മരുന്നായ മല്ലി

By Web TeamFirst Published Oct 2, 2019, 9:40 PM IST
Highlights

കാൽസ്യം, ഇരുമ്പ്, പൊട്ടാസിയം, സോഡിയം, മഗ്നീഷ്യം എന്നീ ധാതുക്കളാലും ഫെറ്റോന്യൂട്രിയൻ്റ്സ് എന്നറിയപ്പെടുന്ന സസ്യപോഷകങ്ങളാലും സമ്പുഷ്ടമായ മല്ലിയിൽ ജീവകം എയും കെയും സിയും അന്നജവും പ്രോട്ടീനുകളും ധാരാളമുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആൻ്റിഓക്സൈഡുകളാലും സമ്പന്നമാണ് മല്ലി. 

മനുഷ്യൻ ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയ വ്യഞ്ജനം മല്ലിയാണെന്നാണ് കരുതപ്പെടുന്നത്. 7000 കൊല്ലത്തോളം പഴക്കമുള്ള മല്ലി ഉപയോഗത്തെക്കുറിച്ചുള്ള തെളിവുകൾ ഗവേഷകർക്കു ലഭിച്ചിട്ടുണ്ട്. ഗ്രീക്ക്, റോമൻ സംസ്കാരങ്ങളിലൊക്കെ പരാമർശമുള്ള മല്ലിയുടെ കൃഷി ഇന്ന് വൻതോതിൽ നടക്കുന്നത് ഇന്ത്യയിലാണ്. മല്ലി കായയായും മല്ലി കായ പൊടിച്ച പൊടിയായും മല്ലി ഇലയായും നമ്മൾ പാചകത്തിന് ഉപയോഗിക്കുന്നുണ്ട്. ഇലയുടേയും കായയുടേയും രുചിയും ഉപയോഗവും വേറെയാണ്. മുഴുവൻ മല്ലിയേക്കാൾ മല്ലിപ്പൊടിയിലാണ് മായത്തിന് ഏറെ സാദ്ധ്യതയെന്ന് ഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി സർവ്വീസിലെ എ. എം. ഗിരിജ ചൂണ്ടിക്കാട്ടുന്നു. മുളക്, മഞ്ഞൾ പൊടികളിലേതുപോലെ തൂക്കം കൂട്ടാൻ ചേർക്കുന്ന അന്യവസ്തുക്കളും കൃത്രിമനിറങ്ങളുമാണ് ഇവിടേയും വില്ലൻ.

പോഷകങ്ങളുടെ കലവറ

കറിയിൽ മല്ലിപ്പൊടി ചേർക്കാത്തവരുണ്ടാകില്ല. പലരും കുടിക്കുന്ന വെള്ളവും മല്ലിയിട്ടു തിളപ്പിച്ചതാണ്. പണ്ടുതൊട്ടേ ഈ ഭക്ഷണശീലങ്ങൾ നമ്മുടെ വീടുകളിലുണ്ടായത് രുചി മാത്രം നോക്കിയല്ല. നിരവധി ആരോഗ്യഗുണങ്ങളും മല്ലിക്കുണ്ട്. കാൽസ്യം, ഇരുമ്പ്, പൊട്ടാസിയം, സോഡിയം, മഗ്നീഷ്യം എന്നീ ധാതുക്കളാലും ഫെറ്റോന്യൂട്രിയൻ്റ്സ് എന്നറിയപ്പെടുന്ന സസ്യപോഷകങ്ങളാലും സമ്പുഷ്ടമായ മല്ലിയിൽ ജീവകം എയും കെയും സിയും അന്നജവും പ്രോട്ടീനുകളും ധാരാളമുണ്ട്. ഭക്ഷ്യനാരുകളും നിറഞ്ഞ വ്യഞ്ജനമാണ് മല്ലി. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആൻ്റിഓക്സൈഡുകളാലും സമ്പന്നമാണ് മല്ലി. മല്ലിയിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവുകുറയ്ക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹരോഹികൾക്കുള്ള ഒരു മരുന്നായി ഇതിനെ പരിഗണിക്കുന്നു. കൊൾസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കുന്ന ഭക്ഷ്യപദാർത്ഥമാണ് മല്ലി. ആർത്തവുമായി ബന്ധപ്പെട്ട വൈഷമ്യങ്ങൾ കുറയ്ക്കാനും അമിതമായ രക്തസ്രാവം നിയന്ത്രിക്കാനും മല്ലി ഉപയോഗിക്കുന്നുണ്ട്.

