മസാലച്ചായ കഴിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യം കൂടി കേള്‍ക്കൂ...

By Web TeamFirst Published May 29, 2021, 1:25 PM IST
Highlights

ആരോഗ്യകരമായ ചായയാണ് ലക്ഷ്യമെങ്കില്‍ പഞ്ചസാര മാറ്റിനിര്‍ത്തിക്കൊണ്ട് സ്‌പൈസുകള്‍ ചേര്‍ത്ത് തയ്യാറാക്കാം. മധുരം ആവശ്യമെങ്കില്‍ ശര്‍ക്കരയോ തേനോ ഉപയോഗിക്കാം

ചായ ഇന്ത്യന്‍ ജനതയുടെ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ്. നമ്മളില്‍ ഭൂരിഭാഗം പേരും ഒരു കപ്പ് ചായയോടെയാണ് നമ്മുടെ ഒരു ദിവസം തുടങ്ങുക തന്നെ. ഇതിന് ശേഷം പകല്‍നേരങ്ങളില്‍ ഒരല്‍പം മടുപ്പോ തളര്‍ച്ചയോ തോന്നിയാലോ, ജോലിസമ്മര്‍ദ്ദങ്ങള്‍ തുടര്‍ച്ചയായി അലട്ടിയാലോ, തലവേദന തോന്നിയാലോ എല്ലാം നമ്മളാദ്യം ആശ്രയിക്കുന്നത് ചായയെ തന്നെയാണ്. 

ചായ തന്നെ, പല തരത്തില്‍ നമ്മള്‍ തയ്യാറാക്കാറുണ്ട്, അല്ലേ? ഇക്കൂട്ടത്തിലൊന്നാണ് മസാലച്ചായയും. പേര് പോലെ തന്നെ മസാല ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. ഇന്ത്യന്‍ സ്‌പൈസുകളായ ഏലയ്ക്ക, കറുവാപ്പട്ട, ഗ്രാമ്പൂ, കുരുമുളക് എന്നിവയെല്ലാമാണ് ഇതിലെ പ്രധാന ചേരുവകള്‍. 

വടക്കേ ഇന്ത്യയിലാണ് മസാലച്ചായ അല്‍പം കൂടി പ്രചാരത്തിലുള്ളത്. എന്നാലിപ്പോള്‍ കേരളീയരും മസാലച്ചായയുടെ ആരാധകരായി മാറിയിട്ടുണ്ട്. തെരുവോരക്കടകളില്‍ കാണുന്ന മസാലച്ചായ ബോര്‍ഡുകള്‍ ഇതിന് തെളിവാണ്. യഥാര്‍ത്ഥത്തില്‍ മസാലച്ചായ രുചിവ്യത്യാസത്തിന് വേണ്ടി തയ്യാറാക്കുന്ന ഒന്നല്ല. ഇതിന് കൃത്യമായ ആരോഗ്യഗുണങ്ങളുണ്ട്. അതുതന്നെയാണ് ഈ പാനീയത്തിന്റെ ലക്ഷ്യവും. 

പലര്‍ക്കും ഇക്കാര്യം അറിവില്ല എന്നതാണ് സത്യം. നമ്മുടെ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്താനാണ് മസാലച്ചായ പ്രധാനമായും സഹായിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന തേയിലയടക്കം എല്ലാ ചേരുവകളും പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നവയാണ്. എന്നാല്‍ പഞ്ചസാര ചേര്‍ക്കുന്നത് മസാലച്ചായയുടെ ഗുണം കെടുത്തുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകളുടെ വാദം.

ആരോഗ്യകരമായ ചായയാണ് ലക്ഷ്യമെങ്കില്‍ പഞ്ചസാര മാറ്റിനിര്‍ത്തിക്കൊണ്ട് സ്‌പൈസുകള്‍ ചേര്‍ത്ത് തയ്യാറാക്കാം. മധുരം ആവശ്യമെങ്കില്‍ ശര്‍ക്കരയോ തേനോ ഉപയോഗിക്കാം. ലളിതമായി മസാലച്ചായ തയ്യാറാക്കുന്നതിന് ഏലയ്ക്ക, കറുവാപ്പട്ട, ഗ്രാമ്പൂ, കുരുമുളക്, പെരുഞ്ചീരകം, ഇഞ്ചി എന്നിവ മാത്രം മതി. ഇവയെല്ലാം ചേര്‍ത്ത് വെള്ളം തിളപ്പിച്ച ശേഷം ഇതിലേക്ക് തേയില ചേര്‍ക്കാം. പാല്‍ ചേര്‍ത്ത മസാലച്ചായയെക്കാള്‍ എന്തുകൊണ്ടും മെച്ചം ഇതാണെന്നും ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നു. 

 

 

Also Read:- ചായയും ബിസ്‌കറ്റും ഇഷ്ടമാണോ? എങ്കില്‍ ഈ റെസിപി കൂടി ഒന്ന് പരീക്ഷിച്ചുനോക്കൂ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!