Latest Videos

Pumpkin Seeds : ദിവസവും ഇതൊരല്‍പം കഴിച്ചുനോക്കൂ; ഈസിയായി വീട്ടില്‍ തന്നെ തയ്യാറാക്കാം...

By Web TeamFirst Published Oct 28, 2022, 10:57 PM IST
Highlights

പലരും പച്ചക്കറികള്‍ ഉപയോഗിക്കുമ്പോള്‍ ഇവയിലെ വിത്തുകള്‍ വെറുതെ കളയാറാണ് പതിവ്. എന്നാല്‍ മത്തൻ, കുമ്പളം തുടങ്ങിയ പച്ചക്കറികളുടെയെല്ലാം വിത്തുകള്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്.

നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണം വഹിക്കുന്ന പങ്ക് ചെറുതല്ല. ശരീരത്തിന്‍റെ ഓരോ പ്രവര്‍ത്തനത്തിനും ആവശ്യമായി വരുന്ന പോഷകങ്ങളെല്ലാം നമുക്ക് പതിവായി കിട്ടുന്നത് ഭക്ഷണത്തിലൂടെയാണ്. അതുകൊണ്ട് തന്നെ 'ബാലൻസ്ഡ്' ആയി ഡയറ്റ് കൊണ്ടുപോകേണ്ടത് നിര്‍ബന്ധമാണ്.

ചില ഭക്ഷണങ്ങള്‍ ആരോഗ്യം മുൻനിര്‍ത്തി ഒഴിവാക്കേണ്ടി വരാം. ചിലതാകട്ടെ, ഡയറ്റിലുള്‍പ്പെടുത്തുകയും ചെയ്യണം. അത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട ഒന്നാണ് സീഡ്സ് അഥവാ വിത്തുകള്‍. 

പലരും പച്ചക്കറികള്‍ ഉപയോഗിക്കുമ്പോള്‍ ഇവയിലെ വിത്തുകള്‍ വെറുതെ കളയാറാണ് പതിവ്. എന്നാല്‍ മത്തൻ, കുമ്പളം തുടങ്ങിയ പച്ചക്കറികളുടെയെല്ലാം വിത്തുകള്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതുപോലെ സൂര്യകാന്തി വിത്ത്, ഫ്ളാക്സ് സീഡ്സ്, എള്ള് എന്നിവയെല്ലാം ധാരാളം ആരോഗ്യഗുണങ്ങളുള്ളവയാണ്. 

മത്തൻ കുരു അഥവാ പംകിൻ സീഡ്സ് ഇന്ന് ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധയുള്ളവരെല്ലാം വ്യാപകമായി ഡയറ്റിലുള്‍പ്പെടുത്തുന്നുണ്ട്. ദിവസവും അല്‍പം മത്തൻ കുരു കഴിക്കുന്നത് ശരീരത്തിന് എങ്ങനെയെല്ലാം ഗുണം ചെയ്യുമെന്ന് അറിയാമോ? 

പ്രോട്ടീനിന്‍റെ നല്ലൊരു ഉറവിടമാണ് മത്തൻ കുരു. മുതിര്‍ന്ന ഒരാള്‍ക്ക് ദിവസവും വേണ്ടിവരുന്ന പ്രോട്ടീനിന്‍റെ അളവിന്‍റെ പകുതിയോളം 100 ഗ്രാം മത്തൻകുരുവിലുണ്ട്. പ്രോട്ടീൻ മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, മഗ്നീഷ്യം- സിങ്ക് പോലുള്ള നമുക്ക് അവശ്യം വേണ്ടുന്ന ധാതുക്കള്‍, ആന്‍റി-ഓക്സിഡന്‍റുകള്‍ എന്നിവയുടെയെല്ലാം സ്രോതസാണ് മത്തൻ കുരു. 

ഫൈബറുണ്ട് എന്നതിനാല്‍ തന്നെ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാൻ ഇത് സഹായിക്കുന്നു. ആന്‍റി-ഓക്സിഡന്‍റുകള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കുന്നു. പ്രോട്ടീൻ നന്നായി അടങ്ങിയിരിക്കുന്നതിനാല്‍ വിശപ്പിനെ ഇത് നല്ലരീതിയില്‍ ശമിപ്പിക്കുന്നു. ഇതോടെ ഇടയ്ക്കിടെ എന്തെങ്കിലും കൊറിക്കുന്ന സ്വഭാവം ഇതില്ലാതാക്കുന്നു. അതിനാല്‍ തന്നെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ ഡയറ്റിന് ഏറെ അനുയോജ്യമാണ് മത്തൻകുരു. 

ഇങ്ങനെയെല്ലാമാണെങ്കിലും മത്തൻകുരു അങ്ങനെ തന്നെ കഴിക്കാൻ അധികപേര്‍ക്കും ഇഷ്ടമല്ല. എന്നാലിത് റോസ്റ്റ് ചെയ്തതാണെങ്കില്‍ എത്ര വേണമെങ്കിലും കഴിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യും. റോസ്റ്റഡ് പംകിൻ സീഡ്സ് വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. 

മത്തൻ മുറിക്കുമ്പോള്‍ കിട്ടുന്ന വിത്തുകളെല്ലാം കഴുകിയെടുത്ത ശേഷം ഇത് ഉണക്കിയെടുക്കുക. വെയിലില്‍ ഉണക്കിയെടുത്താല്‍ മതി. ഉണങ്ങിക്കഴിയുമ്പോള്‍ അല്‍പം ഒലിവ് ഓയില്‍, കോക്കനട്ട് ഷുഗര്‍, കുരുമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് ഓവനിലോ എയര്‍ ഫ്രയറിലോ റോസ്റ്റ് ചെയ്തെടുക്കാം. 

എയര്‍ ഫ്രയറിലാണ് റോസ്റ്റ് ചെയ്യുന്നതെങ്കില്‍ നാല് മിനുറ്റ് നേരത്തേക്ക് 360 ഡിഗ്രിയില്‍ എയര്‍ ഫ്രയര്‍ പ്രീഹീറ്റ് ചെയ്യണം. ശേഷം സീഡ്സ് 15-16 മിനുറ്റ് നേരം എയര്‍ ഫ്രൈ ചെയ്തെടുക്കാം. ഇടയ്ക്ക് ഇതൊന്ന് ഇളക്കിക്കൊടുക്കുകയും വേണം. സീഡ്സ് വച്ചിരിക്കുന്ന പാത്രം ഇളക്കിയാല്‍ മതി. റെഗുലര്‍ ഓവനാണ് ഉപയോഗിക്കുന്നതെങ്കില്‍ 350യില്‍ 18-20 മിനുറ്റ് നേരം കൊണ്ട് റോസ്റ്റ് ചെയ്തെടുക്കാം.

ഇനി എയര്‍ ഫ്രയറോ, ഓവനോ ഇല്ലാത്തപക്ഷം പാനില്‍ വറുത്തെടുത്തും കഴിക്കാം. ഇതിലും പ്രശ്നങ്ങളൊന്നുമില്ല. നനവില്ലാതെ സൂക്ഷിക്കാൻ സാധിച്ചാല്‍ ദിവസങ്ങളോളം ഇത് ഉപയോഗിക്കുകയും ചെയ്യാം. 

Also Read:- ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ ഇവയൊന്ന് കഴിച്ചുനോക്കൂ...

tags
click me!