മഞ്ഞളിനെപ്പോലെ മല്ലിക്കും വിഷബാധ ചെറുക്കാനും അണുക്കളെ നശിപ്പിക്കാനുമുള്ള കഴിവുണ്ട്. ഭക്ഷണത്തിലൂടെ ബാധിക്കാവുന്ന സാൽമൊണല്ല പോലുള്ള ബാക്ടീരിയകളെ ഒരുപരിധിവരെ പ്രതിരോധിക്കാൻ മല്ലിക്കാകും. ഹോർമോൺ സംതുലനം നിലനിർത്തുന്നതിലും മല്ലി സഹായകരമായ ഒന്നാണ്. തെറൊയ്ഡ് രോഗികൾക്കൊക്കെ അതിനാൽ മല്ലി ഒരനുഗ്രഹമാകുന്നു. ഇൻഫെക്ഷനുകൾ അകറ്റാനും ദഹനം ശരിയാക്കാനും ശരീരഭാരം കുറയ്ക്കാനും മല്ലി ഉപയോഗപ്പെടുന്നു. വിളർച്ച തടയാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചർമ്മത്തിന് ആരോഗ്യമേകാനും മല്ലിക്കു കഴിവുണ്ട്. മല്ലിയിട്ട വെള്ളം കൊണ്ട് കണ്ണു കഴുകിയാൽ നേത്രരോഗങ്ങൾക്ക് ശമനം കിട്ടും. പനിക്കും ജലദോഷത്തിനും പഴയകാലത്തെ മരുന്നായിരുന്നു മല്ലി.

ഏതെങ്കിലും പൊടിയും കായും!

സുഗന്ധവ്യഞ്ജനങ്ങളിലെ ഒരുപ്രധാന മായം അവയുടെ സത്ത് ഊറ്റിയെടുത്ത് മറ്റ് ഉൽപ്പന്നങ്ങൾക്കായി ഉപയോഗിച്ചശേഷം യാതൊരു ഗുണവുമില്ലാത്ത ചണ്ടി നേരിട്ടോ ഉണക്കിപൊടിച്ചോ വിൽപ്പനക്കെത്തുന്നതാണെന്ന് ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫൈഡ് ട്രെയിനറും നാഷണൽ റിസോഴ്സ് പേഴ്സണും കൂടിയായ എ. എം. ഗിരിജ പറയുന്നു. സമാനരൂപം തോന്നുന്ന മറ്റു ചെടികളുടെ കായകളും വിത്തുകളും കുരുക്കളും ഇങ്ങനെ മല്ലി പോലുള്ളവയിൽ കലർത്തി വില്പനക്കെത്തുന്നുണ്ട്. പൊടി രൂപത്തിൽ കൂടിയായാൽ ഇവയൊന്നും സാധാരണഗതിയിൽ തിരിച്ചറിയാൻ തന്നെ പറ്റില്ല. തടിമില്ലുകളിൽ നിന്നും കിട്ടുന്ന മരപ്പൊടി (അറക്കപ്പൊടി) പോലുള്ളവയും മല്ലിപ്പൊടിയിൽ തൂക്കം കൂടാനായി കലർത്തുന്നവയാണ്. 

മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയിലേതുപോലെ മല്ലിപ്പൊടിയിലും ഇങ്ങനെ ചേർക്കുന്ന മായം തിരിച്ചറിയാതിരിക്കാൻ കൃത്രിമനിറങ്ങൾ ചേർക്കുന്നു. കോൾ ടാർ ചായങ്ങളും മനുഷ്യശരീരത്തിന് അപാകയകരമായ ലെഡ് സംയുക്തങ്ങളും അടക്കമുള്ള രാസവസ്തുക്കളാണ് ഇങ്ങനെ നിറത്തിനായി ചേർക്കുന്നത്. 

മരുന്നിനു പകരം വിഷം!

മരുന്നായി ഉപയോഗിക്കുന്ന മല്ലിയിൽ മായം കലർന്നാൽ രോഗങ്ങൾ ശതഗുണീഭവിക്കുകയാവും ഫലം. മരപ്പൊടിയും മറ്റും ദഹനപ്രശ്നങ്ങൾക്കാണ് വഴി വയ്ക്കുകയെങ്കിൽ നിറം കിട്ടാൻ ചേർക്കുന്ന രാസവസ്തുക്കൾ ക്യാൻസറിനും വൃക്ക, കരൾ, ഹൃദയം എന്നിവയെ ബാധിക്കുന്ന ഗുരുതര രോഗങ്ങൾക്കും കാരണമാകും.

രാസപരിശോധന അനിവാര്യം

മല്ലിയിൽ നേരിട്ട് മറ്റു ചെടികളുടെ കുരുക്കളോ സത്ത് ഊറ്റിയെടുത്ത മല്ലിയോ ചേർക്കുന്നത് കുറെയൊക്കെ സുക്ഷ്മനിരീക്ഷണത്തിൽ മനസ്സിലാക്കാം. ചുക്കിച്ചുളിഞ്ഞും സ്വാഭാവികമായ രൂപമോ വലിപ്പമോ നിറമോ ഇല്ലാതെയും ആകും അവ കാണപ്പെടുക. മല്ലിപ്പൊടിയിൽ  മരപ്പൊടി കലർത്തിയിട്ടുണ്ടെങ്കിൽ അല്പം വെള്ളത്തിലിട്ടാൽ അറിയാൻ കഴിഞ്ഞേക്കും. മരപ്പൊടി വെള്ളത്തിൽ പൊങ്ങിക്കിടക്കും. മറ്റുള്ള പ്രധാന മായങ്ങളും മായങ്ങൾ തിരിച്ചറിയാതിരിക്കാൻ ചേർക്കുന്ന നിറങ്ങളും ഒക്കെ ഉണ്ടോയെന്നും എത്രയെന്നുമൊക്കെ അറിയണമെങ്കിൽ ലബോറട്ടറികളിലെ രാസപരിശോധനകളെ ആശ്രയിച്ചേ മതിയാകൂ.

click me!