Easy Recipe : കുട്ടികള്‍ക്കായി രുചികരമായ 'ഉരുളക്കിഴങ്ങ് ബ്രഡ് റോള്‍' തയ്യാറാക്കാം

By Web TeamFirst Published Aug 7, 2022, 11:32 AM IST
Highlights

രുചികരവും വ്യത്യസ്തമായതുമായ സ്നാക്സ് വീട്ടില്‍ തന്നെയുണ്ടാക്കി കുട്ടികളെ കഴിപ്പിച്ചാല്‍ അവര്‍ക്ക് പുറത്തുനിന്നുള്ള ഭക്ഷണത്തോടുള്ള ഈ കൊതി അവസാനിപ്പിക്കാൻ സാധിക്കും. അതിന് കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ നല്ലരീതിയില്‍ വേണം സ്നാക്സ് തയ്യാറാക്കാൻ.

ഇന്ന് മിക്ക വീടുകളിലും സ്നാക്സ് തയ്യാറാക്കുന്ന പതിവില്ല. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍. അധികപേരും സ്നാക്സ് കടകളില്‍ നിന്ന് വാങ്ങിക്കുകയാണ് പതിവ്. കുട്ടികള്‍ക്കാണെങ്കില്‍ ഇങ്ങനെ പുറത്തുനിന്ന് വാങ്ങിക്കുന്ന ഭക്ഷണത്തോട് തന്നെയാണ് ഏറെയും പ്രിയം. എന്നാല്‍ പുറത്തുനിന്നുള്ള ഭക്ഷണം നമ്മള്‍ എന്തുതന്നെ പറ‍ഞ്ഞാലും കുട്ടികള്‍ക്ക് അത്ര ആരോഗ്യപ്രദമായിരിക്കില്ല. 

രുചികരവും വ്യത്യസ്തമായതുമായ സ്നാക്സ് വീട്ടില്‍ തന്നെയുണ്ടാക്കി ( Easy Snacks Recipe ) കുട്ടികളെ കഴിപ്പിച്ചാല്‍ അവര്‍ക്ക് പുറത്തുനിന്നുള്ള ഭക്ഷണത്തോടുള്ള ഈ കൊതി അവസാനിപ്പിക്കാൻ സാധിക്കും. അതിന് കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ നല്ലരീതിയില്‍ വേണം സ്നാക്സ് തയ്യാറാക്കാൻ. അത്തരത്തില‍ുള്ളൊരു ടേസ്റ്റി സ്നാക്ക് ആണിനി പരിചയപ്പെടുത്തുന്നത്. ഉരുളക്കിഴങ്ങ്- ബ്രഡ് റോള്‍ ( Potato Bread Roll ). 

പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ബ്രഡ്- ഉരുളക്കിഴങ്ങ് എന്നിവയാണിതിന്‍റെ പ്രധാന ചേരുവകള്‍. ഇവയ്ക്ക് പുറമെ ചീസ്, ഗ്രീൻ പീസ് എന്നിവയാണ് പ്രധാന ചേരുവകളായി വരുന്നത്. സ്നാക്സ് തയ്യാറാക്കാനായി സവാള, പച്ചമുളക്, ഇഞ്ചി, മല്ലിയില, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഗരം മസാല, ഉപ്പ്, എണ്ണ എന്നിവയും വേണം. 

ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. വളരെ എളുപ്പത്തില്‍ തന്നെ ചെയ്തെടുക്കാവുന്നൊരു സ്നാക്ക് ( Easy Snacks Recipe ) ആണിത്. ആദ്യം ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുക്കണം. ഇതിലേക്ക് വേവിച്ച ഗ്രീൻ പീസ്, ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഗ്രേറ്റ് ചെയ്ത ഇഞ്ചി ( ആവശ്യത്തിന്), മല്ലിയില മസാലപ്പൊടികള്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കണം. 

ഇതൊരു മാവ് പരുവത്തിലാണ് ആക്കിയെടുക്കേണ്ടത്. ഇനി ബ്രഡ്, അരികുകള്‍ മാറ്റിയ ശേഷം അതിലേക്ക് അല്‍പം ചീസ് വിതറിക്കൊടുക്കാം. ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ മാവ് അല്‍പം നീളത്തില്‍ ഉരുട്ടിയെടുത്ത് ബ്രഡിലേക്ക് വച്ച് പൊതിഞ്ഞെടുക്കുക. ഇനിയിത് എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്തെടുക്കണം. രുചികരമായ ഉരുളക്കിഴങ്ങ് ബ്രഡ് റോള്‍ ( Potato Bread Roll ) തയ്യാര്‍.

നല്ലൊരു ഡിപ് കൂടിയുണ്ടെങ്കില്‍ തീര്‍ച്ചയായും കുട്ടികള്‍ക്ക് ഇത് ഇഷ്ടപ്പെടും. ചീസും ഉരുളക്കിഴങ്ങും മസാലയുമെല്ലാം ആകുമ്പോള്‍ അത് കുട്ടികളുടെ രുചിമുകുളങ്ങള്‍ക്ക് ഏറെ അനുയോജ്യമായിരിക്കും. 

Also Read:- ഓട്ട്സ് ദോശ; ബ്രേക്ക്ഫാസ്റ്റ് മിനുറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാം

click me!