
ദിവസവും നട്സും ഡ്രൈ ഫ്രൂട്ട്സുകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് നട്സും ഡ്രൈ ഫ്രൂട്ട്സുകളും. ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് അളവ് അടങ്ങിയിരിക്കുന്ന മികച്ച ഭക്ഷണമായി ഇവയെ കണക്കാക്കപ്പെടുന്നു. കൂടാതെ വിറ്റാമിനുകളും മിനറലുകളും ഫൈബറുമൊക്കെ അടങ്ങിയതാണ് ഇവ.
അത്തരത്തില്‍ ദിവസവും കഴിക്കേണ്ട ചില നട്സുകളെയും ഡ്രൈ ഫ്രൂട്ട്സുകളെയും പരിചയപ്പെടാം...
ബദാം...
ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും ശ്വാസകോശത്തിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിനും നല്ലതാണ്. പതിവായി ബദാം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും. കൂടാതെ തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും ഇവ നല്ലതാണ്.
കശുവണ്ടി...
പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയതാണ് കശുവണ്ടി. ആരോഗ്യകരമായ കൊഴുപ്പുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് അണ്ടിപരിപ്പ്. ഇത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ കശുവണ്ടി ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ്.
വാള്‍നട്സ്...
ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍, മിനറലുകള്‍ തുടങ്ങിയവ അടങ്ങിയ വാള്‍നട്സ് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും.
ഉണക്കമുന്തിരി...
വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും വണ്ണം കുറയ്ക്കാനുമൊക്കെ ഇവ സഹായിക്കും.
ഈന്തപ്പഴം...
പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയവ ഈന്തപ്പഴത്തിലുണ്ട്. കൂടാതെ കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം രാവിലെ വെറുവയറ്റില്‍ കഴിക്കുന്നത് ദഹനം എളുപ്പമാകാനും ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാനും സഹായിക്കും.
അത്തിപ്പഴം...
ഫൈബറും വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് അത്തിപ്പഴം. കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം ഒഴിവാക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...