യുഎസ്: അമേരിക്കൻ ഐക്യനാടുകളെ തകർത്തെറിഞ്ഞ് കൊവിഡ് 19 വ്യാപനം അതിന്റെ പാരമ്യത്തിലേക്ക്. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് ഏഴ് ലക്ഷത്തിലധികം പേരിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്തിലെ മറ്റേതൊരു രാജ്യങ്ങളേക്കാൾ മരണനിരക്കും രോ​ഗബാധിതരുടെ എണ്ണവും അമേരിക്കയിൽ വളരെ കൂടുതലാണ്.  7,10,021 പേരാണ് അമേരിക്കൻ ഐക്യനാടുകളിൽ കൊവിഡ് ബാധിതരായിട്ടുള്ളത്. 37158 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവുമൊടുവിൽ 4 പേർ മരിച്ചതായി റിപ്പോർട്ട്. അതേ സമയം 60510 പേർ രോ​ഗമുക്തി നേടുകയും ചെയ്തു. 

ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ രോ​ഗബാധിതരുള്ളത്. അതേസമയം മരണനിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലും രാജ്യത്തെ നിയന്ത്രണങ്ങൾ നീക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് പ്രതിസന്ധി മൂലം രണ്ട് കോടിയിലധികം ആളുകൾക്കാണ് ഇവിടെ തൊഴിൽ നഷ്ടപ്പെട്ടത്. അമേരിക്കയ്ക്ക് പിന്നിൽ ഇറ്റലിയിലും സ്പെയിനിലുമാണ് കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.