
കൊടുംചൂടത്ത് ഭക്ഷണകാര്യങ്ങളിലൊക്കെ എല്ലാവര്‍ക്കും വലിയ തോതിലുള്ള ആശങ്കകളാണ്. എന്തെല്ലാം കഴിക്കാം, എന്തെല്ലാം ഒഴിവാക്കണം... എന്നിങ്ങനെയെല്ലാം. സത്യത്തില്‍ ഏത് കാലാവസ്ഥയാണെങ്കിലും നമ്മള്‍ ഭക്ഷണകാര്യങ്ങളില്‍ കൃത്യമായ ശ്രദ്ധ പുലര്‍ത്തണമെന്ന് തന്നെയാണ് ഡോക്ടര്‍മാരും പറയുന്നത്.
ഇപ്പോഴാണെങ്കില്‍ അസാധാരണമായ തരത്തിലാണ് ചൂട് അനുഭവപ്പെടുന്നത്. ചെറിയൊരു അശ്രദ്ധ പോലും വയറിനെ ചീത്തയാക്കാം. ശരീരത്തെ മൈക്രോ വേവ് അവന്‍ പോലെ ചൂടാക്കാം. കൂട്ടത്തില്‍ അപകടകരമായ രീതിയില്‍ നിര്‍ജലീകരണവും സംഭവിക്കാം.
പൊതുവേ മലയാളികള്‍ കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണം കഴിക്കുന്നതില്‍ പിന്നിലാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അക്കാര്യങ്ങളില്‍ ജാഗ്രത എടുത്തേ മതിയാകൂ.
സ്‌പൈസിയായ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക, ദാഹിക്കുമ്പോള്‍ കാര്‍ബണേറ്റഡ് ഡ്രിംഗ്‌സും കഴിക്കരുത്. ദിവസവും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാം. ഇക്കൂട്ടത്തില്‍ ഏത് തരം ഭക്ഷണത്തിനൊപ്പവും സലാഡ് കൂടി കഴിക്കുന്നത് ചൂടിനെ പകുതിയാക്കി കുറയ്ക്കാന്‍ സഹായിക്കും.
തൈര് ചേര്‍ത്ത് തന്നെ വേണം സലാഡുണ്ടാക്കാന്‍. വിനാഗിരിയോ നാരങ്ങാനീരോ പോലുള്ള മറ്റ് ബെയ്‌സുകളൊന്നും ഉപയോഗിക്കരുത്. തൈരില്‍ ഉള്ളി ചേര്‍ക്കുന്ന പതിവ് രീതി മാറ്റിപ്പിടിക്കണം. ഉള്ളി വേണ്ട, പകരം ധാരാളം കക്കിരി ചേര്‍ക്കുക, കറിവേപ്പിലയ്ക്ക് പകരം അല്‍പം പുതിനയില ചേര്‍ക്കാം.
പച്ചയ്ക്ക് കഴിക്കാന്‍ താല്‍പര്യമുള്ള മറ്റ് വല്ല പച്ചക്കറിയും വേണമെങ്കില്‍ അരിഞ്ഞ് ചേര്‍ക്കാം. പക്ഷേ കക്കിരിയുടെ അളവ് കുറയ്ക്കരുതെന്ന് മാത്രം. ധാരാളം ഉപ്പും ചേര്‍ക്കരുത്. ഇത് ചോറിന്റെ കൂട്ടത്തില്‍ മാത്രമേ കഴിക്കാന്‍ കൊള്ളൂവെന്ന് ചിന്തിക്കരുത്. ഏത് ഭക്ഷണത്തിന്റെ കൂടെയും അല്‍പം സലാഡാകാം. പ്രത്യേകിച്ച് ഈ വേനലില്‍.
ശരീരം തണുപ്പിക്കാനും, ദഹനപ്രവര്‍ത്തങ്ങള്‍ സുഗമമാക്കാനും ഒരേസമയം ഈ സലാഡ് ഏറെ ഉപകരിക്കും. നിര്‍ജലീകരണം തടയാനും ഇത് ഒരു പരിധി വരെ ഉപകാരപ്പെടും. അപ്പോള്‍ ഇന്ന് മുതല്‍ തന്നെ സലാഡ് ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രമിക്കൂ. ചൂട് ശമിക്കും വരെ ഇത് ശീലവുമാക്കാം.