്ടു വരൂ.." എന്ന് അയാൾ പറയുന്നത് നമുക്ക് കാണാം 

ആവശ്യത്തിലധികം ഭക്ഷണം പാത്രത്തിൽ നിറയ്ക്കുക. എന്നിട്ട് എന്തെങ്കിലുമൊക്കെ ചിക്കിപ്പെറുക്കി കഴിക്കുക, ബാക്കി കൊണ്ട് വെയ്സ്റ്റ് ബാസ്‌ക്കറ്റിൽ തട്ടുക. ഇത് കല്യാണച്ചടങ്ങുകൾക്കൊക്കെ പോയാൽ നമ്മൾ സ്ഥിരം  കാണുന്ന ഒരു കാഴ്ചയാണ്. അഞ്ഞൂറുപേർക്കുള്ള ഒരു കല്യാണ സദ്യ കഴിഞ്ഞാൽ ചുരുങ്ങിയത് എഴുപത്തഞ്ചു കിലോയെങ്കിലും വരും ആളുകൾ കഴിക്കാതെ ബാക്കിവെക്കുന്ന ഭക്ഷണത്തിന്റെ അളവ്. CSR ജേണൽ ഈയിടെ പുറത്തിറക്കിയ ഒരു പഠനം പറയുന്നത് ഇന്ത്യക്കാർ കഴിക്കാതെ ചവറ്റുകുട്ടയിൽ കൊണ്ടുതട്ടുന്ന ഭക്ഷണത്തിന്റെ അളവ് ബ്രിട്ടനിൽ മുഴുവനുമുള്ള ആളുകളെ മൂന്നുനേരം മൃഷ്ടാന്നം ഊട്ടാൻ തികയുമെന്നാണ് പറയപ്പെടുന്നത്. 

ലോകത്തിന്റെ പലഭാഗത്തും വിശക്കുന്ന വയറോടെ ആളുകൾ മുണ്ടും മുറുക്കിയുടുത്ത് പച്ചവെള്ളവും കുടിച്ച് ഉറക്കം വരാതെ കിടന്നുറങ്ങുമ്പോൾ, മറ്റു ചിലർ അതേപ്പറ്റി യാതൊരു ചിന്തയും കൂടാതെ, നിർബാധം ഭക്ഷണം പാഴാക്കുന്നു. എന്തൊരു വിരോധാഭാസമാണ് അല്ലേ..? 

ഇന്ത്യയിൽ പട്ടിണികിടക്കേണ്ടി വരുന്ന പത്തൊമ്പതു കോടിയിലധികം ജനങ്ങളുണ്ടെന്നാണ് കണക്ക്. ഇന്ത്യയിലെ ശിശുക്കളിൽ നാലിലൊന്ന് പോഷകാഹാരക്കുറവിന്റെ ദോഷഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നവരാണ്. നമ്മുടെ കുഞ്ഞുങ്ങൾ വീടിന്റെ സുരക്ഷിതത്വത്തിൽ സുഖിച്ചിരുന്നു ഭക്ഷണം പാഴാക്കുമ്പോൾ അത് കണ്ടില്ലെന്നു നടിക്കുന്നത് പോഷണം കിട്ടാതെ മരിക്കുന്ന കുഞ്ഞുങ്ങളോടു നമ്മൾ ചെയ്യുന്ന അനീതിയാണ്. 

അവിടെയാണ് ഈ മനുഷ്യന്റെ പ്രവൃത്തി പ്രസക്തമാവുന്നത്. ഈയടുത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ ആണിത്. ഏതോ ഒരു വെഡിങ്ങ് റിസപ്‌ഷൻ നടക്കുകയാണ്. ഇയാൾ ചവറ്റുകുട്ടയ്ക്കരികിൽ പത്രങ്ങൾ ഏറ്റുവാങ്ങാനായി നിൽക്കുകയാണ്. എന്നാൽ, പാത്രത്തിൽ ഭക്ഷണവും കൊണ്ട് അത് ചവറ്റുകുട്ടയിൽ തട്ടാനായി വരുന്നവരെ അയാൾ കണ്ണുപൊട്ടുന്ന ചീത്ത പറഞ്ഞ് ഓടിച്ചു വിടുകയാണ്. മുഴുവൻ കഴിച്ച് പത്രം നല്ല വൃത്തിയായിട്ടല്ലാതെ അയാൾ വാങ്ങിവെക്കില്ല. 

" ഇല്ല, പറ്റില്ല.. മുഴുവൻ കഴിച്ചിട്ടു വരൂ.." എന്ന് അയാൾ പറയുന്നത് നമുക്ക് കാണാം 

ഇൻഡ്യാ ടൈംസ് ആണ് വീഡിയോ പങ്കുവെച്ചത് 

വീഡിയോ കാണാം...

2018  ലെ കണക്കുപ്രകാരം,  ഇന്ത്യ ആഗോള വിശപ്പ് പട്ടികയിൽ 119  രാജ്യങ്ങളിൽ 103 സ്ഥാനത്താണ്. ഭൂരിഭാഗം പേർക്കും ഒരു നേരം വയറുനിറയെ ഭക്ഷണം കഴിക്കാൻ വകയില്ലാത്ത ഒരു രാജ്യത്ത് ചിലർ ഭക്ഷണം പാഴാക്കുന്നത് എങ്ങനെയാണ് അനുവദിച്ചു കൊടുക്കാനാവുക..? അതെങ്ങനെയാണ് ശരിയാവുക..? 

ഇന്ത്യയിൽ ഭക്ഷണം പാഴാക്കുന്നതിനും ചവറ്റുകുട്ടയിൽ തട്ടുന്നതിനും ആർക്കും ഒരു ഭയമോ മടിയോ ഇല്ല. കാരണം ജർമനിയെപ്പോലെ അതിനെതിരായ ശക്തമായ അവബോധമില്ല നമ്മുടെ നാട്ടിൽ. ജർമനിയിലെ പല റസ്റോറന്റുകളിലും ഭക്ഷണത്തെ ബാക്കിവെക്കുന്ന കസ്റ്റമർമാർക്ക് ബില്ലിന്റെ കൂടെ ഫൈനും അടിച്ചു കയ്യിൽ കിട്ടും. പോക്കറ്റിനു ചോർച്ചയുണ്ടാവും എന്നറിയുമ്പോഴെങ്കിലും ആളുകൾ ഭക്ഷണം ബാക്കിയാകുന്നത് കുറയ്ക്കും എന്ന് അവർ കരുതുന്നു. ഈ പോളിസിക്ക് അവർ പറയുന്ന പേര്, " ഈറ്റ് അപ്പ് ഓർ പേ അപ്പ് " എന്നാണ്. 

ഇതേ മാർഗം പിന്തുടരുന്ന ഒരു ഹോട്ടൽ തെലങ്കാനയിലുമുണ്ട് കേട്ടോ. 'കേദാരി ഫുഡ് കോർട്ട്' എന്നാണതിന്റെ പേര്. ഭക്ഷണത്തെ കഴിക്കാതെ പാഴാക്കുന്നവർക്ക് അവിടെ അമ്പത് രൂപ പിഴയുണ്ട്. പൂർണ്ണമായും കഴിച്ചു തീർക്കുന്നവർക്ക് പത്തുരൂപ സമ്മാനവും. 2002  മുതൽ നടത്തുന്ന ഈ സ്ഥാപനത്തിൽ രണ്ടു വര്ഷം മുമ്പ് മാത്രമാണ് ഇത് നിലവിൽ വന്നത്. 

 

 

click me!